Image

ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍

ജോയിച്ചന്‍ പുതുക്കുളം Published on 12 June, 2019
ചിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍
ചിക്കാഗോ: മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരുന്ന ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടെ തിരുനാള്‍ 2019 ജൂണ്‍ 28 മുതല്‍ ജൂലൈ 14 വരെ ഭക്ത്യാഢംബരമായി ആഘോഷിക്കുന്നു. ജൂണ്‍ 28 മുതല്‍ ജൂലൈ ഏഴാം തീയതി വരെ തോമാശ്ശീഹായോടുള്ള പ്രത്യേക നൊവേനയും, ഓരോ ദിവസവും ഇടവകയിലെ വിവിധങ്ങളായ വിശ്വാസി സമൂഹത്തെ അനുസ്മരിച്ച് സമര്‍പ്പിച്ചുള്ള ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ഇന്‍ഫന്റ് ജീസസ്, കുട്ടികള്‍, യുവജനങ്ങള്‍, രോഗികള്‍, ഗ്രാന്റ് പേരന്റ്‌സ് തുടങ്ങിയവരേയും ഓരോദിവസവും അനുസ്മരിക്കുന്നതാണ്.

ജൂണ്‍ 30-ന് രാവിലെ 10.30-നുള്ള ദിവ്യബലിക്കുശേഷം തിരുനാള്‍ കൊടിയേറ്റം നടത്തും. അന്നേദിവസം ഇടവകയിലെ യുവജനങ്ങള്‍ സേവനദിനമായി ആഘോഷിച്ചുകൊണ്ട് 'സീറോ ഇംപാക്ട് റൈസ് എഗനിസ്റ്റ് ഹങ്കര്‍- ഫീഡ് ദി ഹങ്കര്‍' എന്ന ഏജന്‍സിയുമായി സഹകരിച്ച് ഭക്ഷണപ്പൊതികള്‍ പായ്ക്ക് ചെയ്യുന്നതാണ്.

ജൂലൈ ഒന്നാം തീയതി രൂപതയുടെ സ്ഥാപനത്തിന്റെ ഓര്‍മ്മയും, രൂപാതാധ്യക്ഷനായ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക അനുസ്മരണവും ഉണ്ടായിരിക്കുന്നതാണ്. ജൂലൈ മൂന്നിനു ദക്‌റാന തിരുനാള്‍ ദിനത്തില്‍ മലയാളത്തിലും ജൂലൈ ആറിനു ഇംഗ്ലീഷിലും റാസ ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ അഞ്ചിന് മാര്‍ ജോയി ആലപ്പാട്ട് ദിവ്യബലിക്ക് നേതൃത്വം നല്‍കും. ബാലേശ്വര്‍ രൂപതയുടെ മുന്‍ മെത്രാന്‍ തോമസ് തിരുതാലില്‍ വചന സന്ദേശം നല്‍കുന്നതാണ്. അന്നേദിവസം ഇടവകയിലെ കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ കലാപരിപാടികളും, ആറാം തീയതി ഇടവകക്കാരുടെ കലാപരിപാടികളും അരങ്ങേറുന്നതാണ്.

ജൂലൈ ഏഴിന് പ്രധാന തിരുനാള്‍ ദിവസം അഞ്ചുമണിക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ദിവ്യബലിയില്‍ മുഖ്യകാര്‍മികനായിരിക്കും. വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ വചനസന്ദേശം നല്‍കും. ദിവ്യബലിക്കുശേഷം പ്രദക്ഷിണവും ലദീഞ്ഞും ഉണ്ടായിരിക്കും. സ്‌നേഹവിരുന്നിനുശേഷം കരിമരുന്ന് (വെടിക്കെട്ട്) കലാപ്രകടനവും ഉണ്ടായിരിക്കും. ജൂലൈ എട്ടിനു വൈകുന്നേരം മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രത്യേക അനുസ്മരണ കുര്‍ബാനയുണ്ടായിരിക്കും. ജൂലൈ 14-നു 9.30-നുള്ള കുര്‍ബാനയ്ക്കുശേഷം കൊടിയിറക്കും. ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ നേതൃത്വത്തില്‍ തിരുനാളിനു ഒരുക്കമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സെബാസ്റ്റ്യന്‍ അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക