Image

ജെപി നഡ്ഡ ബിജെപി വര്‍ക്കിങ്‌ പ്രസിഡന്റ്‌

Published on 18 June, 2019
 ജെപി നഡ്ഡ  ബിജെപി  വര്‍ക്കിങ്‌ പ്രസിഡന്റ്‌

ജെപി നഡ്ഡ  ബിജെപി  വര്‍ക്കിങ്‌ പ്രസിഡന്റ്‌.വര്‍ക്കിങ്‌ പ്രസിഡന്റ്‌ പദവി പുതുതായി സൃഷ്ടിച്ചാണ്‌ ബിജെപി നഡ്ഡയെ അവരോധിച്ചത്‌. ഈ വര്‍ഷം അവസാനത്തോടെ സംഘടനാ തിരഞ്ഞെടുപ്പ്‌ പൂര്‍ത്തിയാകുമ്‌ബോള്‍ നഡ്ഡയെ ഔദ്യോഗികമായി പ്രസിഡന്റായി തിരഞ്ഞെടുക്കും.

ജെപി നഡ്ഡ എന്ന  ആര്‍എസ്‌എസ്സുകാരനെ വ്യത്യസ്‌തനാക്കുന്നത്‌ പബ്ലിസിറ്റിയോടുള്ള വൈമുഖ്യമാണ്‌. പിന്‍നിരയില്‍ തന്ത്രങ്ങള്‍ മെനയുന്നതിലും കരുക്കള്‍ നീക്കുന്നതിലുമാണ്‌ നഡ്ഡ ശോഭിക്കുന്നത്‌. നിശബ്ദനായ തന്ത്രശാലിയെന്നാണ്‌ ബിജെപി കേന്ദ്രങ്ങളും നഡ്ഡയെ വിലയിരുത്തുന്നത്‌.

ഹിമാചല്‍ സ്വദേശികളായ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച നഡ്ഡയുടെ പിതാവ്‌ റാഞ്ചി സര്‍വകലാശാല വൈസ്‌ ചാന്‍സലറായിരുന്നു. പട്‌നയില്‍ വച്ചാണ്‌ ജനനം. 

കോണ്‍വന്റിലായിരുന്നു പഠനം. പട്‌ന യൂണിവേഴ്‌സിറ്റി സെക്രട്ടറിയായി 1977 ല്‍ തിരഞ്ഞെടുക്കപ്പെട്ടു. ഉന്നത പഠനത്തിനായി മാതൃസംസ്ഥാനമായ ഹിമാചലിലേക്ക്‌ ചുവട്‌ മാറ്റി. ഹിമാചല്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമപഠനത്തിന്‌ ചേര്‍ന്നു. എബിവിപിയിലെത്തുന്നത്‌ ഇക്കാലത്താണ്‌.

1984 ലില്‍ എസ്‌എഫ്‌ഐയുടെ കുത്തക അവസാനിപ്പിച്ച്‌ എബിവിപി ആദ്യമായി ഹിമാചല്‍ യൂണിവേഴ്‌സിറ്റി ഭരണം പിടിച്ചത്‌ നഡ്ഡയുടെ നേതൃത്വത്തിലാണ്‌. 

യൂണിയന്‍ പ്രസിഡന്റായി നഡ്ഡ. 1986-89 കാലത്ത്‌ എബിവിപി ദേശീയ ജനറല്‍ സെക്രട്ടറിയായി. സംഘടനാപാടവമാണ്‌ നഡ്ഡയുടെ ഹൈലൈറ്റ്‌. യുവമോര്‍ച്ചയിലെത്തി അതിന്റെ അധ്യക്ഷനായത്‌ 31 ാം വയസ്സില്‍. യുവമോര്‍ച്ച നിരയില്‍ അന്ന്‌ ഗഡ്‌കരിയും അമിത്‌ ഷായുമുണ്ടായിരുന്നു.

1993 ല്‍ ഹിമാചലിലെ ബിലാസ്‌പൂരില്‍ നിന്ന്‌ ജയിച്ച്‌ നിയമസഭയിലെത്തി. അതും കനത്ത ബിജെപി വിരുദ്ധ തരംഗത്തില്‍. പല പ്രമുഖരും തോറ്റു. അങ്ങനെ കന്നിക്കാരന്‍ നഡ്ഡ പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ടു. 

1998 ല്‍ വീണ്ടും ബിലാസ്‌പൂരില്‍ നിന്ന്‌ ജയിച്ച്‌ സംസ്ഥാന ആരോഗ്യമന്ത്രിയായി. 2003 ല്‍ തോറ്റെങ്കിലും 2007 ല്‍ വീണ്ടും ജയിച്ചു. അത്തവണ പ്രേംകുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ വനംവകുപ്പ്‌ മന്ത്രിയായി. ഹിമാചല്‍ രാഷ്ട്രീയത്തില്‍ നഡ്ഡയും മുഖ്യമന്ത്രി ധൂമലും ഭിന്നധ്രുവത്തിലായിരുന്നു. ആ അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന്‌ 2010 ല്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്‌.

പിന്‍നിരയിലേക്ക്‌ വീണ്ടും മടങ്ങിയ നഡ്ഡയെ 2010 ല്‍ ജനറല്‍ സെക്രട്ടറിയാക്കി അന്നത്തെ അധ്യക്ഷന്‍ ഗഡ്‌കരി ദേശീയ നേതൃത്വത്തിലേക്ക്‌ കൊണ്ടുവന്നു. വൈകാതെ പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡില്‍ അംഗമായി. 2012 ല്‍ രാജ്യസഭയിലെത്തി. 
 മോദി കേന്ദ്രമന്ത്രി പദവിയില്‍ അവരോധിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തിലും ആദ്യമായി മന്ത്രിയായപ്പോള്‍ ലഭിച്ചത്‌ ഒരേ വകുപ്പ്‌ തന്നെ. ആരോഗ്യം. 2017 ല്‍ ബിജെപി ഹിമാചല്‍ ഭരണം പിടിച്ചപ്പോള്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ പ്രേം കുമാര്‍ ധൂമല്‍ തോറ്റു.

രജപുത്‌ വിഭാഗക്കാരന്‍ മുഖ്യമന്ത്രിയാകട്ടെ എന്ന പാര്‍ട്ടി തീരുമാനമാണ്‌ അന്ന്‌ മുഖ്യമന്ത്രി സ്ഥാനം നഡ്ഡയ്‌ക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമാക്കിയത്‌. രണ്ടാം മോദി സര്‍ക്കാരില്‍ നിന്ന്‌ നഡ്ഡയെ മാറ്റിനിര്‍ത്തിയപ്പോള്‍ തന്നെ വലിയ ഉത്തരവാദിത്വം അദ്ദേഹത്തെ തേടിവരുന്നു എന്ന്‌ ഉറപ്പായിരുന്നു. 

 58 കാരനായ നഡ്ഡയുടെ ഭാര്യ മല്ലിക നഡ്ഡ ഹിമാചല്‍ സര്‍വകലാശാലയില്‍ ചരിത്ര അധ്യാപികയാണ്‌. എബിവിപിയില്‍ ദേശീയ നിരയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌ അവര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക