Image

മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

Published on 16 June, 2019
മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവാനില്ലെന്ന് ഫിറോസ് കുന്നംപറമ്പില്‍

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കി സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. സെലിബ്രിറ്റിയായതോടെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുണ്ടോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിനുള്ള ഫിറോസിന്റെ മറുപടി ഇങ്ങനെയായിരുന്നു.

സെലിബ്രിറ്റിയായതാണ് ഇപ്പോള്‍ വലിയ ഒരു പ്രശ്‌നമായി തോന്നുന്നത്. കാരണം, ഒരിക്കലും നമ്മള്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന് ഇങ്ങനെ ഒന്നാവണം എന്ന് വിചാരിച്ചിട്ടില്ല. ഇത് ആയതോട് കൂടി പല ആളുകളും നമ്മളെ നോട്ടമിട്ടു എന്നതാണ്. നമ്മളെ കുറിച്ച് ഒന്നും അറിയാത്ത ആളുകള്‍ വരെ നമ്മളെ കുറിച്ച് മോശമായിട്ട് സംസാരിക്കുന്നു. പലരും വിമര്‍ശിക്കുന്നത് കണ്ടത്, യൂട്യൂബിലൂടെ വീഡിയോ ഇട്ട് ബിസിനസ് നടത്തുന്നവര്‍ വരെയാണ് നമ്മളെ വിമര്‍ശിക്കുന്നത്. അവരുടെ യൂട്യൂബ് ചാനലിന് പൈസ ഉണ്ടാക്കാനും റീച്ച് കൂട്ടാനും ഒക്കെ നമ്മളെ വിമര്‍ശിക്കുന്നു. അതൊക്കെ സെലബ്രിറ്റിയായതിന്റെ ദോഷമായാണ് മനസ്സിലാവുന്നതെന്നും ഫിറോസ് പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തിന് താല്‍പര്യമില്ല. കളത്തില്‍ അബ്ദുള്ളയുടെ ഡ്രൈവര്‍ ആയിരിക്കുമ്പോഴും എനിക്ക് അങ്ങനെ രാഷ്ട്രീയത്തില്‍ വളര്‍ന്ന് വരണം എന്ന് താല്‍പര്യമുണ്ടായിരുന്നില്ല. കളത്തില്‍ അബ്ദുള്ള വികലാംഗ കോര്‍പ്പറേഷന്റെ ചെയര്‍മാനായിരിക്കുന്ന സമയത്താണ് ഡ്രൈവറായിരുന്നത്. കാലില്ലാത്ത, കയ്യില്ലാത്ത, കണ്ണില്ലാത്ത, ചെവിയില്ലാത്ത മനുഷ്യര്‍ക്ക് സഹായം നല്‍കുക. അന്ന് ഡിപ്പാര്‍ട്ടമെന്റിന് സഹായം നല്‍കാന്‍ കഴിയാത്ത സാഹചര്യം വരുമ്പോള്‍ അദ്ദേഹം പുറത്ത് നിന്ന് ആരെയെങ്കിലും കണ്ട് സഹായം എത്തിച്ചുകൊടുക്കുക. ആ വ്യത്യസ്തമായ പ്രവര്‍ത്തന രീതി എന്നെ സ്വാധിച്ചിട്ടുണ്ട്. അദ്ദേഹത്തോടൊപ്പമുള്ള നാല് വര്‍ഷത്തെ അനുഭവങ്ങളാണ്എന്റെ ചാരിറ്റി പ്രവര്‍ത്തനത്തിന്റെ വലിയ മുതല്‍ക്കൂട്ട്. രാഷ്ട്രീയം ഇത് വരെ ഇതോടൊപ്പം ചേര്‍ത്ത് നിര്‍ത്തിയിട്ടില്ല. ഈ മേഖലയിലേക്ക് വന്നതോടെ വ്യക്തിപരമായ രാഷ്ട്രീയ ബന്ധങ്ങള്‍ വരെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.

മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി ഭാവിയില്‍ കാണാനാവുമോ എന്ന ചോദ്യം അവതാരകന്‍ ചോദിച്ചപ്പോള്‍ ഫിറോസിന്റെ പ്രതികരണം ഇല്ല എന്നായിരുന്നു. മണ്ണാര്‍ക്കാട് അല്ല കേരളത്തിന്റെ ഏത് നിയമസഭയിലേക്ക് വിളിച്ച് നിര്‍ത്തിയാലും ഞാന്‍ ആ പണിക്കില്ല എന്നായിരുന്നു ഫിറോസ് പ്രതികരിച്ചത്.

സമയം ലഭിക്കാത്തത് കൊണ്ടാണ് ട്രസ്റ്റ് രൂപീകരിക്കാന്‍ കഴിയാതിരുന്നതെന്നും ട്രസ്റ്റ് ഇപ്പോള്‍ രൂപീകരിച്ചെന്നും ഫിറോസ് അഭിമുഖത്തില്‍ പറഞ്ഞു. കയ്യിലേക്ക് വരുന്ന പൈസ മുഴുവന്‍ സമൂഹത്തിലേക്ക് കൊടുക്കാനുള്ളതാണ്, അതിനിയും തുടരുമെന്നും ഫിറോസ് പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക