Image

നേര്‍ച്ച മുട്ടന്‍ (കഥ: ജോസഫ് ഏബ്രഹാം)

Published on 17 June, 2019
നേര്‍ച്ച മുട്ടന്‍ (കഥ: ജോസഫ് ഏബ്രഹാം)

അമ്മിണിയേടത്തിയുടെ ആടുകളെല്ലാം സൂക്കേട് വന്നു ചാവാന്‍ തുടങ്ങിയപ്പോള്‍ നിറ ഗര്‍ഭിണിയായ കുഞ്ഞമ്മണിയാടിന്‍റെ തലയില്‍ തൊട്ടു അമ്മണിയേടത്തി അന്തോണീസു പുണ്യാളന് ഒരു നേര്‍ച്ച നേര്‍ന്നു.

"ന്‍റെ പുണ്യാളച്ചാ ഇവള് തട്ടുകേടൊന്നും കൂടാതെ പെറ്റാല്‍ അതിലെ കുട്ടിയെ വളര്‍ത്തി വലുതാക്കി പള്ളീല്‍ പെരുന്നാളിന് നേര്‍ച്ചയായി തന്നേക്കാമേ".

മനമുരുകിയുള്ള അമ്മിണിയേടത്തിയുടെ ആ പ്രാര്‍ത്ഥന എന്തായാലും പുണ്യാളച്ചന്‍ കേട്ടു. കുഴപ്പം ഒന്നും കൂടാതെ കുഞ്ഞമ്മണി പെറ്റു. ആ പ്രസവത്തില്‍ ഒരു കുട്ടി മാത്രമാണ് ഉണ്ടായതു. ഒറ്റപ്പൂരാടനായി പിറന്ന അവനെ അമ്മിണിയേടത്തി തന്‍റെ അമ്മായിയപ്പന്റെ ഓര്‍മ്മയ്ക്കായി പ്രാഞ്ചി എന്ന പേര്‍ ചൊല്ലി വിളിച്ചു.

പ്രാഞ്ചി ഓടിച്ചാടി കൂത്താടി വളര്‍ന്നു. നേര്‍ച്ച മുട്ടന്‍ ആയതുകൊണ്ട് അവന്‍ സര്‍വ്വ സ്വന്തന്ത്രന്‍ ആയിരുന്നു. അവന്‍റെ കഴുത്തില്‍ കയറൊന്നും ഇല്ലാതിരുന്നു. അവന്‍ തോന്നുംപോലെ ഓടി നടക്കുകയും കാണുന്ന പച്ചിലകള്‍ എല്ലാം കടിച്ചു നോക്കുകയും ചെയ്തു. ഇടയ്ക്ക് എപ്പോഴോ പത്തിനെട്ടു കപ്പയുടെ ഇലകള്‍ തിന്നു വയറു വീര്‍ത്തു ചാവാന്‍ തുടങ്ങിയെങ്കിലും അമ്മിണിയേടത്തിയുടെ ഉറക്കെയുള്ള വിളികേട്ട പുണ്യാളന്‍ തന്‍റെ നേര്‍ച്ച മുട്ടനെ തക്കസമയത്ത് കംപോണ്ടര്‍ ചാമിയുടെ രൂപത്തില്‍ വന്നു ആപത്ത് കൂടാതെ രക്ഷിച്ചു.



നേര്‍ച്ച മുട്ടന്‍ ആയതുകൊണ്ട് കാണുന്നവരും അയല്‍ക്കാരുമൊക്കെ അവനു തിന്നാന്‍ പച്ച പുല്‍നാബുകളും പഴത്തൊലിയും കഞ്ഞിയുംമൊക്കെ ഇഷ്ട്ടം പോലെ നല്‍കുമായിരുന്നു. നല്ല തീറ്റക്കാരനായ പ്രാഞ്ചി ഒരു ആണൊരുത്തന്‍ ആയി പെട്ടന്ന് വളര്‍ന്നു. ഒരു പൂര്‍ണ്ണ ആട്ടുമുട്ടന്‍ ആയി വളര്‍ന്ന പ്രാഞ്ചി അവന്‍റെ സഞ്ചാരപഥം അമ്മിണിയേടത്തിയുടെ തൊടിയും അയല്‍ വീടുകളുടെ മുറ്റവുമൊക്കെ കടന്നു അങ്ങാടിയുടെ അന്തമായ വിശാലതയിലേക്കും വ്യാപിപ്പിച്ചു. പ്രാഞ്ചി അങ്ങാടിയില്‍ പോകാന്‍ തുടങ്ങിയത് മനസിലാക്കിയ അമ്മിണിയേടത്തി അവന്‍ ഒരു നേര്‍ച്ച മുട്ടന്‍ ആണെന്ന് തിരിച്ചറിയാന്‍ വേണ്ടി അവന്‍റെ കഴുത്തില്‍ ഒരു കുരിശു കെട്ടിയിട്ടു. കൂടാതെ കഴുത്തില്‍ പച്ച നിറമുള്ള ഒരു നേര്‍ച്ച സഞ്ചിയും കെട്ടിത്തൂക്കി.

കഴുത്തില്‍ നേര്‍ച്ച സഞ്ചി കെട്ടിത്തൂക്കിയ ആ മുട്ടനാട് ഏവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു. ആളുകള്‍ക്കെല്ലാം അതിനോട് ഭയം കലര്‍ന്ന ബഹുമാനമായിരുന്നു. അങ്ങാടിയിലെ തിരക്കിനിടയിലൂടെ ചീറിപ്പായുന്ന വാഹനങ്ങളെ കൂസാതെ അവന്‍ വിലസി നടന്നു. യാതൊരു ലക്കും ലഗാനും ഇല്ലാതെ പായുന്ന ഓട്ടോറിക്ഷാക്കാര്‍പ്പോലും നേര്‍ച്ച മുട്ടനെ റോഡില്‍ കണ്ടാല്‍ ജാഗരൂഗരാകും അവര്‍ അറിയാതെ ബ്രേക്കില്‍ കാല്‍ അമര്‍ത്തും.

ചിത്രകഥകളില്‍ കണ്ടിട്ടുള്ള ചൈനീസ് സഞ്ചാരികളുടെ മട്ടില്‍ നീണ്ട താടിയും, ഒരു മെത്രാന്റെ തൊപ്പി പോലെ മേലോട്ട് ഉയര്‍ന്നു വളഞ്ഞു നില്‍ക്കുന്ന വലിയ കൊമ്പുമുള്ള പ്രാഞ്ചിയെ സ്കൂള്‍ കുട്ടികള്‍ വിളിക്കുന്നത് ഇടിയന്‍ പ്രാഞ്ചിയെന്നാണ്. അവനെ കണ്ടാല്‍ അവര്‍ വഴി മാറി നടക്കും അല്ലെങ്കില്‍ അവന്‍റെ ഇടി ഉറപ്പാണ്.

സ്കൂളിലും കോളേജിലും പഠിക്കുന്ന പെണ്‍കുട്ടികള്‍ പ്രാഞ്ചിയെ കാണുമ്പോള്‍ അവരുടെ പിന്‍ഭാഗം പൊത്തിപ്പിടിച്ചുകൊണ്ടോടും അല്ലെങ്കില്‍ അവന്‍ പമ്മി പുറകിലൂടെ വന്നു അവന്‍റെ കൊമ്പും മോന്തയും ഉരസി അവരുടെ പാവാടയുടെ പിന്‍ഭാഗം ഉയര്‍ത്തും, അതുകണ്ട് ആളുകള്‍ ആര്‍ത്തു ചിരിക്കും. നേര്‍ച്ച മുട്ടന്‍ ഒരു വിശുദ്ധ മൃഗം ആയതുകൊണ്ട് അതിനെ തല്ലി കൊല്ലാനോ തല്ലി ഓടിക്കാനോ ആര്‍ക്കും ധൈര്യമില്ല. അങ്ങാടിയില്‍ അലഞ്ഞു തിരിയുന്ന മൃഗങ്ങളെ പിടിച്ചു കെട്ടാന്‍ പഞ്ചായത്ത് വക പൌണ്ട് ഉണ്ടെങ്കിലും വിശുദ്ധ മൃഗങ്ങളെ പിടിച്ചു കെട്ടാനുള്ള ധൈര്യം ഒരു പഞ്ചായത്തുകാര്‍ക്കും ഇല്ലായിരുന്നു.

പ്രാഞ്ചി മുഴുവന്‍ സമയവും അങ്ങാടിയില്‍ തന്നെയായി വാസം. നേര്‍ച്ച മുട്ടന്‍ ആയതുകൊണ്ട് അവനു ആഹാരത്തിനു യാതൊരു മുട്ടുമില്ല. മുതിര്‍ന്ന ആളുകള്‍ നേര്‍ച്ച മുട്ടന് കുമ്മട്ടി പീടികയില്‍ നിന്ന് പഴം വാങ്ങിച്ചു കൊടുക്കും അവന്‍ അനുസരണയോടെ അത് വാങ്ങി തിന്നും. ഏതെങ്കിലും കടത്തിണ്ണയില്‍ കിടന്നു രാത്രിയില്‍ ഉറങ്ങി അവിടെത്തന്നെ കാഷ്ടിച്ച് അവന്‍റെ അടയാളവും പതിപ്പിച്ചു രാവിലെ അങ്ങാടിയില്‍ ഇറങ്ങി നടക്കാന്‍ തുടങ്ങും. എന്നും രാവിലെ പതിവായി അവുളുക്കായുടെ പീടിയ കോലായില്‍ എത്തും. അവുളുക്ക അവനായി പഴത്തൊലികള്‍ കരുതി വച്ചിട്ടുണ്ടാകും. പിന്നീട് അടുത്തുള്ള ചായ പീടികയുടെ പിന്നാമ്പുറത്ത് ചെന്നു നില്‍ക്കും അവിടെ അവനായി തലേന്നത്തെ ബാക്കി ചോറ് ഇട്ട കാടിവെള്ളവും റെഡിയായിരിക്കും.

പിന്നീടു അങ്ങാടിയിലൂടെ നടപ്പാണ് ചില ആളുകള്‍ അവന്‍റെ കഴുത്തില്‍ കെട്ടി തൂക്കിയിരിക്കുന്ന പച്ച നിറത്തിലുള്ള നേര്‍ച്ച സഞ്ചിയില്‍ നാണയങ്ങള്‍ നിക്ഷേപിക്കും. നേര്‍ച്ച മുട്ടന്റെ കഴുത്തിലുള്ള സഞ്ചിയില്‍ നിന്ന് പണം എടുക്കാന്‍ ദൈവ കോപം ഭയന്ന് ആരും ധൈര്യപ്പെട്ടിരുന്നില്ല. ആരെയും അതിനവന്‍ അനുവദിക്കുകയും ചെയ്യില്ലായിരുന്നു. ഒരിക്കല്‍ അവന്‍റെ സഞ്ചിയില്‍ നിന്ന് പണമെടുക്കാന്‍ തുടങ്ങിയ ഒരാളുടെ കിടുങ്ങാമണി അവന്‍ ഇടിച്ചു കലക്കിയ കഥ അങ്ങാടിയില്‍ പാട്ടാണ്. ചില ഇടവേളകളില്‍ അവന്‍ അമ്മിണിയേടത്തിയുടെ അടുത്ത് എത്തുമ്പോള്‍ അവര്‍ പണമെടുത്ത് അന്തോണീസു പുണ്യാളന്റെ കാണിക്ക വഞ്ചിയില്‍ നിക്ഷേപിക്കും.

പ്രാഞ്ചി തടിച്ചു കൊഴുത്തിരിക്കുന്നത് കാണുമ്പോള്‍ അമ്മിണിയേടത്തിക്ക് സന്തോഷമാകും അവന്‍ വരുമ്പോള്‍ കൊടുക്കാനായി എപ്പോഴും അവര്‍ എന്തെങ്കിലും പലഹാരങ്ങള്‍ കരുതി വച്ചിട്ടുണ്ടായിരിക്കും. അമ്മിണിയേടത്തിയുടെ കയ്യില്‍ നിന്ന് പലഹാരം തിന്ന ശേഷം അവന്‍ പതിവായി തന്‍റെ സഹോദരിമാരായ പെണ്ണാടുകളെ കാണാന്‍ ആട്ടിന്‍കൂട്ടിലെക്കോ അല്ലെങ്കില്‍ പറമ്പില്‍ അവരെ തീറ്റാനായി കെട്ടിയിരിക്കുന്നിടത്തേക്കോ കടന്നു ചെല്ലും.

നീണ്ട ചൈനീസ് താടിയും കൊമ്പുമിളക്കി കാലിനിടയില്‍ വല്ലാണ്ട് വളര്‍ന്നു നീണ്ട പിടുക്കുമാട്ടി നടന്നു വരുന്ന അവന്റെ നെയ്യ് മുറ്റിയ തടിച്ച ദേഹം കാണുമ്പോള്‍ സഹോദരിമാരായ പെണ്ണാടുകള്‍ കയറു പൊട്ടിക്കുവാനും കഴുത്തില്‍ കയര്‍ കുടുങ്ങിയ മരണവെപ്രാളത്തില്‍ കരയുംപോലെ കരയുവാനും തുടങ്ങും. പെണ്ണാടുകള്‍ പ്രായപൂര്‍ത്തി ആയതാണോ ശിശുവാണോ അല്ലെങ്കില്‍ ചെനയുള്ളതാണോ അതോ വയ്യാതിരിക്കുന്നതാണോ എന്നുള്ള തിരിച്ചുവേതമൊന്നും അവനില്ലായിരുന്നു കണ്ണില്‍ പെടുന്ന ഏതിനെയും അവന്‍ കീഴടക്കുമായിരുന്നു.

കഴുത്തിലെ കയറില്‍ ബന്ധിച്ചനിലയില്‍ നില്‍ക്കുന്ന പെണ്ണാടുകളുടെ പിന്നിലായി നേര്‍ച്ച മുട്ടനായ പ്രാഞ്ചി വന്നു നില്‍ക്കുബോള്‍ പൊത്തിപ്പിടിക്കാന്‍ കൈകളോ, മറച്ചു പിടിക്കാന്‍ തക്കവണ്ണമുള്ള നീണ്ട വാലോ ഇല്ലാത്തതിനാല്‍ ഒരു എതിര്‍പ്പ് പോലും പ്രകടിപ്പിക്കാന്‍ വയ്യാതെ അവര്‍ നിസഹായര്‍ ആയിരുന്നു. പെണ്ണാടുകളുടെ വാല്‍ മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നത് തനിക്കു മുന്നോട്ടു പോകാനുള്ള അവരുടെ സമ്മതമാണെന്നാണ് അവന്‍റെ ഉറച്ച മതം. പ്രാഞ്ചി അവന്‍റെ പിന്‍കാലുകളില്‍ എഴുന്നേറ്റു നിന്ന് മുന്‍കാലുകള്‍ കൊണ്ടവരെ അമര്‍ത്തിപ്പിടിച്ചു കീഴടക്കുമ്പോള്‍ ശ്വാസം മുട്ടി കഴുത്തില്‍ ശബ്ദം കുരുങ്ങി അവര്‍ പിടയും. ആടുകളുടെ കരച്ചില്‍ കേട്ട് വന്നു നോക്കുന്ന അമ്മിണിയേടത്തി പ്രാഞ്ചിയുടെ പരാക്രമം കണ്ടു ചിരിച്ചുകൊണ്ട് അവിടെ നിന്ന് പോകും.

ക്ഷീണിതനായി തിരിച്ചു വരുന്ന പ്രാഞ്ചിയുടെ മുന്‍പിലേക്ക് തേങ്ങ ചിരണ്ടിയിട്ടു രുചി കൂട്ടിയ കഞ്ഞി നീക്കി വെച്ചു കൊടുത്തുകൊണ്ട് അമ്മിണിയേടത്തി അയല്‍ക്കാരി ആസ്യാത്തയോട് പറഞ്ഞു.

"ഇവന്‍ നല്ല സ്‌നേഹമുള്ളവനാണ് അങ്ങാടീ തെണ്ടി നടന്നാലും സമയത്തിനു വന്നു എല്ലാം ചെയ്യുന്നുണ്ടല്ലോ. അല്ലെങ്കില്‍ ഇവറ്റകളെ ചവിട്ടിക്കാന്‍ വല്ലോര്‍ക്കും കാശു കൊടുക്കേണ്ടി വന്നേനെ"

പ്രാഞ്ചി കൂടക്കൂടെ ഇതുപോലെ വരികയും അമ്മണിയേടത്തിയുടെ കയ്യില്‍ നിന്ന് തേങ്ങാ ചിരവിയിട്ട കഞ്ഞികുടിച്ചു പോവുകയും ചെയ്യും. അമ്മിണിയേടത്തിയുടെ പ്രവര്‍ത്തിയില്‍ പെണ്ണാടുകള്‍ക്ക് വല്ലാത്ത പ്രതിഷേധം ഉണ്ടായിരുന്നു. അവര്‍ അക്കാര്യം അമ്മിണിയേടത്തിയോടു പരാതിയായി പറഞ്ഞു. അമ്മിണിയേടത്തി അവരോടു പറഞ്ഞു

"സാരമില്ല അവന്‍ നേര്‍ച്ച മുട്ടന്‍ അല്ലെ. അവനെ തടഞ്ഞാല്‍ നിങ്ങള്‍ക്ക് ദൈവദോഷം കിട്ടും. അനുസരണമാണ് പെണ്ണാടുകള്‍ക്ക് അത്യാവശ്യം വേണ്ടത് അത് നിങ്ങള്‍ക്കില്ല" എന്ന് പറഞ്ഞു അവരെ ശാസിക്കാനും അമ്മിണിയേടത്തി മറന്നില്ല.

അന്തോണീസു പുണ്യാളന്റെ പള്ളിയില്‍ പെരുന്നാളിനുള്ള കൊടിയേറി. വെച്ചു വാണിഭാക്കാരും ബാന്‍ഡ് സെറ്റുകാരുമെല്ലാമെത്തി. ചെണ്ട മേളക്കാര്‍ ദ്രുത താളത്തില്‍ ഉറക്കെ ചെണ്ട കോട്ടി. പള്ളി പറമ്പില്‍ നിന്ന് കാതടപ്പിക്കുന്ന കതിനാവെടി കേട്ടപ്പോള്‍ കടത്തിണ്ണയില്‍ കിടന്നു മയങ്ങുകയായിരുന്ന പ്രാഞ്ചി ഉറക്കത്തിന്‍റെ ആലസ്യത്തില്‍ പതിയെ കണ്ണു തുറന്നു നോക്കി. മുന്നില്‍ നിന്ന് ആരോ നീട്ടിപിടിച്ച പഴം അവന്‍ നാവ് നീട്ടി എത്തിപ്പിടിച്ച് തിന്നുവാന്‍ തുടങ്ങി. കൂട്ടത്തില്‍ ആരോ അവന്‍റെ കഴുത്തില്‍ തടവിക്കൊണ്ട് ഒരു കയര്‍ മുറുക്കെ കെട്ടി. എന്നിട്ടവര്‍ അവരുടെ കൂടെ നടന്നു പോകാന്‍ അവനെ നിര്‍ബന്ധിച്ചു. ഇതുവരെ ആരുടെയും നിര്‍ദ്ദേശാനുസരണം നടന്നിട്ടില്ലാത്ത അവന്‍ കാലുകള്‍ നിലത്ത് ശക്തമായൂന്നി അനങ്ങാതെ നിന്ന് പ്രതിഷേധിച്ചു. മിന്നല്‍ പിണര്‍ പോലെ ഒരു പാണല്‍ വടി മുതികില്‍ പതിച്ചപ്പോള്‍ അവന്‍ തുള്ളിപ്പോയി പിന്നെ അവരുടെ കൂടെ അനുസരണയോടെ നടന്നു.

പെരുന്നാള്‍ നേര്‍ച്ച കാലാക്കുന്ന പുരയില്‍ നിന്ന് വിഭവങ്ങളുടെ ഗന്ധം കാറ്റിന്റെ ചിറകേറി കരയാകെ പരന്നു. അമ്മിണിയേടത്തിയുടെ ആട്ടിന്‍ കൂട്ടിനരികില്‍ എത്തിയ കാറ്റില്‍ തങ്ങള്‍ വെറുക്കുന്ന നേര്‍ച്ച മുട്ടന്റെ മുശ്ക്ക് മണം കൂടി ഉള്ളതായി തോന്നിയ അമ്മിണിയേടത്തിയുടെ ആടുകള്‍ ആശ്വാസത്തോടെ പരസ്പരം നോക്കി.


Join WhatsApp News
Sudhir Panikkaveetil 2019-06-17 11:35:26
കൃത്രിമത്വവും ദുരൂഹതയും നിറഞ്ഞ 
കഥകളിൽ നിന്ന് മോചനം.  ഗ്രാമത്തിന്റെ 
വിശുദ്ധിയും ആളുകളും അവിടെ നടക്കുന്ന 
കാര്യങ്ങളും എല്ലാവര്ക്കും അറിയാം. എന്നാൽ 
അത് അതീവ ചാരുതയോടെ ഒരാൾ പറഞ്ഞു 
തരുമ്പോൾ അയാളിലെ കഥാകഥന മികവ് 
നമ്മെ ആനന്ദിപ്പിക്കുന്നു. ശ്രീ ജോസഫ് എബ്രഹാം 
നിങ്ങളിലെ കഥാകാരൻ വിജയിക്കുന്നു. 
ജോസഫ് നന്പിമഠം 2019-06-17 13:43:09
ലളിത സുന്ദരമായി, അനായാസമായി, കഥപറയാനുള്ള കഴിവ് ഈ കഥയിൽ പ്രകടമാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് നല്ല കഥകളിലൂടെ ഈ മലയാളിയുടെ ഈ വർഷത്തെ കഥാ അവാർഡിന് അർഹനായ കഥാകൃത്തിനു അഭിനന്ദനങ്ങൾ, ആശംസകൾ.
Sany S Ambooken 2019-06-18 23:06:08
For the first time in American Malayalee story writing, I am reading a story I enjoyed thoroughly. Never enjoyed any one before!!
ജോസഫ് എബ്രഹാം 2022-01-14 06:08:14
ഒരു പ്രതിഷേധമായി എഴുതിയ കഥ നീതി നേടിയെടുക്കാൻ എല്ലാവര്ക്കും കഴിഞ്ഞെന്നു വരില്ല
അഞ്ചു മണവാട്ടികൾ 2022-01-14 11:57:10
അഞ്ചു കന്യാസ്ത്രികൾ , ജീവിക്കാൻ യാതൊരു മാർഗ്ഗവുമില്ലാതെ സഭയുടെ ചെലവിൽ കഴിഞ്ഞവർ ഉടനെ തെരുവിലേക്ക് വലിച്ചെറിയപ്പെടും ഈ ഇരകളെ കാത്തിരിക്കുന്നത് വലിയ മുട്ടനാടുകളാണ്. ഇവരെ ആര് രക്ഷിക്കും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക