Image

എന്‍ഡോസള്‍ഫാന്‍ ഇരയുടെ മരണം: ചികിത്സക്ക് പിതാവ് എടുത്ത വായ്പ എഴുതിതള്ളണമെന്ന് ഹൈക്കോടതി

Published on 15 June, 2019
എന്‍ഡോസള്‍ഫാന്‍ ഇരയുടെ മരണം: ചികിത്സക്ക് പിതാവ് എടുത്ത വായ്പ എഴുതിതള്ളണമെന്ന് ഹൈക്കോടതി
കൊച്ചി> എൻഡോസൾഫാൻ ഇരയായ മകനെ ചികിത്സിക്കാൻ പിതാവെടുത്ത വായ്പ എഴുതി തള്ളുന്ന കാര്യത്തിൽ ധനവകുപ്പ് സെക്രട്ടറി പ്രത്യേക താൽപര്യമെടുക്കണമെന്ന് ഹൈക്കോടതി. വായ്പ തിരിച്ചടപ്പിക്കാൻ ബാങ്ക് സ്വീകരിക്കുന്ന നടപടികളെ ചോദ്യം ചെയ്ത് കാസർകോട് സ്വദേശിയായ എസ് വാസുദേവ നായക് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. കേസ് ഈ മാസം 24ന് വീണ്ടും പരിഗണിക്കും.

വാസുദേവ നായകിന്റെ മകനായ ശ്രേയസ് കുട്ടിക്കാലം മുതലേ എൻഡോസൾഫാൻ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവിച്ചു വരുകയായിരുന്നു. ചികിൽസാ ചെലവ് കണ്ടെത്താൻ 2013ൽ പെർള സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് 10000 രൂപ വായ്പയെടുത്തു. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിൽസയിലിരിക്കെ 2017 ജൂണിൽ ശ്രേയസ് മരിച്ചു. വായ്പാ തുക പലിശയടക്കം തിരിച്ചുപിടിക്കാനുള്ള ബാങ്ക് നടപടിയെ ചോദ്യം ചെയ്താണ് വാസുദേവ നായക് ഹൈക്കോടതിയെ സമീപിച്ചത്. 

എൻഡോസൾഫാൻ ബാധിതർക്ക് പലതരത്തിലുള്ള ഇളവുകളുണ്ടായിട്ടും ഈ വായ്പ തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് 2013ൽ എടുത്തു എന്നതുകൊണ്ടാണ്. മുമ്പ് എടുത്ത വായ്പകളുടെ തുടർച്ചയാണ് പുതിയ വായ്പയെന്നു ബാങ്ക് സർട്ടിഫൈ ചെയ്താൽ 2011 ജുലൈക്കു ശേഷം എടുത്ത വായ്പകൾക്കും എഴുതി തള്ളൽ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസിലെ വസ്തുതകളെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ല.

എൻഡോസൾഫാൻ ബാധിതനായ മകന്റെ ചികിൽസക്ക് പിതാവ് എടുത്ത വായ്പയാണിത്. നിർഭാഗ്യവശാൽ മകൻ മരിച്ചു. ഈ വായ്പയുടെ പേരിൽ പിതാവിനെ ഇനിയും ബുദ്ധിമുട്ടിക്കരുത്. അതിനാൽ ഈ വായ്പ എങ്ങനെ എഴുതിതള്ളാമെന്ന് ധനവകുപ്പ് സെക്രട്ടറി പ്രത്യേക താൽപര്യമെടുത്ത് പരിശോധിക്കണം. വിവരം 24ന് കോടതിയെ അറിയിക്കുകയും വേണം. അതുവരെ വായ്പ തിരിച്ചുപിടിക്കാൻ ബാങ്ക് യാതൊരുവിധ നടപടികളും സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക