Image

ബാലഭാസ്‌കറിന്റെ മരണത്തില്‍ കൊലപാതക സാധ്യതകള്‍ തളളി പ്രകാശ്‌ തമ്‌ബി

Published on 12 June, 2019
ബാലഭാസ്‌കറിന്റെ മരണത്തില്‍ കൊലപാതക സാധ്യതകള്‍ തളളി പ്രകാശ്‌ തമ്‌ബി


കൊച്ചി: വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരവേ കൊലപാതക സാധ്യതകള്‍ തളളി സുഹൃത്തും മുന്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുമായ പ്രകാശ്‌ തമ്‌ബി. ബാലഭാസ്‌കറിന്റേത്‌ അപകട മരണം തന്നെയാണ്‌ എന്ന്‌ പ്രകാശ്‌ തമ്‌ബി മാധ്യമങ്ങളോട്‌ വ്യക്തമാക്കി.

സ്വര്‍ണക്കടത്ത്‌ കേസില്‍ അറസ്റ്റിലാണ്‌ പ്രകാശ്‌ തമ്‌ബി. സ്വര്‍ണക്കടത്തുമായി ബാലഭാസ്‌കറിന്റെ മരണത്തിന്‌ ബന്ധമില്ലെന്നും കോടതിയില്‍ ഹാജാരാക്കാന്‍ കൊണ്ട്‌ വരികെ പ്രകാശ്‌ തമ്‌ബി മാധ്യമങ്ങളോട്‌ പറഞ്ഞു.


ബാലഭാസ്‌കറിന്‌ അപകടം ഉണ്ടായപ്പോള്‍ ഒരു സഹോദരനെ പോലെ താന്‍ കൂടെ നിന്നു. അതാണോ താന്‍ ചെയ്‌ത തെറ്റ്‌ എന്നും പ്രകാശ്‌ തമ്‌ബി ചോദിച്ചു. അപകട ദിവസം കാര്‍ ഓടിച്ചിരുന്നത്‌ ബാലഭാസ്‌കര്‍ അല്ലെന്നും മറിച്ച്‌ അര്‍ജുനായിരുന്നുവെന്നും പ്രകാശ്‌ തമ്‌ബി വെളിപ്പെടുത്തി.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്‌ 25 കിലോ സ്വര്‍ണം പിടികൂടിയ കേസിലാണ്‌ പ്രകാശ്‌ തമ്‌ബി റിമാന്‍ഡില്‍ കഴിയുന്നത്‌. അറസ്റ്റിലായപ്പോള്‍ തന്നെ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചാണ്‌ മൊഴി എടുത്തത്‌ എന്ന്‌ പ്രകാശ്‌ തമ്‌ബി കോടതിയില്‍ ആരോപിച്ചു.

പ്രകാശ്‌ തമ്‌ബിയേയും സ്വര്‍ണക്കടത്ത്‌ കേസിലെ മറ്റൊരു പ്രതിയായ വിഷ്‌ണുവിനേയും ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ പോലീസ്‌ സംശയിക്കുന്നുണ്ട്‌.

ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ ക്രൈം ബ്രാഞ്ചാണ്‌ അന്വേഷണം നടത്തുന്നത്‌. അപകട ദിവസം ആരാണ്‌ വാഹനം ഓടിച്ചത്‌ എന്നത്‌ സംബന്ധിച്ച്‌ ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല.

പരസ്‌പര വിരുദ്ധമായ മൊഴികളാണ്‌ ഇത്‌ സംബന്ധിച്ച്‌ അന്വേഷണ സംഘത്തിന്‌ ലഭിക്കുന്നത്‌. ഇക്കഴിഞ്ഞ സെപ്‌റ്റംബര്‍ 28നാണ്‌ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്‌. ഒക്ടോബര്‍ 2ന്‌ ബാലഭാസ്‌കര്‍ മരണത്തിന്‌ കീഴടങ്ങി


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക