Image

മധ്യപ്രദേശില്‍ നിപ വൈറസ്‌ മുന്നറിയിപ്പ്‌; ഒരാഴ്‌ചക്കിടെ ചത്തത്‌ 250 വവ്വാലുകള്‍

Published on 15 June, 2019
മധ്യപ്രദേശില്‍ നിപ വൈറസ്‌ മുന്നറിയിപ്പ്‌; ഒരാഴ്‌ചക്കിടെ ചത്തത്‌ 250 വവ്വാലുകള്‍


മധ്യപ്രദേശില്‍ നിപ വൈറസ്‌ മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌. സംസ്ഥാനത്തെ ഗുണ, ഗ്വാളിയോര്‍ ജില്ലകളിലാണ്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌. കഴിഞ്ഞ ഒരാഴ്‌ചക്കിടെ നൂറ്‌ കണക്കിന്‌ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തതോടെയാണ്‌ നിപ വൈറസിന്റെ സാന്നിധ്യം പരിശോധിച്ചത്‌. 250 ഓളം വവ്വാലുകള്‍ ഏതാനും ദിനസത്തിനിടെ ചത്തതായി ജില്ലാ അഡ്‌മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി.

ചത്ത വവ്വാലുകളുടെ സാമ്പിളുകള്‍ ഭോപ്പാലിലെ വെറ്റിനറി ലാബോററട്ടിയിലേക്ക്‌ അയച്ചിട്ടുണ്ടെന്ന്‌ വെറ്റിനറി ഡോക്ടര്‍ ബി.എസ്‌ ഥാക്കറെ പറഞ്ഞു. കടുത്ത ചൂടും ഉയര്‍ന്ന താപനിലയുമാണ്‌ വവ്വാലുകള്‍ കൂട്ടത്തോടെ മരണപ്പെടാനുണ്ടായ കാരണമെന്നാണ്‌ പ്രാഥമിക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ജില്ലകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്‌ ചീഫ്‌ മെഡിക്കല്‍ ഓഫീസറും ഗുണയിലെ ഹെല്‍ത്ത്‌ ഓഫീസറുമായ ഡോ.പി.എസ്‌ ബങ്കര്‍ പറഞ്ഞു. എന്നാല്‍ കേരളത്തില്‍ നിപ വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മുന്‍കരുതലെടുക്കാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക