Image

പുരോഗമനപ്രസ്ഥാനങ്ങളുടെ സഹയാത്രികനും, കവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു.

Published on 13 June, 2019
പുരോഗമനപ്രസ്ഥാനങ്ങളുടെ സഹയാത്രികനും, കവിയും ഗാനരചയിതാവുമായ പഴവിള രമേശന്റെ നിര്യാണത്തിൽ നവയുഗം വായനവേദി അനുശോചിച്ചു.
ദമ്മാം: പുരോഗമനകലാസാഹിതി മുൻ ഭാരവാഹിയും, പ്രശസ്ത കവിയും, സിനിമ ഗാനരചയിതാവുമായ പഴവിള രമേശന്റെ നിര്യാണത്തിൽ, നവയുഗം സംസ്ക്കാരികവേദി വായനവേദി കേന്ദ്രകമ്മിറ്റി അനുശോചനം അറിയിച്ചു.

ഒരു ഇടതുപക്ഷ ചിന്തകനായി മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം,  മലയാളകവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നു.  

കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍.എ. വേലായുധന്റെയും, കെ. ഭാനുക്കുക്കുട്ടിഅമ്മയുടെയും മകനായി ജനിച്ച പഴവിള രമേശൻ, കൊല്ലം എസ്.എൻ കോളേജിലും, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും വിദ്യാഭ്യാസത്തിനുശേഷം, കെ.ബാലകൃഷ്ണന്റെ കൗമുദി വാരികയുടെ പത്രാധിപസമിതി അംഗമായി പ്രവർത്തിച്ചു. 
 
വിദ്യാർത്ഥിയായിരിക്കെ കവിതകൾ എഴുതിത്തുടങ്ങിയ രമേശൻ 1950 കളിലും 60 കളിലും കൗമുദി, ജനയുഗം വാരികകളിൽ സ്ഥിരമായി കവിതകളും, ലേഖനങ്ങളും എഴുതി. നിരവധി കവിതാ സമാഹാരങ്ങളും ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
മഴയുടെ ജാലകം, ഞാന്‍ എന്റെ കാടുകളിലേക്ക് (കവിതാസമാഹാരങ്ങള്‍), ഓര്‍മ്മയുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര (ലേഖനസമാഹാരങ്ങള്‍), എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 
മാളൂട്ടി, അങ്കിള്‍ ബണ്‍, ഞാറ്റടി, ആശംസകളോടെ,  വസുധ തുടങ്ങിയ നിരവധി ചലചിത്രങ്ങളുടെ ഗാനരചന അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.

ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമ്പോൾ റിസർച്ച് ഓഫീസറായി ഉദ്യോഗത്തിൽ പ്രവേശിച്ച  അദ്ദേഹം, അസി.ഡയറക്ടറായാണ് സർവ്വീസിൽ നിന്ന് വിരമിച്ചത്.
കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള 2019ലെ പുരസ്കാരം അദ്ദേഹം നേടി. രണ്ടു ദിവസം മുൻപാണ് അക്കാദമി ഭാരവാഹികൾ പഴവിളയുടെ വസതിയിലെത്തി അദ്ദേഹത്തിന് അവാർഡ് കൈമാറിയത്.

  അദ്ദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യത്തിനുംപുരോഗമന പ്രസ്ഥാനങ്ങൾക്കും വലിയൊരു നഷ്ടമാണെന്ന് നവയുഗം നവയുഗം വായനവേദി കേന്ദ്രകമ്മിറ്റി  പ്രസ്താവനയിൽ പറഞ്ഞു..     

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക