Image

മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസിനകത്ത്‌ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌

Published on 16 June, 2019
മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസിനകത്ത്‌ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ കൊടിക്കുന്നില്‍ സുരേഷ്‌


മുതിര്‍ന്ന നേതാക്കളെ ഉന്മൂലനം ചെയ്യാന്‍ കോണ്‍ഗ്രസിനകത്ത്‌ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ എം.പി കൊടിക്കുന്നില്‍ സുരേഷ്‌. പാര്‍ട്ടിയിലെ സോപ്പ്‌ കുട്ടന്‍മാരും അമൂല്‍ ബേബിമാരും സാമൂഹ്യ മാധ്യമങ്ങള്‍ വഴി മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു.

എ.കെ ആന്റണിക്കെതിരായ പ്രചാരണം നടത്തുന്നതും പി.ജെ കുര്യന്‍, കെ.വി തോമസ്‌ എന്നിവര്‍ക്കെതിരെ പ്രചാരണം നടത്തിയതും ഈ വിഭാഗമാണ്‌. ഇത്തരക്കാര്‍ പാര്‍ട്ടിയുടെ ശത്രുക്കളാണെന്നും കൊടിക്കുന്നില്‍ പറഞ്ഞു. 

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ ഉത്തരവാദി എ.കെ ആന്റണിയാണ്‌ എന്ന തരത്തില്‍ നടക്കുന്ന സൈബര്‍ ആക്രമണം അംഗികരിക്കാനാകില്ല. മുതിര്‍ന്ന നേതാക്കളെ സംഘടിതമായി ആക്രമിക്കുന്ന നടപടി പാര്‍ട്ടിയില്‍ ഒരു വിഭാഗം നടത്തുന്നുണ്ട്‌. 

പി.സി ചാക്കോ, കെ.വി തോമസ്‌ തുടങ്ങിയവര്‍ക്കെതിരെയും ഇത്തരം നീക്കം നടന്നു. ഇത്തരക്കാര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്‌ സഖ്യമുണ്ടാകാതിരിക്കാന്‍ കാരണം എ.കെ ആന്റണിയാണെന്ന രീതിയില്‍ പാര്‍ട്ടിക്കകത്തുതന്നെ തെരഞ്ഞെടുപ്പിന്‌ ശേഷം വിമര്‍ശനമുയര്‍ന്നിരുന്നു. ഇത്‌ നേതാക്കളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ ഉന്നയിച്ചിരുന്നു. 

 ഇതിനെതിരെ മുതിര്‍ന്ന നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രനും വി.എം സുധീരനുമടക്കം രംഗത്തെത്തിയിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ കൊടിക്കുന്നില്‍ സുരേഷും കടുത്ത വിമര്‍ശനമുന്നയിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക