Image

വിര്‍ജിനിയ പ്രൈമറി; അഭിമാനജയവുമായി സുബ്രഹ്മണ്യവും ഡോ.ഹാഷ്‌മിയും

Published on 13 June, 2019
വിര്‍ജിനിയ പ്രൈമറി; അഭിമാനജയവുമായി സുബ്രഹ്മണ്യവും ഡോ.ഹാഷ്‌മിയും

ഇന്ത്യന്‍ സമൂഹത്തിന്‌ അഭിമാനമായി സുഹാസ്‌ സുബ്രഹ്മണ്യവും ഡോ.ഗസല ഹാഷ്‌മിയും വിര്‍ജിനിയ ഡമോക്രാറ്റിക്‌ പ്രൈമറി ഇലക്‌ഷനില്‍ വിജയികളായി. ഹൗസ്‌ ഓഫ്‌ ഡലഗേറ്റ്‌സ്‌ ഡിസ്‌ട്രിക്‌ട്‌ 87ലേക്കും സ്റ്റേറ്റ്‌ സെനറ്റ്‌ ഡിസ്‌ട്രിക്‌ട്‌ ടെന്നിലേക്കുമാണ്‌ ഇരുവരും യഥാക്രമം തിരഞ്ഞെടുക്കപ്പെട്ടത്‌. ജൂണ്‍ 11ന്‌ വിര്‍ജീനിയ സ്റ്റേറ്റ്‌ ലെജിസ്ലേച്ചറിലെ 140 സീറ്റിലേക്കും നടന്ന തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ വിജയം ചരിത്രമായി. 

ഡമോക്രാറ്റിക്‌ പ്രൈമറിയില്‍ 47.3 ശതമാനം വോട്ടുകള്‍ നേടി സുബ്രഹ്‌മണ്യം വിജയിച്ചപ്പോള്‍ മറ്റ്‌ സ്ഥാനാര്‍ഥികളായ ഹസന്‍ അഹമ്മദ്‌ 23.2 ശതമാനവും ജോഹന്ന ഗുസ്‌മാന്‍ 18.7 ശതമാനവും അക്ഷയ്‌ ബമിദിപദി 10.8 ശതമാനവും വോട്ട്‌ നേടി. നവംബര്‍ 5ന്‌ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സുബ്രഹ്‌മണ്യം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബില്‍ ഡ്രന്നനെ നേരിടും. 

1979ലാണ്‌ ബംഗളുരുവില്‍ നിന്നും സുബ്രഹ്‌മണ്യത്തിന്റെ മാതാവ്‌ അമേരിക്കയിലെത്തിയത്‌. അവര്‍ അമേരിക്കയിലെത്തിയശേഷം ഫിസിഷ്യനായി ജോലിചെയ്‌തു, ഒരു ഇന്ത്യക്കാരനുമായി വിവാഹവും നടന്നു. കൊല്ലപ്പെട്ട ഒരു സൈനികന്റെ വിധവയുടെ സംരക്ഷണത്തിലാണ്‌ സുബ്രഹ്മണ്യന്റെ പിതാവ്‌ വളര്‍ന്നത്‌. അതുകൊണ്ടുതന്നെ സമൂഹത്തെ സ്‌നേഹിക്കുക, കഠിനാധ്വാനം ചെയ്യുക, ശബ്‌ദമില്ലാത്തവര്‍ക്കു വേണ്ടി നിലകൊള്ളുക തുടങ്ങിയ മൂല്യങ്ങള്‍ പിതാവില്‍ നിന്ന്‌ സുബ്രഹ്‌മണ്യത്തിന്‌ ആവോളം പകര്‍ന്നു കിട്ടിയിരുന്നു.

കത്രിനാ ചുഴലിക്കാറ്റിന്റെ സമയത്ത്‌ ടുലനെ യൂണിവേഴ്‌സിറ്റിയിലായിരിക്കെ സുബ്രഹ്‌മണ്യത്തിന്റെ സേവനങ്ങള്‍ ഏറെ പ്രശംസ പിടിച്ചുപറ്റി. Summa Cum lande ഗ്രാജുവേറ്റ്‌ ചെയ്‌ത സുബ്രഹ്‌മണ്യം കോര്‍പറേറ്റ്‌ മേഖലയിലെ അവസരങ്ങള്‍ പലതും ഉപേക്ഷിച്ച്‌ ഡമോക്രാറ്റിക്‌ നേതാക്കളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുകയായിരുന്നു. 
ഹെല്‍ത്‌ കെയര്‍ ആന്‍ഡ്‌ വെറ്ററന്‍സ്‌ സഹായി എന്ന നിലയില്‍ ക്യാപിറ്റല്‍ ഹിലില്‍ പ്രവര്‍ത്തിച്ചിരുന്നു. 

നോര്‍ത്ത്‌ വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ്‌ ലോയില്‍ നിന്ന്‌ നിയമബിരുദവും നേടി. ചെയ്യാത്ത കുറ്റത്തിന്‌ 21 വര്‍ഷം ജയിലില്‍ കിടന്ന ഒരാളെ മോചിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഇക്കാലത്ത്‌ പങ്കാളിയായി. യു.എസ്‌ സെനറ്റ്‌ ജുഡീഷ്യറി കമ്മിറ്റിയില്‍ ക്ലാര്‍ക്കായി പ്രവര്‍ത്തിച്ചു. ആഷ്‌ബേര്‍ വോളന്റിയര്‍ ഫയര്‍ & റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റില്‍ വോളന്റിയറായും പ്രവര്‍ത്തിക്കുന്നു. 

49.4 ശതമാനം വോട്ടാണ്‌ ഗസാല ഹാഷ്‌മി നേടിയത്‌. രണ്ടാം സ്ഥാനത്തെത്തിയ എയ്‌ലിന്‍ മക്‌നീല്‍ ബെഡലി (40.9 ശതമാനം)നേക്കാള്‍ പത്ത്‌ പോയിന്റ്‌ മുന്നില്‍. പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ ഗ്ലെന്‍ സ്റ്റുട്‌വന്റിനെയാണ്‌ ഹാഷ്‌മി നേരിടുക. എജുക്കേറ്റര്‍ എന്ന നിലയിലും അഡ്‌വൊക്കേറ്റ്‌ എന്ന നിലയിലും തിളങ്ങുന്ന ഹാഷ്‌മിക്ക്‌ വിര്‍ജിനിയ കോളജില്‍ കാല്‍ നൂറ്റാണ്ടിലേറെ പ്രവര്‍ത്തന ചരിത്രമുണ്ട്‌. റെയ്‌നോള്‍ഡ്‌സ്‌ കമ്യൂണിറ്റി കോളജില്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ്‌ ഇന്‍ ടീച്ചിംഗ്‌ & ലേണിംഗ്‌ സ്ഥാപക ഡയറക്‌ടറാണ്‌. 

കമ്യൂണിറ്റി ബില്‍ഡിംഗ്‌ പ്രവര്‍ത്തനങ്ങളിലൂടെയും ഡയലോഗിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെയും സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവുമായ വിഭാഗീയതകളെ ഒഴിവാക്കാനാവുമെന്ന്‌ അവര്‍ കാണിച്ചുതരുന്നു. ഇന്ത്യയില്‍ നിന്ന്‌ അരനൂറ്റാണ്ടുമുമ്പ്‌ യു.എസിലെത്തിയ ഹാഷ്‌മി എമറി വാഴ്‌സിറ്റിയില്‍ നിന്ന്‌ ഇംഗ്ലീഷില്‍ ഡോക്‌ടറേറ്റ്‌ നേടി. 1991 മുതല്‍ റിച്ച്‌മണ്ടില്‍ താമസിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക