Image

ബിഷപ് ഫ്രാങ്കോകേസ്; അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നും സ്ഥലംമാറ്റിയതില്‍ കടുത്ത പ്രതിഷേധവുമായി കന്യാസ്ത്രികള്‍

Published on 12 June, 2019
ബിഷപ് ഫ്രാങ്കോകേസ്; അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നും സ്ഥലംമാറ്റിയതില്‍ കടുത്ത പ്രതിഷേധവുമായി കന്യാസ്ത്രികള്‍

കൊച്ചി: ബിഷപ്പിനെതിരായ ബലാത്സംഗക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ കോട്ടയം ജില്ലയില്‍ നിന്നും മാറ്റിയതോടെ കടുത്ത പ്രതിഷേധം. അന്വേഷണ ഉദ്യോഗസ്ഥനെ  സ്ഥലംമാറ്റത്തിനെതിരെ സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സിലും കന്യാസ്ത്രികളും രംഗത്ത് വന്നു.  സ്ഥലം മാറ്റം  ഉന്നത ഇടപെടലിന്റെ ഭാഗമായാണെന്നാണ് ആരോപണം. ഡിവൈഎസ്പി സുഭാഷിനെ തൊടുപുഴ വിജിലന്‍സിലേക്കാണ് മാറ്റിയത്. വിചാരണ ആരംഭിക്കാനിരിക്കുന്ന കേസില്‍ ഉദ്യോഗസ്ഥനെ മാറ്റുന്നത് കേസ് ദുര്‍ബലം ആക്കുമെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്ന് സേവ് ഔര്‍ സിസ്‌റ്റേഴ്‌സ് കണ്‍വീനര്‍ ഫെലിക്‌സ് ജെ പുല്ലാടന്‍, ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍ പറഞ്ഞു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ആരോപണം ശക്തമാണ്. 

"കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി സംശയിക്കുന്നുവെന്നും ഇതിന്റെ ഭാഗമായിട്ടാണോ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ ഇപ്പോള്‍ സ്ഥലം മാറ്റിയതെന്ന് സംശയമുണ്ടെന്നും ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകയായ സിസ്റ്റര്‍ അനുപമ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.തങ്ങള്‍ക്ക് വലിയ ആശങ്കയാണുളളത്. ഇതിനു പിന്നില്‍ ബിഷപ് ഫ്രാങ്കോയുടെ ആസൂത്രിത നീക്കമുണ്ടോയെന്ന് തങ്ങള്‍ക്ക് ബലമായ സംശയമുണ്ട്.

നല്ല രീതിയിലാണ് കേസിന്റെ അന്വേഷണം മുന്നോട്ടു പോയിരുന്നത്. അതിനിടയില്‍ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സംശയത്തിനിടയാക്കുന്നതാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു. ഇത് സംബന്ധിച്ച് ഉന്നത ഉദ്യോസ്ഥരെ കണ്ട് പരാതി നല്‍കുന്നത് സംബന്ധിച്ച് സേവ് ഔര്‍ സിസ്റ്റേഴ്‌സ് സമരസമിതിയുമായി ആലോചിച്ച് തീരുമാനിക്കും.കേസ് കഴിയുന്നതുവരെയെങ്കിലും ഡിവൈഎസ്പി സുഭാഷിനെ സ്ഥലം മാറ്റരുതെന്നാണ് തങ്ങളുടെ ആവശ്യമെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.കേസിന്റെ കുറ്റപത്രം നല്‍കിയെങ്കിലും വിചാരണ ആരംഭിക്കാനിരിക്കുന്നതേയുള്ളു. ഈ ഘട്ടത്തില്‍ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നത് സംശയത്തിനിട നല്‍കുന്നതാണെന്നും ഇവര്‍ പറയുന്നു."ഡിവൈഎസ്പി സുഭാഷിനെ കൂടാതെ കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന കോട്ടയം എസ് പി ഹരിശങ്കറിനെയും സ്ഥലം മാറ്റിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക