Image

ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്

Published on 13 June, 2019
 ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളത്തില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണത്തിനുശേഷം കേരളത്തില്‍ നിന്നും കടന്ന ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തില്‍ തിരിച്ചെത്തിയെന്ന് ക്രൈംബ്രാഞ്ച്. അര്‍ജ്ജുന്‍ കേരളത്തില്‍ എത്തിയതായി ബന്ധുക്കളാണ് ക്രൈംബ്രാഞ്ചിനെ അറിയിച്ചത്.

അതേസമയം മരണവുമായി ബന്ധപ്പെട്ട ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനുശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ തീരുമാനം.

സംഭവത്തിനുശേഷം കേരളത്തില്‍ നിന്നും കടന്ന ഇയാള്‍ അസമില്‍ ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അപകട സമയത്ത് വാഹനമോടിച്ചത് അര്‍ജുന്‍ ആണെന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി പറഞ്ഞത്.

മാത്രമല്ല അപകടസ്ഥലത്ത് ആദ്യമെത്തിയ ദൃക്‌സാക്ഷികളില്‍ ചിലരും ബാലഭാസ്‌ക്കര്‍ വണ്ടിയുടെ പിന്നിലായിരുന്നുവെന്നും മൊഴി നല്‍കിയികുന്നു. അതിനിടെ അന്വേഷണ സംഘം ചോദ്യം ചെയ്യല്‍ നടത്തുന്നതിനിടെ മൂന്നു തവണയാണ് അര്‍ജുന്‍ മൊഴി മാറ്റി നല്‍കിയത്. ഒരിക്കല്‍ താന്‍ ആണെന്ന് പറഞ്ഞ അര്‍ജ്ജുന്‍ പിന്നീട് ബാലഭാസ്‌ക്കറാണ് വണ്ടി ഓടിച്ചതെന്ന് മൊഴി മാറ്റിയിരുന്നു. പിന്നീട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അര്‍ജ്ജുനെ ചോദ്യം ചെയ്തപ്പോള്‍ വണ്ടി ഓടിച്ചത് ആരാണെന്നു ഓര്‍മയില്ലെന്നായിരുന്നു ഇയാള്‍ അറിയിച്ചത്.

അതേസമയം ബാലഭാസ്‌കറും കുടുംബവും രാത്രിയില്‍ യാത്ര ചെയ്തത് ആരുടേയും പ്രേരണയില്‍ അല്ലെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഹോട്ടലില്‍ മുറി ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി തങ്ങില്ലയെന്ന് ബാലഭാസ്‌ക്കര്‍ പറഞ്ഞിരുന്നുവെന്ന് ക്രൈംബ്രാഞ്ചിനു തെളിവ് ലഭിച്ചിട്ടുണ്ട്.

രാത്രി ഏറെ വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതാണെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമുള്ള ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക