Image

എന്റെ ഫിലോസഫി (കവിത: ജെയിംസ് കുരീക്കാട്ടില്‍)

Published on 08 June, 2019
എന്റെ ഫിലോസഫി (കവിത: ജെയിംസ് കുരീക്കാട്ടില്‍)
എന്റെ മതം
എന്റെ ജാതി
എന്റെ ദൈവം
എന്റെ വിശ്വാസം
എന്റെയാണ് എല്ലാത്തിലും ഏറ്റവും നല്ലതെന്ന്
എത്രയോ തവണ ഞാന്‍ നിന്നോട് പറഞ്ഞുകഴിഞ്ഞു.

എന്റെ നാട്
എന്റെ നാട്ട്  നടപ്പ്
എന്റെ പൂജകള്‍
എന്റെ ആചാരം
എന്റെയാണ് എല്ലാത്തിലും  ഏറ്റവും നല്ലതെന്ന്
ഇനിയും ഞാന്‍ നിന്നോട് ആവര്‍ത്തിക്കണോ

എന്റെ രാജ്യം
എന്റെ  രാഷ്ട്രീയം
എന്റെ പാര്‍ട്ടി
എന്റെ നേതാക്കള്‍
എന്റെയാണ് എല്ലാത്തിലും  ഏറ്റവും നല്ലതെന്ന്
പിന്നെയും ഞാന്‍ ഉറപ്പിച്ചു പറയുകയാണ്.

എന്റെ സംസ്കാരം
എന്റെ പാരമ്പര്യം
എന്റെ ഭക്ഷണം
എന്റെ ഭാഷ
എന്റെയാണ് എല്ലാത്തിലും  ഏറ്റവും നല്ലതെന്ന്
എത്ര പറഞ്ഞാലും എനിക്ക് മതിവരില്ല.

എന്റെ വിവാഹം  ( അറേന്‍ജ്ഡ്)
 എന്റെ സുരതം (64 വിധം )
എന്റെ ആണധികാര കുടുംബ മൂല്യങ്ങള്‍
എന്റെ സദാചാര ബോധം
എന്റെയാണ് എല്ലാത്തിലും  ഏറ്റവും നല്ലതെന്ന്
മതി വരാതെ ഞാന്‍ പറഞ്ഞുകൊണ്ടേ ഇരിക്കും.

എന്റെ ഇതിഹാസങ്ങള്‍
എന്റെ പുരാണങ്ങള്‍
എന്റെ വേദങ്ങള്‍
എന്റെ ഉപനിഷത്തുകള്‍
എന്റെ പുസ്തകങ്ങളിലാണ് എല്ലാ വിജ്ഞാനങ്ങളുമെന്ന്
ഞാന്‍ വായിച്ചിട്ടില്ലെങ്കിലും പറഞ്ഞിട്ടുള്ളതല്ലേ

എന്നിട്ടും ഞാനെന്തേ
നിന്റെ രാജ്യത്തെന്ന്
നീ ഇനിയും ചോദിക്കാത്തത്
നിന്റെ മര്യാദ കൊണ്ടാണെന്ന്
നീ അഹങ്കരിക്കുന്നുവെങ്കില്‍
കേട്ടുകൊള്‍ക

നിനക്കെന്റെ നാടിന്റെ
ഫിലോസഫി അറിയാത്തതിനാലാണ്.
"വസുധൈവ കുടുംബ"ക്കാരാണ് ഞങ്ങള്‍
എന്റെ നാടിന്റെ ഫിലോസഫിയാണ്
എല്ലാറ്റിലും ഏറ്റവും മഹത്തരമെന്ന്
ഇനിയും ഞാന്‍ നിന്നോട് പറയണോ ?



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക