Image

ബംഗാളില്‍ മമത അയയുന്നു, ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന

Published on 15 June, 2019
ബംഗാളില്‍ മമത അയയുന്നു, ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന് സൂചന

കൊല്‍ക്കത്ത : ബംഗാളില്‍ തുടരുന്ന റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തോട് തുടക്കം മുതല്‍ നിഷേധ നിലപാടെടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജി ചര്‍ച്ച നടത്തുമെന്ന് സൂചന. ആക്രമണത്തില്‍ പരിക്കേറ്റ ഡോക്ടറെ മമത സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സമരം അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയെന്നാണ് മമത ആദ്യം നിലപാട് എടുത്തിരുന്നത്. 

ഈ മാസം പത്തിന് കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ റസിഡന്റ് ഡോക്ടറെ മര്‍ദ്ദിച്ചിരുന്നു. ഇതോടെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രതിഷേധമായി മാറുകയായിരുന്നു.

48 മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് ദില്ലി എയിംസിലെ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ അസോസിയേഷന്‍ അന്ത്യശാസനം നല്‍കിയിരുന്നു. അല്ലാത്തപക്ഷം അനിശ്ചിതകാല സമരം തുടങ്ങുമെന്ന് എയിംസ് ആര്‍ഡിഎയും അറിയിച്ചിരുന്നു. 

അതേസമയം റസിഡന്റ് ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി ഡോക്ടര്‍മാര്‍ രാജി വയ്ക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. 700റെ ഡോക്ടര്‍മാരാണ് ആറ് ദിവസത്തിനുള്ളില്‍ രാജിവെച്ചത്. വെള്ളിയാഴ്ച മാത്രമായി 300ഓളം ഡോക്ടര്‍മാരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് രാജിവെച്ചത്. കറുത്ത ബാഡ്ജ് അണിഞ്ഞാണ് എയിംസിലെ ഡോക്ടര്‍മാര്‍ ജോലിക്ക് കയറിയത്. 

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ പ്രതിനിധികള്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനുമായി കൂടിക്കാഴ്ച നടത്തി. അഭിമാന പ്രശ്‌നമായി കാണരുതെന്നും ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കി പ്രശ്‌നം പരിഹരിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. വര്‍ഷവര്‍ധന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഡയം പ്രഖ്യാപിച്ച് തിങ്കളാഴ്ച ഐഎംഎ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനിടെ സമരത്തില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും അത് അംഗീകരിച്ചില്ല. സമരം ചെയ്യുന്ന ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക