Image

മസാല ബോണ്ട്‌ വില്‍പനക്ക്‌ ചെലവായത്‌ 2.29 കോടി രൂപ

Published on 14 June, 2019
മസാല ബോണ്ട്‌ വില്‍പനക്ക്‌ ചെലവായത്‌ 2.29 കോടി രൂപ


മസാല ബോണ്ട്‌ വില്‍പ്പനയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരും കിഫ്‌ബിയും ഇതുവരെ 2.29 കോടി രൂപ ചെലവഴിച്ചതായി ധനവകുപ്പ്‌. ലണ്ടന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ബോണ്ട്‌ ലിസ്റ്റ്‌ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്‌ത ഇനത്തില്‍ 16 ലക്ഷം രൂപ ചെലവായി. ബോണ്ടുകള്‍ വിറ്റഴിക്കാന്‍ വിവിധ ഏജന്‍സികള്‍ക്ക്‌ ഫീസ്‌ ഇനത്തില്‍ 1.83 കോടി രൂപ നല്‍കിയതായും ധനവകുപ്പ്‌ വ്യക്തമാക്കി.

ലണ്ടന്‍, സിങ്കപ്പൂര്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകള്‍ വഴി കിഫ്‌ബിയുടെ മസാല ബോണ്ടുകള്‍ വിറ്റഴിക്കാനായി ചെലവിട്ട തുകയുടെ വിശദാംശങ്ങളാണ്‌ നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടിയായി ധനവകുപ്പ്‌ നല്‍കിയത്‌. 

ലണ്ടന്‍ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചിന്‍റെ ക്ഷണമനുസരിച്ച്‌ ട്രേഡ്‌ ഓപ്പണ്‍ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രിയും സംഘവും യാത്ര ചെയ്‌ത ഇനത്തില്‍ കിഫ്‌ബി 12,98,243 രൂപയാണ്‌ ചെലവിട്ടത്‌.

ഇതേ ആവശ്യത്തിനായി സര്‍ക്കാര്‍ 365,000 രൂപയും ചെലവിട്ടു. ആകെ ചെലവായത്‌ 16,63,243 രൂപ. മസാല ബോണ്ട്‌ വില്‍പനയ്‌ക്കായി ബാങ്കുകള്‍ക്കും അനുബന്ധ ഏജന്‍സികള്‍ക്കും ഫീസായി നല്‍കിയത്‌ 1,65,68,330 രൂപ, ആക്‌സിസ്‌ ബാങ്ക്‌, ഡിഎല്‍എ പിപ്പര്‍ യു. കെ എന്നീ കമ്പനികള്‍ക്കാണ്‌ മസാല ബോണ്ട്‌ വില്‍പന നടത്തിയ ഇനത്തില്‍ ഏറ്റവുമധികം കമ്മീഷന്‍ നല്‍കിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക