Image

കത്വ പീഡനക്കേസ്‌: മൂന്ന്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം, മൂന്ന്‌ പേര്‍ക്ക്‌ അഞ്ചു വര്‍ഷം തടവ്‌

Published on 10 June, 2019
കത്വ പീഡനക്കേസ്‌: മൂന്ന്‌ പ്രതികള്‍ക്ക്‌ ജീവപര്യന്തം,  മൂന്ന്‌ പേര്‍ക്ക്‌ അഞ്ചു വര്‍ഷം തടവ്‌


രാജ്യത്തെ നടുക്കിയ കത്വ പീഡനക്കേസില്‍ കുറ്റക്കാരെന്ന്‌ കണ്ടെത്തിയ ആറ്‌ പേരില്‍ മൂന്ന്‌ പേര്‍ക്ക്‌ ജീവപര്യന്തം തടവ്‌. മറ്റു മൂന്ന്‌ പേര്‍ക്ക്‌ അഞ്ചു വര്‍ഷം തടവും 50,000 രൂപ വീതം പിഴയും വിധിച്ച്‌ കോടതി. പത്താന്‍കോട്ട്‌ ഡിസ്‌ട്രിക്ട്‌ ആന്‍ഡ്‌ സെഷന്‍സ്‌ കോടതിയാണ്‌ ഇന്ന്‌ വൈകിട്ട്‌ വിധി പുറപ്പെടുവിച്ചത്‌.

ഗ്രാമമുഖ്യന്‍ സാഞ്ചി റാം, പര്‍വേഷ്‌ കുമാര്‍, പൊലീസ്‌ ഉദ്യോഗസ്ഥരായ ദീപക്‌ ഖജൂരിയ എന്നിവര്‍ക്കാണ്‌ ജീവപര്യന്തം. എസ്‌.ഐ ആനന്ദ്‌ ദത്ത, സുരേന്ദര്‍ വര്‍മ, ഹെഡ്‌ കോണ്‍സ്റ്റബിള്‍ തിലക്‌ രാജ്‌ എന്നിവര്‍ക്ക്‌ അഞ്ച്‌ വര്‍ഷം വീതം തടവുശിക്ഷയും 50,000 രൂപ വീതം പിഴയും വിധിച്ചു. ഇവര്‍ കുറ്റക്കാരെന്ന്‌ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. സാഞ്ചി റാമിന്റെ മകന്‍ വിശാലിനെ വെറുതെ വിട്ടു.

സുപ്രീം കോടതി ഉത്തരവ്‌ പ്രകാരം വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ്‌ വിചാരണ ആരംഭിച്ചത്‌ . 275 സിറ്റിങ്ങുകള്‍ ഉണ്ടായ കേസില്‍ 132 സാക്ഷികളെയാണ്‌ വിസ്‌തരിച്ചത്‌. നഗരത്തിലും കോടതിക്ക്‌ സമീപത്തും കനത്ത സുരക്ഷയാണ്‌ പൊലീസ്‌ ഒരുക്കിയിരിക്കുന്നത്‌.

ഇരയുടെ കുടുംബത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ്‌ പ്രകാരമാണ്‌ കേസ്‌ ജമ്മു കശ്‌മീരില്‍ നിന്നും പത്താന്‍കോട്ടിലേക്ക്‌ മാറ്റിയത്‌. കഴിഞ്ഞ ഏപ്രിലില്‍ ക്രൈം ബ്രാഞ്ച്‌ ഉദ്യോഗസ്ഥര്‍ ചാര്‍ജ്‌ഷീറ്റ്‌ സമര്‍പ്പിക്കുന്നത്‌ ചില അഭിഭാഷകര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു കേസ്‌ ജമ്മുകശ്‌മീരില്‍ നിന്ന്‌ പത്താന്‍കോട്ടിലേക്ക്‌ മാറ്റാന്‍ കുടുംബം ആവശ്യപ്പെട്ടത്‌.

കേസിന്റെ വിചാരണ ജൂണ്‍ മൂന്നിനാണ്‌ അവസാനിച്ചത്‌. സഞ്‌ജി റാമില്‍ നിന്ന്‌ നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങി കേസിലെ തെളിവുകള്‍ നശിപ്പിച്ചു എന്നതാണ്‌ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കെതിരെ ചുമത്തിയിരുന്ന കുറ്റം.

2018 ജനുവരി 17നാണ്‌ ജമ്മു കശ്‌മീരിലെ കത്വ ജില്ലയിലെ ഒരു ഗ്രാമത്തില്‍ എട്ടു വയസ്സുകാരി യെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. കേസില്‍ അന്വേഷണം നടത്തിയ പോലീസ്‌ പെണ്‍കുട്ടി സമീപത്തെ ക്ഷേത്രത്തില്‍ വെച്ച്‌ ദിവസങ്ങളോളം ക്രൂരമായ പീഡനത്തിനിരയാവുകയും പിന്നീട്‌ കൊല്ലപ്പെടുകയായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക