Image

എക്‌സ്‌ എം. പി' ബോര്‍ഡ്‌ ഫോട്ടോഷോപ്പ്‌ ചെയ്‌തതെന്ന്‌: എ. സമ്പത്തിന്‌ പിന്തുണയുമായി കെ. എസ്‌ ശബരീനാഥന്‍

Published on 17 June, 2019
എക്‌സ്‌ എം. പി' ബോര്‍ഡ്‌ ഫോട്ടോഷോപ്പ്‌ ചെയ്‌തതെന്ന്‌: എ. സമ്പത്തിന്‌ പിന്തുണയുമായി കെ. എസ്‌ ശബരീനാഥന്‍


'എക്‌സ്‌ എം.പി' ബോര്‍ഡ്‌ വിവാദത്തില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുന്‍ എം. പി എ. സമ്പത്തിന്‌ പിന്തുണയുമായി കോണ്‍ഗ്ര്‌സ്‌ എം.എല്‍.എ, കെ.എസ്‌ ശബരീനാഥന്‍. സമ്പത്തിന്റെ ഇന്നോവ കാറില്‍ എക്‌സ്‌ എം. പി എന്ന്‌ ബോര്‍ഡ്‌ വെച്ചു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍ ഇപ്പോള്‍ പുറത്ത്‌ വരുന്ന വാര്‍ത്ത അതൊരു ഫോട്ടോഷോപ്പ്‌ ചിത്രമാണെന്നാണ്‌. ഈ വിഷയമാണ്‌ ശബരീനാഥിന്റെ പോസ്റ്റിന്‌ ആധാരം.

താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം പ്രചാരണങ്ങള്‍ക്ക്‌ ഇരയാകാറുണ്ടെന്നും കാര്യമറിയാതെ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌ ശരിയല്ലെന്നുമാണ്‌ ശബരീനാഥ്‌ സൂചിപ്പിക്കുന്നത്‌. ആ ബോര്‍ഡ്‌ കണ്ടപ്പോഴെ അത്‌ സാമാന്യയുക്തിക്ക്‌ ചേരാത്തതാണെന്ന്‌ തോന്നിയിരുന്നുവെന്നാണ്‌ ശബരിനാഥന്‍ ഫെയ്‌സ്‌ ബുക്കില്‍ പറയുന്നത്‌. 

ഈ ചിത്രം ഫോട്ടോഷോപ്പ്‌ ചെയ്‌തതാണെന്ന്‌ ഇപ്പോള്‍ അറിയുന്നുവെന്നും താനടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഇത്തരം വ്യാജപ്രചാരങ്ങള്‍ക്ക്‌ ഇരയാകാറുണ്ടെന്നും ശബരീനാഥ്‌ പറയുന്നു. ഇത്തരം കാര്യങ്ങള്‍ ശരിയാണോ എന്ന പരിശോധിക്കാതെ പ്രചരിപ്പിക്കുന്നത്‌ ആര്‍ക്കും ഭൂഷണമല്ലെന്നും ശബരീനാഥ്‌ വ്യക്തമാക്കിയിരുന്നു.

നേരത്തെ എക്‌സ്‌ എം. പി എന്ന ബോര്‍ഡ്‌ തന്റെ കാറില്‍ വെച്ചതായിട്ട്‌ സോഷ്യല്‍ മീഡിയയും പിന്നീട്‌ വിഷയം ഏറ്റെടുത്ത പ്രമുഖ പത്രമടക്കമുള്ള മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു. 

കോണ്‍ഗ്രസ്‌ എം എല്‍ എ മാരായ വി ടി ബല്‍റാമും പിന്നീട്‌ ശാഫി പറമ്പിലും സമ്പത്തിന്റെ `ചെയ്‌തി'യെ വിമര്‍ശിച്ചിരുന്നു. ബല്‍റാം പിന്നീട്‌ പോസ്റ്റ്‌ പിന്‍വലിച്ചു. വീണ്ടുവിചാരമില്ലാതെ കാണുന്നത്‌ പ്രചരിപ്പിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക്‌ മുന്നറിയിപ്പാണ്‌ ശബരീനാഥിന്റെ പോസ്റ്റ്‌.

പോസ്റ്റിന്റെ പൂര്‍ണരൂപം

ആറ്റിങ്ങല്‍ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതല്‍ പ്രചരിക്കുകയാണ്‌. അത്‌ കണ്ടപ്പോഴേ സാമാന്യയുക്തിക്ക്‌ ചേരാത്തതാണെന്ന്‌ തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ്‌ ചെയ്‌തതാണെന്ന്‌ ഇപ്പോള്‍ അറിയുന്നു.

ഞാനടക്കമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്ക്‌ നിരന്തരം ഇരയാകാറുണ്ട്‌, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ്‌ പലപ്പോഴും ചെയ്യുന്നത്‌.നമുക്ക്‌ വിഷയങ്ങള്‍ പൊളിറ്റിക്കലായി ചര്‍ച്ച ചെയ്യാം, അതില്‍ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ശരിയാണോ എന്ന്‌ ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത്‌ നമുക്കാര്‍ക്കും ഭൂഷണമല്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക