Image

ഹിറ്റ്‌ലറുടെ ആത്മകഥ പുനഃപ്രസിദ്ധീകരണം ജര്‍മനിയിലെ ജൂതര്‍ സ്വാഗതം ചെയ്‌തു

ജോസ്‌ കുമ്പിളുവേലില്‍ Published on 27 April, 2012
ഹിറ്റ്‌ലറുടെ ആത്മകഥ പുനഃപ്രസിദ്ധീകരണം ജര്‍മനിയിലെ ജൂതര്‍ സ്വാഗതം ചെയ്‌തു
ബര്‍ലിന്‍: ഹിറ്റ്‌ലറുടെ ആത്മകഥയും പ്രകടനപത്രികയുമായ മൈന്‍ കാംപ്‌ഫ്‌ (മൈ സ്‌ട്രഗിള്‍/എന്റെ പോരാട്ടം/യുദ്ധം) ) രണ്‌ടാം ലോക യുദ്ധത്തിനു ശേഷം ആദ്യമായി പുനഃപ്രസിദ്ധീകരിക്കുന്നു. പരിഷ്‌കരിച്ച പതിപ്പിനെ ജര്‍മനിയിലെ ജൂത സമൂഹം സ്വാഗതം ചെയ്യുന്നതായി ജൂതരുടെ കേന്ദ്രകൗണ്‍സില്‍ ചെയര്‍മാന്‍ ഡീറ്റര്‍ ഗ്രൗമാന്‍ അറിയിച്ചു.

തെക്കന്‍ സ്റ്റേറ്റായ ബവേറിയയ്‌ക്കാണ്‌ മൈന്‍ കാംപ്‌ഫിന്റെ പകര്‍പ്പവകാശം. 1945ല്‍ ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്‌ത ശേഷം പുനഃപ്രസിദ്ധീകരണം അധികൃതര്‍ അനുവദിച്ചിരുന്നില്ല. ഇപ്പോള്‍ ചരിത്രകാരന്‍മാരുടെ വിശദീകരണങ്ങള്‍ സഹിതമാണ്‌ പുതിയ പതിപ്പ്‌ പുറത്തിറക്കുന്നത്‌. ഇതിനായി 5 ലക്ഷം യൂറോയുടെ പ്രോജക്‌ടാണ്‌ തയാറാക്കുന്നത്‌. ഇംഗ്ലീഷ്‌ പതിപ്പിനൊപ്പം ഇലക്‌ട്രോണിക്‌ ബുക്കും, ഓഡിയോ പതിപ്പും, ജര്‍മന്‍ വ്യാഖ്യാനവും ഉള്‍പ്പെടും.

2015 ല്‍ സര്‍ക്കാരിന്‌ ഇതിന്‍മേലുള്ള പകര്‍പ്പവകാശം അവസാനിക്കും. അതിനു ശേഷം സ്വകാര്യ പ്രസാധകര്‍ക്ക്‌ ഇതു നിര്‍ബാധം പുനഃപ്രസിദ്ധീകരിക്കാനും സാധിക്കും. ഈ സാഹചര്യത്തില്‍ പകര്‍പ്പവകാശം കഴിയുന്നതിനു മുന്‍പു തന്നെ സ്‌കൂളുകളെ മാത്രം ഉദ്ദേശിച്ച്‌ ഒരു പ്രത്യേക പതിപ്പ്‌ കൂടി പുറത്തിറക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്‌ട്‌. 1945 നു ശേഷം മൈന്‍ കാംപ്‌ഫിന്റെ ഏതാണ്‌ട്‌ 10 മില്യന്‍ കോപ്പികള്‍ വിറ്റഴിഞ്ഞിട്ടുണ്‌ടെന്നാണ്‌ കണക്ക്‌. നാസി സ്റ്റേറ്റില്‍ 1936 ന്‌ ശേഷം വിവാഹിതരായ ദമ്പതികള്‍ക്ക്‌ ഈ പുസ്‌തകം വിവാഹ സമ്മാനമായി നല്‍കിയിരുന്നു.

അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ ആത്മകഥ മൈന്‍ കാംപ്‌ഫ്‌ പുന:പ്രസിദ്ധീകരിക്കുന്നത്‌ മ്യൂണിച്ച്‌ കോടതി നേരത്തെ തടഞ്ഞിരുന്നു. ആത്മകഥയുടെ ചില ഭാഗങ്ങള്‍ മാത്രം റീപ്രിന്റ്‌ ചെയ്യാനാണ്‌ അന്ന്‌ ബ്രിട്ടീഷ്‌ പ്രസാധകന്‍ ഉദ്ദേശിച്ചിരുന്നത്‌. ഇതു പകര്‍പ്പവകാശത്തിന്റെ ലംഘനമാകുമെന്നു ചൂണ്‌ടിക്കാട്ടിയാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.

പുസ്‌തകത്തിലെ ഭാഗങ്ങള്‍ക്കൊപ്പം ചരിത്രകാരന്‍മാരുടെ വിശകലനങ്ങളും ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നു പീറ്റര്‍ മക്‌ഗീ എന്ന പ്രസാധകന്‍. കോടതിയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുകയും ചെയ്‌തിരുന്നപ്പോഴാണ്‌ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

1925 ജൂലൈ 18 നാണ്‌ മൈന്‍ കാംപ്‌ഫ്‌ പുറത്തിറങ്ങിയത്‌.ഹിറ്റ്‌ലര്‍ സ്വപ്‌നംകണ്‌ട ജര്‍മനിക്കുവേണ്‌ടിയുള്ള നയങ്ങളുടെ രജതരേഖയായിരുന്നു ഇതില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്‌. ആര്യ വംശത്തിന്റെ റേഷ്യല്‍ പ്യൂരിറ്റി ഇതില്‍ പ്രതിപാദിച്ചിരുന്നെങ്കിലും ജൂതരോടും കമ്യൂണിസ്റ്റ്‌കാരോടും ഉള്ള വിരോധം മുഴുവന്‍ തത്വങ്ങള്‍ നിരത്തി ആത്‌മകഥയില്‍ വ്യക്തമാക്കിയിരുന്നത്‌ ഒരുതരത്തില്‍ നാസിസത്തിന്റെ മറ്റൊരു മുഖംകൂടിയായിരുന്നു.

1923 ല്‍ ബവേറിയയിലെ ജയിലില്‍ കിടന്നു കൊണ്‌ടാണ്‌ ഹിറ്റ്‌ലര്‍ ഈ പുസ്‌തകം എഴുതിയത്‌. ഹിറ്റ്‌ലറുടെ ആത്മകഥയായ മെമന്‍ കാംപ്‌ഫിന്‌ കഴിഞ്ഞ 67 വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന പ്രസിദ്ധീകരണ വിലക്ക്‌ ഇതോടെ ഇല്ലാതാകും

ഇന്റര്‍നെറ്റിലും മറ്റു ലോകരാജ്യങ്ങളിലും മൈന്‍ കാംപ്‌ഫ്‌ ഇപ്പോള്‍ വളരെയധികം പ്രചാരം നേടിത്തുടങ്ങിയിരിക്കുന്ന സാഹചര്യത്തിലാണ്‌ സര്‍ക്കാരിന്റെ പുതിയ മനംമാറ്റം ഉണ്‌ടായിരിക്കുന്നത്‌. കൂടാതെ ജര്‍മനിയിലെ മറ്റു സംസ്ഥാനങ്ങളും ഇതിനെ പിന്‍താങ്ങാന്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു.

നാസി ചിന്ത മുന്‍പ്‌ പ്രോത്സാഹിപ്പിക്കുമെന്ന ആശങ്കമൂലമാണ്‌ അന്ന്‌ നിരോധിക്കപ്പെട്ടിരുന്നതെങ്കിലും ഇപ്പോള്‍ നാസി വിദ്വേഷ പരാമര്‍ശങ്ങള്‍ നീക്കംചെയ്‌ത വേര്‍ഷനാവും വിദ്യാലയങ്ങളില്‍ പഠന വിഷയമാക്കുന്നത്‌.
ഹിറ്റ്‌ലറുടെ ആത്മകഥ പുനഃപ്രസിദ്ധീകരണം ജര്‍മനിയിലെ ജൂതര്‍ സ്വാഗതം ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക