Image

നിപ്പാ വൈറസ്‌ ഭീതിയൊഴിഞ്ഞു: യുവാവിന്‍റെ പരിശോധനാ ഫലം നെഗറ്റീവ്

Published on 15 June, 2019
നിപ്പാ വൈറസ്‌ ഭീതിയൊഴിഞ്ഞു: യുവാവിന്‍റെ പരിശോധനാ ഫലം നെഗറ്റീവ്

കൊച്ചി: സംസ്ഥാനത്ത് നിപ ആശങ്ക പൂർണ്ണമായും ഒഴിഞ്ഞുവെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജ. തീവ്ര നിരീക്ഷണം ആവശ്യമില്ല. ജൂലൈ 15 വരെ നിരീക്ഷണം തടരുമെന്നും മന്ത്രി പറഞ്ഞു.ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപയുമായി ബന്ധപെട്ട ആശങ്ക പൂർണ്ണമായും ഒഴിഞ്ഞെങ്കിലും സംസ്ഥാനം നിപ വിമുക്തമായെന്ന് പ്രഖ്യാപിക്കാറായിട്ടില്ല. ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ സാമ്പിളുകളിൽ കളമശ്ശേരി മെഡിക്കൽ കോളജിൽ വച്ച് നടത്തിയ പരിശോധനയിൽ വൈറസ് സാന്നിധ്യം പൂർണ്ണമായും മാറിയിട്ടുണ്ട്. പുനെയിലെ പരിശോധന ഫലം എത്തിയാലേ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. എങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയോടെയുള്ള നിരീക്ഷണം തുടരും.

 

രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നവരിൽ 283 പേരാണ് നിരീക്ഷണത്തിലുള്ളത്. നിരീക്ഷണം അടുത്ത മാസം 15 വരെ തുടരും. കളമശ്ശേരി മെഡിക്കൽ കോളേജിലും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുമായി നടന്ന നാൽപതോളം വരുന്ന സാമ്പിളുകളിൽ ഒന്നും തന്നെ നിപവൈറസിന്റെ സാന്നിധ്യം കണ്ടെത്തായിട്ടില്ല. ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിർദേശം കൃത്യമായി പാലിക്കുകയാണ് വേണ്ടത്. ഉറവിടം കണ്ടത്താനുള്ള ശ്രമം തുടരുകയാണ്. വിദഗ്ദ സംഘം ശേഖരിച്ച സാമ്പിളുകളുടെ രാസപരിശോധനാ ഫലം പത്ത് ദിവസത്തിനുള്ളിൽ ലഭ്യമാകും.

കോഴിക്കോട് പേരാമ്പ്രയിൽ ഭീതി പരത്തിയ നിപ രോഗം വീണ്ടും തലപൊക്കുന്നുവെന്ന വാർത്ത വരുന്നത് ഈ മാസം ആദ്യമാണ്. വടക്കൻ പറവൂർ സ്വദേശിയായ യുവാവിനെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് രോഗം കൊച്ചിയിലെത്തി എന്ന വാർത്ത വരുന്നത്. പിന്നീട് ജൂൺ 4ന് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം പുറത്തുവന്നതോടെയാണ് യുവാവിന് നിപ സ്ഥിരീകരിക്കുന്നത്.

നിപ ലക്ഷണങ്ങളോടെ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ സംസ്ഥാനം നിപയെ പ്രതിരോധിക്കാൻ സജ്ജമായി. സംസ്ഥാനത്തെ നിരവധി മെഡിക്കൽ കോളേജുകളിൽ ഐസലേഷൻ വാർഡുകൾ സജ്ജമാക്കുകയും ഓസ്‌ട്രേലിയയിൽ നിന്ന് നിപയെ പ്രതിരോധിക്കാൻ മരുന്നെത്തിക്കുകയും ചെയ്തിരുന്നു. നിപ ബാധിച്ച യുവാവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്നും പനി മാറിയെന്നും ജില്ലാ കളക്ടർ ഹെൽത്ത് ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക