Image

പ്രേക്ഷകരിലാകെ പടരുന്ന വൈറസ്‌

Published on 10 June, 2019
പ്രേക്ഷകരിലാകെ പടരുന്ന വൈറസ്‌


നിപ്പ-സംസ്ഥാനത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ വൈറസ്‌. എന്ത്‌, എങ്ങനെ, എവിടെ നിന്ന്‌ ? ആര്‍ക്കും ഒന്നും അറിയില്ല. ശരീരത്തെ ഗ്രസിച്ചാല്‍ മരണത്തിന്റെ കൈകളിലേക്കാണ്‌ ആ അദൃശ്യനായ വൈറസ്‌ നമ്മെ എത്തിക്കുക. രക്ഷപെടാനുളള സാധ്യതകളും വളരെ കുറവ്‌.

വൈദ്യശാസ്‌ത്രത്തിനു മുന്നിലും ഭരണകൂടത്തിന്റെ മുന്നിലും ആരോഗ്യ മേഖലയിലെ പ്രതിരോധ സംവിധാനങ്ങളെയും ഒന്നാകെ വെല്ലുവിളിച്ചു കൊണ്ട്‌ കേരള ജനതയെ ആകെ ഭീതിയിലാഴ്‌ത്തിയ നിപ്പ. എങ്കിലും ആദ്യത്തെ ഭയവും അമ്പരപ്പും ഒഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ ജനങ്ങളും അതില്‍ പങ്കു ചേര്‍ന്നു. മരണത്തെ മുഖാമുഖം കാണുന്ന പ്രതിസന്ധികളില്‍ ജാതിമത ഭേദമന്യേ ഒരുമിച്ചു നില്‍ക്കാനുള്ള കേരള ജനതയുടെ കഴിവ്‌ ഒരിക്കല്‍ കൂടി പ്രകടമായ അവസരമായിരുന്നു നിപ്പയെ തുരത്താനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍.

ആഷിഖ്‌ അബു സംവിധാനം ചെയ്‌ത വൈറസ്‌ എന്ന ചിത്രം റിലീസ്‌ ചെയ്യുന്നതിനു തൊട്ടു മുമ്പു തന്നെ നിപ്പ വൈറസ്‌ വീണ്ടും ഒരാളില്‍ കണ്ടെത്തിയെന്ന വാര്‍ത്തയെത്തിയതും അതിന്റെ തുടര്‍ന്ന്‌ ഇന്നു വരെ പുറത്തു വരുന്ന യാദൃശ്ചികതകളും പ്രേക്ഷകനില്‍ കൗതുകമുണര്‍ത്തും എന്നു പറയാതെ വയ്യ. കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തിലെ ഒരു സാധാരണ ദിവസത്തില്‍ നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌.

അവിടേക്ക്‌ ഒരേ രോഗലക്ഷണങ്ങളുമായെത്തുന്ന കുറേ രോഗികള്‍. എന്നാല്‍ ഇവര്‍ പെട്ടെന്നു തന്നെ മരണത്തിനു കീഴടങ്ങുന്നത്‌ ഡോക്‌ടര്‍മാരില്‍ ആശങ്കയുണര്‍ത്തുന്നു. ഇതേ തുടര്‍ന്ന്‌ ഇതിനു കാരണം നിപ്പ വൈറസ്‌ ആണെന്ന നിഗമനത്തില്‍ എത്തുകയാണ്‌ മെഡിക്കല്‍ കോളേജ്‌ അധികൃതര്‍. പേരാമ്പ്രയിലെ ഒരു കുടുംബത്തില്‍നിന്നാണ്‌ രോഗം പൊട്ടിപുറപ്പെടുന്നത്‌. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ രോഗകാരണം കണ്ടെത്തിയപ്പോഴേക്കും അത്‌ പലരിലേക്കും പടര്‍ന്നിരുന്നു.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.സുരേഷ്‌ രാജന്‍ കൂടി ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട്‌ എത്തുന്നതോടെ രോഗത്തെ കുറിച്ചും രോഗകാരണമാകുന്ന വൈറസ്‌ എത്രത്തോളം മരണകാരണമാണ്‌ എന്നത്‌ വെളിവാക്കപ്പെടുന്നു. ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ശേഷിയുള്ള വൈറസിനെ തുരത്താന്‍ നിലവില്‍ മരുന്നുകളൊന്നുമില്ല എന്നതും അറിയുന്നു.

ഇതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ ആരാഞ്ഞുകൊണ്ട്‌ നിപ്പ വൈറസിനെ കുറിച്ചുള്ള ഭീതി ജനങ്ങളില്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുകയാണ്‌ അവര്‍. രണ്ടാം പകുതിയില്‍ രോഗത്തിന്റെ യഥാര്‍ത്ഥ ഉറവിടം തേടി ഡോ.സുരേഷ്‌ രാജനും കമ്മ്യൂണിററി മെഡിസിന്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഡോ. അനുവും നടത്തുന്ന അന്വേഷണങ്ങളും അതിലൂടെ അവര്‍ കണ്ടെത്തുന്ന ചില സത്യങ്ങളുമാണ്‌ അനാവരണം ചെയ്യപ്പെടുന്നത്‌.

നിപ്പ ബാധിതരായ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെ രോഗബാധിതയായി മരണം വരിക്കേണ്ടി വന്ന നഴ്‌സ്‌ ലിനിയുടെ സ്ഥാനത്ത്‌ നഴ്‌സ്‌ അഖിലയായി വന്ന്‌ അവരുടെ ജീവിതകഥ കൂടി പറഞ്ഞത്‌ ചിത്രത്തിന്‌ കൂടുതല്‍ മിഴിവേകിയിട്ടുണ്ട്‌. എങ്കിലും രോഗത്തിന്റെ ഭയാനകത അറിയുമ്പോഴും താന്‍ അതിന്റെ പിടിയിലമര്‍ന്നു എന്നറിയുമ്പോഴുള്ള അഖിലയുടെ ഭയവും വേദനയും അതോടൊപ്പം നിശ്ചയദാര്‍ഢ്യവും കുറച്ചു കൂടി വെളിപ്പെടുത്താമായിരുന്നു എന്നു തോന്നിപ്പോകും.

നിപ്പ പരത്തുന്ന ഭീതിയും അതിനെ ചെറുക്കാന്‍ ഭരണകൂടവും ജനങ്ങളും ഒറ്റക്കെട്ടായി പൊരുതുന്നതും അതിജീവിക്കുന്നതിനുമാണ്‌ ചിത്രത്തില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌ . അതിനാല്‍ വ്യക്തിജീവിതങ്ങളുടെ ആഴങ്ങളിലേക്ക്‌ സിനിമ കൂടുതല്‍ ഇറങ്ങി ചെല്ലാന്‍ ശ്രമിച്ചിട്ടില്ല.

രോഗത്തെ തുരത്തുന്നതിനായി രാപ്പകല്‍ ഇല്ലാതെ കഷ്‌ടപ്പെട്ട ഒരു ഉദ്യോഗസ്ഥവൃന്ദത്തെ അവര്‍ ഓരോ സമയങ്ങളിലായി നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച്‌, നിപ്പയാണെന്നറിയുന്നതോടെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടുപോകുന്നവരുടെ വേദന, അത്‌ അവര്‍ പറഞ്ഞല്ലാതെ നേരിട്ടു കാണിക്കാന്‍ എന്തു കൊണ്ടോ സംവിധായകന്‍ ശ്രമിച്ചിട്ടില്ല. സൗബിന്‍ താഹിര്‍ എന്ന കഥാപാത്രമാണ്‌ തന്നെ അകറ്റി നിര്‍ത്താന്‍ സ്രമിച്ച നാട്ടുകാരോട്‌ പ്രതികരിക്കുന്നത്‌.

സമൂഹത്തെ ഭീതിയിലാഴ്‌ത്തുന്നതോടൊപ്പം അത്‌ ഉറ്റവരെ കവര്‍ന്നെടുത്ത്‌ ജീവിക്കുന്നവരെ അനാഥമാക്കുന്നതിന്റെ വേദനയും നമുക്ക്‌ കാട്ടിത്തരുന്നു. ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നവരെല്ലാം തീര്‍ത്തും അതിന്‌ യോജിച്ചവര്‍ തന്നെ. ആരോഗ്യ വകുപ്പ്‌ മന്ത്രി പ്രമീളയായി എത്തിയ രേവതി, നഴ്‌സ്‌ ലിനിയായി എത്തിയ റീമ കല്ലിങ്കല്‍, ഡോ.അനുവായി പാര്‍വതി, കലക്‌ടറായി ടൊവീനോ , ഡോ,സുരേഷ്‌ രാജനായി കുഞ്ചാക്കോ ബോബന്‍, വിഷ്‌ണുവായി ആസിഫ്‌ അലിയും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്‌.

ഉദ്യോഗസ്ഥര്‍ ഒറ്റക്കെട്ടായി വലിയ തോതില്‍ അതിജീവനത്തിനായി പൊരുതിയ കഥ പറയുമ്പോള്‍ മന്ത്രിക്ക്‌ കൂടുതല്‍ പ്രാമുഖ്യം നല്‍കിയെന്ന തോന്നല്‍ ഉണ്ടാകാതിരിക്കാനാണോ എന്നറിയില്ല രേവതി അവതരിപ്പിച്ച ആരോഗ്യ മന്ത്രിക്ക്‌ ചിത്രത്തില്‍ അധികം സംഭാഷണം ഇല്ല.

വളരെ റിയലിസ്റ്റിക്കായി സിനിമ എടുക്കാന്‍ സംവിധായന്‌ സാധിച്ചിട്ടുണ്ട്‌. മുഹ്‌സിന്‍ പരാരി, സുഹാസ്‌, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്‌ ചിത്രത്തിന്റെ കഥ നിര്‍വഹിച്ചിരിക്കുന്നത്‌. സാങ്കേതിക വിഭാഗത്തിലും ഏറ്റവും വൈദഗ്‌ധ്യമുള്ളവരെ തന്നെ തിരഞ്ഞെടുത്തതിന്റെ ഗുണം ഓരോ ഫ്രയിമിലും കാണാനാകും. രാജീവ്‌ രവിയുടെ ഛായാഗ്രഹണം ഹൃദയത്തില്‍ തൊട്ടു നില്‍ക്കുന്നു. സുഷിന്‍ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ ആകെയുള്ള മൂഡിനനുസരിച്ചുള്ളതാണ്‌.

കേരളത്തെയാകെ ഗ്രസിക്കുമായിരുന്ന, ഒരു പക്ഷേ നൂറുകണക്കിനാളുകളെ മമരണത്തിന്റെ വഴിയിലേക്ക്‌ കൊണ്ടു പോകുമായിരുന്ന നിപ്പയെന്ന രോഗത്തെ അതിസമര്‍ത്ഥമായി പിടിച്ചു കെട്ടാന്‍ സാധിച്ചത്‌ കുറേയേറെ പേരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം കൊണ്ടാണ്‌. അത്‌ ആതുരസേവനത്തിന്റെ ചരിത്രത്തില്‍ തന്നെ എഴുതപ്പെടേണ്ടതുണ്ട്‌. എന്തായിരുന്നു നിപ്പയെന്നും ഓരോരുത്തരും അതിനെ അതിജീവിക്കാനായി എന്തു ചെയ്‌തുവെന്നും ഇവിടെ രേഖയുണ്ടായിരിക്കണം.

അതിനുള്ള മികച്ച പരിശ്രമമായിരുന്നു ആഷിഖ്‌ അബു എന്ന സംവിധായകന്‍ നടത്തിയത്‌. അതില്‍ ഈ സിനിമയുടെ അണിയറക്കാര്‍ വിജയം കണ്ടുവെന്ന്‌ പറയാം. കാരണം തിയേറ്ററില്‍ നിറഞ്ഞിരിക്കുന്ന പ്രേക്ഷകരും അതില്‍ തന്നെയുള്ള ന്യൂ ജെനറേഷന്‍ കുട്ടികളുടെ എണ്ണവും സിനിമ തുടങ്ങുമ്പോള്‍ റിമ കല്ലിങ്കല്‍ അവതരിപ്പിക്കുന്ന ...എന്ന ടൈറ്റില്‍ കാണുമ്പോള്‍ ഉയരുന്ന കൈയ്യടിയുമെല്ലാം വൈറസ്‌ മലയാള പ്രേക്ഷകരിലാകെ പടരുകയാണെന്ന്‌ തെളിയിക്കുന്നു. ധൈര്യമായി ടിക്കറ്റെടുക്കാം ഈ ചിത്രത്തിന്‌.










































Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക