Image

പ്രവാസി മലയാളി സാഹിത്യ സംഗമം (അവലോകനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍)

Published on 07 June, 2019
പ്രവാസി മലയാളി സാഹിത്യ സംഗമം (അവലോകനം: ജ്യോതിലക്ഷ്മി നമ്പ്യാര്‍)
കിഴക്കിന്റെ റോം എന്നുവിളിയ്ക്കുന്ന , വിനോദസഞ്ചാരികളുടെ ആഹ്ലാദത്തിന്റെ മണ്‍തരികളുറങ്ങുന്ന ഗോവ കടല്‍ത്തീരങ്ങളില്‍, പോര്‍ച്ചുഗീസിന്റെ കാലടികള്‍ പതിഞ്ഞ മഡ്ഗാവില്‍ സാംസ്കാരിക നിലയമായ രവീണ്ട്ര ഭവനില്‍ ഫാഗമ (ഫെഡറേഷന്‍ ഓഫ് ആള്‍ ഗോവ മലയാളി അസോസിയേഷന്‍) യുടെ ആറാമത്‌നു പ്രവാസി മലയാളി സംഗമത്തിന് ജൂണ്‍ 1,2 തിയ്യതികളില്‍ തിരശശീല ഉയര്‍ന്നു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍നിന്നും, മെട്രോ സിറ്റികളായ മുംബൈ ബംഗളുരു, പൂന എന്നിവിടങ്ങളില്‍ നിന്നും മലയാള സാഹിത്യസ്‌നേഹികളായ എഴുത്തുകാര്‍ ഗോവ സാഹിത്യ സ്‌നേഹികളുമായി  കൈകോര്‍ത്തപ്പോള്‍ അവിടെ അക്ഷരങ്ങളുടെയും, ആഹ്ലാദത്തിന്റെയും വര്‍ണ്ണ പൂത്തിരികള്‍ പൂത്തു വിരിഞ്ഞു. മലയാള മണ്ണില്‍ അല്ലെങ്കിലും,  മധുരിയ്ക്കും മലയാളം, മലയാളമിഷന്റെ കീഴില്‍ പഠിയ്ക്കാനും സംസാരിയ്ക്കാനും ഉത്സാഹം കാണിയ്ക്കുന്ന കൊച്ചു കുരുന്നുകളുടെ കവിത ആലാപനം വാര്‍ത്ത വായന എന്നീ പരിപാടികളിലൂടെയാണ് സംഗമത്തിന്റെ ആദ്യ ദിവസത്തിനു തുടക്കമിട്ടത്.

എഴുപത്തില്‍ പരം പുസ്തകങ്ങള്‍ക്ക് ജന്മം നല്‍കിയതും നിരവധി രാഷ്ട്രീയ, അന്താരാഷ്ട്രീയ അവാര്‍ഡുകള്‍ സ്വായത്തമാക്കി വിദ്യാവാചസ്പതി എന്ന അംഗീകാരം തന്റെ നേട്ടങ്ങളുടെ തൂവല്‍ കിരീടത്തില്‍ സ്ഥാനം പിടിച്ച ശ്രീമതി ഡോ. കെ . സുധീരയും, പ്രശസ്ത സാഹിത്യകാരനും പത്രപ്രവര്‍ത്തകനും ' മരുഭൂമിയുടെ ആത്മകഥ' എന്ന കൃതിയ്ക്ക് മികച്ച യാത്രവിവരണത്തിനുള്ള കേരളസാഹിത്യ അക്കാദമി അവാര്‍ഡ് കൈവരിച്ച ശ്രീ വി. മുസഫര്‍ അഹമ്മദും, പ്രൊഫസറും, മലയാളം മിഷന്‍ ഡയറക്ടറും സ്ത്രീ ഉദ്ദാരണത്തിന്റെ ഉറച്ച ശബ്ദവുമായ പ്രൊ സുജ സൂസനും ഈ അരങ്ങിലെ മുഖ്യ അതിഥികളായിരുന്നു. ഇവര്‍ക്കൊപ്പം,  ഈ സാഹിത്യ സംഗമത്തിന്റെ അമരക്കാരായ ശ്രീ ആര്‍ സുരേഷ് കുമാര്‍ കണക്കൂര്‍, ഗോവയുടെ സ്വന്തം മലയാള സാഹിത്യ മഹിളാരത്‌നം ശ്രീമതി രാജേശ്വരി  നായര്‍ എന്നിവര്‍ ചേര്‍ന്ന് ഈ സംഗമത്തിന്റെ ഉത്ഘാടന നിറദീപം തെളിയിച്ചു. കൊങ്കണി സാഹിത്യ ലോകത്തെ പ്രശസ്തനായ ദാമോദര്‍ മൗസോ ഈ ഉത്ഘാടന ചടങ്ങില്‍ വിശിഷ്ട അതിഥി ആയിരുന്നു എന്നത് ഈ സംഗമത്തെ അനുപമമാക്കി. ഫാഗമ പ്രസിഡണ്ട് ശ്രീ വാസു നായര്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തിയതിനെ തുടര്‍ന്ന് വിശിഷ്ട അതിഥികള്‍ സദസ്സിനുവേണ്ടി പ്രവാസ സാഹിത്യത്തെ കുറിച്ചുള്ള അറിവ് പകര്‍ന്നു.

പുസ്തകങ്ങള്‍ എന്നും അറിവിന്റെ ലോകത്തെ അവിഭാജ്യ ഘടകമാണല്ലോ! ഇവിടെ അറിവിന്റെ ലോകത്തേയ്ക്കായി ഏതാനും പുസ്തകങ്ങള്‍ പ്രകാശനം ചെയ്തുകൊണ്ടാണ് സംഗമം മുന്നോട്ട് നീങ്ങിയത്. അതില്‍ 11 പ്രവാസി  എഴുത്തുകാരികളുടെ രചനയെ കോര്‍ത്തിണക്കി രമ പ്രസന്ന പിഷാരടി തയ്യാറാക്കിയ  കഥാ സമാഹാരം വെയില്‍മഴക്കഥകള്‍, രമാ പ്രസന്ന പിഷാരടിയുടെ കവിതയില്‍ നിന്നും കൈ തൊട്ടുണര്‍ത്തീടാം (കവിതാ സമാഹാരം), ഗീതാ ഡി. നായരുടെ ജ്യോതി സ്വരൂപയും കുറേ കാക്കകളും ( കഥാ സമാഹാരം), പ്രസീത ടി. പിയുടെ അകം (നോവല്‍), രാജേശ്വരീ നായരുടെ സെല്‍ഷയുടെ മമ്മി (കഥാ സമാഹാരം) എന്നീ എന്നീ പുസ്തകങ്ങള്‍ വായനക്കാര്‍ക്കായി സമര്‍പ്പിയ്ക്കപ്പെട്ടു.  

പിന്നീട് ഈ കാലഘട്ടത്തിലെ ശ്രദ്ധേയമായ വിഷയം 'പ്രവാസി വീട്ടമ്മമാരുടെ മാറുന്ന സങ്കല്പങ്ങള്‍' എന്ന വിഷയത്തെകുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ പൂനയില്‍ നിന്നും  പ്രസിദ്ധീകരിക്കുന്ന വാഗ്‌ദേവതാ മാസികയുടെ എഡിറ്റര്‍ വേലായുധന്‍ മാരാര്‍ക്കൊപ്പം  ശ്രീമതി. രമാ പ്രസന്ന പിഷാരടി, ശ്രീ.  ദിനേശ് ചീരശ്ശേരി, ശ്രീമതി.   ജ്യോതിലക്ഷ്മി നമ്പ്യാര്‍,  ശ്രീമതി. അനിലാ പ്രകാശ്, ശ്രീ. ഗോവന്ദനുണ്ണി, ശ്രീമതി. ഗീതാ ഡി നായര്‍, ശ്രീമതി. ഇന്ദിരാ ബാലന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.  ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസത്തിനും അടിമപ്പെട്ടു വഞ്ചിതരാകുന്ന മനുഷ്യരെക്കുറിച്ചുള്ള ബോധവത്കരണത്തിനായി ശ്രീ അജിത് പള്ളം എഴുതി സംവിധാനം ചെയ്ത  ആക്ഷേപ ഹാസ്യ സ്കിറ്റ്'' വിഡ്ഢികളുടെ ശാസ്ത്രം'' സദസ്സിനെ പൊട്ടിചിരിപ്പിച്ചശേഷം സംഗമത്തിന്റെ ആദ്യ ദിവസത്തിനു തിരശശീല  വീണു.

പ്രവാസി മലയാളി സാഹിത്യ സംഗമമാണെങ്കിലും കൊങ്കിണി സാഹിത്യ ലോകത്തെ പ്രഗല്‍ഭരായ കവികളെ കോര്‍ത്തിണക്കി നടത്തിയ കവിയരങ്ങെന്ന ഒരു പ്രത്യേക വിഭവത്തോടെയാണ് സംഗമത്തിന്റെ രണ്ടാം ദിവസം ആരംഭിച്ചത്. തുടര്‍ന്ന്  കെ. പി സുധീര, പ്രൊ. സുജ സൂസന്‍ ജോര്‍ജ്ജ്, രമ പ്രസന്ന പിഷാരടി, ഇന്ദിരാ ബാലന്‍, എരുമക്കുഴി കൊച്ചുകുഞ്ഞു പിള്ള, എബ്രഹാം അങ്കോള, അനില്‍ മിത്രാനന്ദ പുര, രമേശ്, ഇ. മനോജ്, വി. ബി സത്യന്‍, മധുകുമാര്‍, രാജേശ്വരീ നായര്‍ തുടങ്ങിയ ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നുമായെത്തിയ കവികള്‍ മലയാള കവിതാ കവിയരങ്ങു അലങ്കരിച്ചു കൊഴുപ്പിച്ചു. 

പുസ്തകങ്ങള്‍ ധാരാളം! ഏതു പുസ്തകങ്ങള്‍ വായിയ്ക്കണം എന്ന് തിരഞ്ഞെടുക്കുന്നതില്‍ വായനക്കാര്‍ കുഴയുന്നു! അപ്പോള്‍ ഓരോ പുസ്തകത്തെയും കുറിച്ചുള്ള ഒരു കേട്ടറിവെങ്കിലും പുസ്തകങ്ങള്‍ തിരഞ്ഞെടുക്കാന്‍ വായനക്കാരനെ സഹായിച്ചെയ്ക്കാം. ഈ സദസ്സില്‍ പ്രകാശനം ചെയ്ത പുസ്തകങ്ങളെ സാഹിത്യ സ്‌നേഹികളെ ഒന്ന് പരിചയപ്പെടുത്താം എന്ന ദൗത്യത്തിലേക്കാണ് സംഗമം നീങ്ങിയത്.  

ഇതേ തുടര്‍ന്ന് അരങ്ങിനെ മോടിപിടിപ്പിച്ചത് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും വന്ന എഴുത്തുകാര്‍ അവരുടെ അഭിരുചിയ്‌ക്കൊത്ത ചെറുകഥകള്‍ സദസ്സിനോട് പറഞ്ഞപ്പോഴാണ്.  കൈഗയില്‍ നിന്നും എത്തിയ ശ്രി.  കെ. വി രാജീവ് നേതൃത്വം നല്‍കിയ കഥയരങ്ങില്‍ കെ. പി സുധീര, രമ പ്രസന്ന പിഷാരടി, പ്രീതാ പി. നായര്‍, അത്തീഖ് ബേവിഞ്ച, ജ്യോതിലക്ഷ്മി നമ്പ്യാര്‍, ഗീതാ ഡി. നായര്‍, പുഷ്പ എം, ബ്രിജി, അര്‍ച്ചന സുനില്‍ എന്നിവര്‍  തന്റെ രചനകള്‍ ചെറുകഥ പ്രേമികള്‍ക്കായി കാഴ്ചവച്ചു.

മലയാള മിഷന്‍ അധ്യാപകരും, കുട്ടികളും ചേര്‍ന്ന് നടത്തിയ നാടന്‍ പാട്ടിന്റെ ശീലില്‍ താളമിട്ടു സദസ്സ് ഉച്ചമയക്കത്തെ തഴഞ്ഞു.  സംഗമത്തിന്റെ അവസാന മണിക്കുറുകള്‍, ഫെഡറേഷന്‍ ഓഫ് ആള്‍ ഗോവ മലയാളി അസോസിയേഷന്റെ ഭാരവാഹികള്‍, മുതിര്‍ന്ന സാഹിത്യകാരന്മാരെ ആദരിയ്ക്കുവാനും , വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുത്ത പല സ്ഥലങ്ങളില്‍ നിന്നും വന്ന സാഹിത്യ പ്രേമികള്‍ക്ക് സ്‌നേഹോപഹാരം നല്‍കുവാനും , നന്ദി പ്രകടിപ്പിയ്ക്കുവാനുമായി ചെലവഴിച്ചുകൊണ്ടു സംഗമത്തിന് തിരശശീല വീണു.   പരസ്പരം കളിച്ചും ചിരിച്ചും ആശയങ്ങള്‍ പങ്കുവച്ചും രണ്ടു ദിവസം ചെലവഴിച്ച എഴുത്തുകാര്‍ തറവാട് വിട്ടു പിരിഞ്ഞുപോകുന്ന കദനവും കുറെ നല്ല ഓര്‍മ്മകളുമായി പരസ്പരം യാത്രപറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക