Image

ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം

Published on 27 April, 2012
ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം
ന്യുഡല്‍ഹി: എയര്‍സെല്‍ - മാക്‌സിസ് ഇടപാടില്‍ പുതിയ തെളിവുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി പി.ചിദംബരം രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെത്തുടര്‍ന്ന് ലോക്‌സഭാ നടപടികള്‍ രണ്ടു തവണ തടസപ്പെട്ടു. ബഹളത്തെത്തുടര്‍ന്ന് ആദ്യം 12 മണിവരെയും പിന്നീട് രണ്ടു മണിവരെയും സഭ നിര്‍ത്തിവെച്ചു.

രാവിലെ സഭ ചേര്‍ന്നയുടന്‍ ചിദംബരത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങളാണ് ബഹളം ആരംഭിച്ചത്. വന്‍ അഴിമതിക്ക് കൂട്ടുനിന്ന ചിദംബരത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയാറാകണമെന്ന് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു. ബഹളം നടക്കുമ്പോള്‍ ചിദംബരം സഭയില്‍ ഹാജരായിരുന്നില്ല. ചോദ്യോത്തര വേള തടസ്സപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയ സ്പീക്കര്‍ മീരാ കുമാര്‍ നടപടികളുമായി മുന്നോട്ടുപോയി. ഇതേതുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. അരമണിക്കൂറോളം ബഹളം തുടര്‍ന്നു. ഇതോടെ 12 മണിവരെ സഭ നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചു. 12 മണിക്ക് സഭ വീണ്ടും ചേര്‍ന്നുവെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ രണ്ടു മണിവരെ നിര്‍ത്തിവെക്കുകയായിരുന്നു.

2006ല്‍ എയര്‍സെല്‍ ടെലികോം കമ്പനിയുടെ ഓഹരി മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് വില്‍ക്കുന്നതിന് അനുമതി നല്‍കാന്‍ അന്ന് ധനമന്ത്രിയായിരുന്ന ചിദംബരം കാലതാമസം വരുത്തിയെന്ന് ജനതാപാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ഇന്നലെ ആരോപിച്ചിരുന്നു. മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് സാമ്പത്തിക ലാഭം ലഭിക്കുന്നതിന് വേണ്ടിയാണ് ചിദംബരം ഇത്തരം നടപടി സ്വീകരിച്ചതെന്നായിരുന്നു സ്വാമിയുടെ ആരോപണം. മാത്രമല്ല, ഇടപാടില്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരനെ സംരക്ഷിക്കുന്ന നിലപാട് ചിദംബരം സ്വീകരിച്ചുവെന്നും സ്വാമി ആരോപിച്ചിരുന്നു. അതിനിടെ, സുബ്രഹ്മണ്യം സ്വാമിക്കെതിരെ മാനനഷ്ടത്തിന് കേസ് നല്‍കാന്‍ കാര്‍ത്തി ചിദംബരം തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക