Image

മണിസാറും ടീമും വരുന്നു !!! ഉണ്ട ജൂണ്‍ 14 ന് തിയേറ്ററുകളിലേക്ക്

Published on 10 June, 2019
മണിസാറും ടീമും വരുന്നു !!! ഉണ്ട ജൂണ്‍ 14 ന് തിയേറ്ററുകളിലേക്ക്
മമ്മൂട്ടി നായകനാകുന്ന ഖാലിദ് റഹ്മാന്‍ ചിത്രം ഉണ്ട ജൂണ്‍ 14 ന് തിയറ്ററുകളിലെത്തും. നേരത്തെ ഈദിന് തിയറ്ററിലെത്തുമെന്ന പ്രതീക്ഷിച്ച ചിത്രം നിയമകുരുക്കില്‍പ്പെട്ടതോടെയാണ് റിലീസ് നീട്ടിയിരുന്നത്. റിസര്‍വ് വനത്തില്‍ അനുമതിയില്ലാതെ ചിത്രീകരിച്ചു എന്ന പരാതിയാണ് ഉണ്ടക്കു വിനയായത്.ചലച്ചിത്രതാരം ധര്‍മ്മജന്‍ ബോല്‍ഗാട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് ഉണ്ടയുടെ റിലീസിങ് ഡേറ്റ് പുറത്തുവിട്ടത്. ഖാലിദ് റഹ്മാന്‍ കഥയും ഹര്‍ഷദ് തിരക്കഥയും എഴുതിയ ചിത്രത്തില്‍ കേരളത്തില്‍ നിന്നും ഉത്തരേന്ത്യയിലെ നക്‌സല്‍ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാര്‍ക്ക് സംഭവിക്കുന്ന കാര്യങ്ങളാണ് പ്രതിപാദ്യം.

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ഖാലിദ് റഹ്മാന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഛത്തീസ്ഗഢിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണിത്. 2014 ലെ മലയാള മനോരമ പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയാണ് ആധാരം. ഒരു വെടിയുണ്ടയുമായി ഇത് ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. നിരവധി പോലീസ് വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള മമ്മൂട്ടിയുടെ വ്യത്യസ്തമായൊരു പോലീസ് ഭാവമാവും ഉണ്ടയിലേതെന്നും ഖാലിദ് പറഞ്ഞിരുന്നു.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സജിത് പുരുഷനാണ് ഛായാഗ്രഹണം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍, ലുക്മാന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക