Image

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്‌': പ്രധാനമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിക്കുമെന്ന്‌ മമത

Published on 18 June, 2019
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്‌': പ്രധാനമന്ത്രി വിളിച്ച യോഗം ബഹിഷ്‌കരിക്കുമെന്ന്‌ മമത

കൊല്‍ക്കത്ത: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്‌' എന്ന ആശയം ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ക്കുന്ന വിവിധ പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗത്തില്‍ പങ്കെടുക്കില്ലെന്ന്‌ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബുധനാഴ്‌ച രാജ്യതലസ്ഥാനത്ത്‌ ചേരാനിരിക്കുന്ന യോഗം ബഹിഷ്‌കരിക്കുമെന്ന്‌ മമത വ്യക്തമാക്കി.

ഇത്ര ഗൗരവമേറിയ വിഷയത്തില്‍ തിടുക്കപ്പെട്ട്‌ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന്‌ വ്യക്തമാക്കി അവര്‍ പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ്‌ ജോഷിക്ക്‌ കത്തയച്ചിട്ടുണ്ട്‌. വിഷയത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്‌ നിലപാട്‌ വ്യക്തമാക്കാന്‍ ആവശ്യത്തിന്‌ സമയം അനുവദിക്കണമെന്നും അവര്‍ കത്തില്‍ ആവശ്യപ്പെട്ടു.

ഭരണഘടനാ വിദഗ്‌ധരുമായും തിരഞ്ഞെടുപ്പ്‌ വിദഗ്‌ധരുമായും വിഷയത്തില്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്നാണ്‌ മമതയുടെ നിലപാട്‌.
'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്‌' എന്ന ആശയത്തില്‍ മിക്ക പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും എതിര്‍പ്പാണുള്ളത്‌. അതിനിടെയാണ്‌ യോഗം തന്നെ ബഹിഷ്‌കരിക്കുമെന്ന്‌ വ്യക്തമാക്കിക്കൊണ്ട്‌ മമത ബാനര്‍ജി രംഗത്തെത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക