Image

ആയുധക്കോഴ : ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരന്‍

Published on 27 April, 2012
ആയുധക്കോഴ : ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരന്‍
ന്യൂഡല്‍ഹി: വ്യാജ ആയുധക്കമ്പനികള്‍ക്കുവേണ്ടി പ്രതിരോധ മന്ത്രാലയത്തോട് ശിപാര്‍ശ ചെയ്തുവെന്ന കേസില്‍ ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണ്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി പ്രത്യേക സിബിഐ കോടതി കണ്‌ടെത്തി. ബംഗാരു ലക്ഷ്മണിന്റെ ശിക്ഷ ശനിയാഴ്ച വിധിക്കും. ആയുധ ഇടപാട് നടത്താനായി ബംഗാരു ലക്ഷ്മണ്‍ കൈക്കൂലി വാങ്ങുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ തെഹെല്‍ക ഡോട് കോം നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം ബംഗാരു ലക്ഷ്മണ് നഷ്ടമായിരുന്നു.

ഇന്ത്യന്‍ കരസേനയ്ക്ക് തെര്‍മല്‍ ഇമേജര്‍ നല്‍കുന്ന കരാറിന് യുകെ കമ്പനിയായ വെസ്റ്റ്എന്‍ഡ് ഇന്റര്‍നാഷണലിനുവേണ്ടി ശിപാര്‍ശ നടത്തണമെന്ന് ആവശ്യപ്പെട്ടാണ് തെഹല്‍ക പ്രതിനിധികള്‍ അന്ന് ബിജെപി അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണെ സമീപിച്ചത്. ഇതിനായി തെഹല്‍ക പ്രതിനിധികള്‍ ഒരു ലക്ഷം രൂപ കോഴ നല്‍കുകയും ഈ തുക ബംഗാരു ലക്ഷ്മണ്‍ തന്റെ മേശവലിപ്പിലേക്ക് ഇടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ 2001 മാര്‍ച്ച് 13നാണ് തെഹല്‍ക പുറത്തുവിട്ടത്. എന്നാല്‍ സംഭവം വിവാദമായതോടെ പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവനയായാണ് പണം സ്വീകരിച്ചതെന്നായിരുന്നു ബംഗാരു ലക്ഷ്മണിന്റെ വാദം.

അന്ന് പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പാര്‍ട്ടി അംഗമായ ജയാ ജെയ്റ്റ്‌ലിയെ സന്ദര്‍ശിച്ചും തെഹല്‍ക സംഘം ഇത്തരത്തില്‍ കോഴ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആരോപണത്തില്‍ പങ്കില്ലായിരുന്നുവെങ്കിലും ജോര്‍ജ് ഫെര്‍ണാണ്ടസ് പ്രതിരോധമന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

സംഭവം നടന്ന് 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിബിഐ കോടതി കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. ആരോപണമുയര്‍ന്നതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിന്നുതന്നെ ബംഗാരു ലക്ഷ്മണ്‍ നിഷ്‌കാസിതനായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക