Image

ഇരുട്ട് (ചെറുകഥ: അമ്മു സക്കറിയ)

Published on 03 June, 2019
ഇരുട്ട് (ചെറുകഥ: അമ്മു സക്കറിയ)
പടിപ്പുര വാതിലില്‍ ആരൊ മുട്ടുന്നതു  കേട്ടാണ് ഉമ്മറത്തെത്തിയതു. തനിയെയുള്ളതു കൊണ്ടു പടിപ്പുര അടച്ചിടുകയാണ് പതുവ്. മുറ്റത്തിറങ്ങി പടിപ്പുര തുറന്നു.  വെളുത്തു മെലിഞ്ഞ ഏതാണ്ടു  ആറടിയോളം ഉയരമുള്ള ഒരാള്‍ മുന്‍പില്‍ നില്‍ക്കുന്നു. കോതിയൊതുക്കാത്ത മുടിയും ക്ഷീണിച്ച   മുഖവുമുള്ള അയാള്‍ക്കു ഏതാണ്ടു45 വയസ്സ് പ്രായം തോന്നിക്കും.ആലോചിച്ചിട്ടു മുന്‍പെങ്ങും കണ്ടിട്ടുള്ളതായി ഓര്‍മ്മ വരുന്നില്ല. ആരാ ഞാന്‍  ചോദിച്ചു. ഞാന്‍ മധു എന്നു മാത്രം പറഞ്ഞു.  ഏതായാലും  കയറി വരുവാന്‍ പറഞ്ഞു. വരാന്തയില്‍ കയറി  ഇരിക്കാന്‍ പറഞ്ഞപ്പോള്‍ അയാള്‍ ഒന്നു മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍  " മാളുവിനെ ഒന്നു കാണണമെന്നു തോന്നി ,അതുകൊണ്ടു വന്നതാണ്” എന്നു പറഞ്ഞുകൊണ്ടു അയാള്‍ കസേരയില്‍ ഇരുന്നു. എന്റെ പേര് ഇയാള്‍ക്കു എങ്ങനെയറിയാം  എന്ന അതിശയത്തോടെ ആ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. “മാളു എന്നെ ഓര്‍മ്മിക്കുന്നൊ എന്നറിയില്ല. നമ്മള്‍ ഒരു വര്‍ഷം ഒരുമിച്ചു ജീവിച്ചവരാണ്.”  എന്റെ മുഖം ഒന്നു വിളറി. എന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങള്‍ക്കു പിറകിലേക്കു കുതിച്ചു. മധു  ആ പേരു ഇപ്പോള്‍ ഓര്‍മ്മ വരുന്നു. രൂപത്തിലും ഭാവത്തിലും ഒത്തിരി വ്യത്യാസം വന്നിരിക്കുന്നു. വെളുത്തു ചുവന്ന ചുറുചുറുക്കുള്ള  മധു എന്ന ചെറുപ്പക്കാരന്‍. ഒരിക്കല്‍ എന്റെ ഭര്‍ത്താവയിരുന്നു. ഒരു വര്‍ഷം മാത്രം നീണ്ടുനിന്ന ഒരു വിവാഹ ബന്ധം.

അന്നു ഞാന്‍ പത്താം ക്ലാസ്സ് കഴിഞ്ഞു ്ര്രപീ  ഡിഗ്രിക്കു ചേര്‍ന്നതെയുള്ളു. ഒരു ദിവസം അമ്മ അച്ചനോടു പറയുന്നതു കേട്ടു “ ഞാനിനി എത്രകാലം ജീവിച്ചിരിക്കുമെന്നറിയില്ല , മരിക്കുന്നതിനു മുന്‍പു മാളുവിന്റെ വിവാഹം നടത്തി കാണണമെന്നൊരാഗ്രഹം.”  ഞാനൊന്ന് ഞെട്ടി.  കോളേജില്‍ അടിച്ചു പൊളിച്ചു നടക്കാമല്ലൊ  എന്ന സന്തോഷത്തിലായിരുന്നു ഞാന്‍. പക്ഷെ കാന്‍സര്‍ ബാധിച്ച അമ്മയുടെ ആഗ്രഹം  കേട്ടപ്പോള്‍ മനസ്സാകെ തകര്‍ന്നു. അച്ച്‌നും അമ്മയുടെ  ആഗ്രഹത്തിനു എതിരു നില്‍ക്കുമെന്നു  തോന്നുന്നില്ല. ഏതായാലും പിന്നീട് കുറെ ദിവസത്തേക്കു   അമ്മ അതിനെക്കുറിച്ച്  ഒന്നും പറഞ്ഞു കേട്ടില്ല. ഞാനും ഇതൊന്നും  അറിഞ്ഞതായി  ഭാവിച്ചില്ല.  പക്ഷെ വീണ്ടും ഒരിക്കല്‍കൂടി  ഈ സംസാരം എടുത്തിട്ടു.  അന്ന്  അമ്മ തന്റെ കൂട്ടുകാരിയുടെ മകന്‍ മധുവിന്റെ  വിവരങ്ങളും  പറയുന്നതു കേട്ടു. തനിയ്ക്കു ഇപ്പോള്‍ കല്യാണം വേണ്ട എന്ന്  അമ്മയോടും അച്ചനോടും മാറി മാറി പറഞ്ഞു. പക്ഷെ അവര്‍ രണ്ടു പേരും  സമ്മതിക്കുന്ന ലക്ഷണം കണ്ടില്ല. എനിക്കും കൂടുതല്‍ എതിര്‍ക്കുവാന്‍ കഴിയുമായിരുന്നില്ല. കാരണം അവര്‍ എന്റെ കാണപ്പെട്ട  ദൈവങ്ങളായിരുന്നു. ആരൊ എവിടെയൊ പ്രസവിച്ച് അമ്മ തൊട്ടിലില്‍ ഉപേഷിച്ചുപോയ എന്നെ വളര്‍ത്തി വലുതാക്കിയ എന്റെ  പ്രീയപ്പെട്ട  അച്ചനും അമ്മയുമായിരുന്നു അവര്‍.

എന്തിനേറെ പറയുന്നു ഞാന്‍ വീട്ടില്‍ നിന്നും 25 മൈല്‍ അകലെയുള്ള  ഒരു കൊച്ചു ഗ്രാമത്തില്‍ അച്ചനും അമ്മയും രണ്ടു മക്കളുമടങ്ങിയ. ഒരു കുടുംബത്തിലെ മരുമകളായി. എനിയ്ക്കാകെ അമ്പരപ്പായിരുന്നു. മധു എന്ന സുന്ദരനായ യുവാവിന്റെ ഭാര്യയായി ഞാന്‍ ജീവിതം ആരംഭിച്ചു. പക്ഷെ ആ വീടുമായി പൊരുത്തപ്പെട്ടു പോകുവാന്‍ എനിക്കു കഴിഞ്ഞില്ല. ഒരു പക്ഷെ തന്റെ പ്രായക്കുരവും വിവരക്കുറവും ആയിരിക്കാം ആ വീടുവിട്ടു  പോരാന്‍ തന്നെ പ്രേരിപ്പിച്ചത്.  ഒരു വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ചു വീട്ടിലെത്തിയ  തന്നെ എല്ലാ ദുഖങ്ങളും  ഉള്ളിലൊതുക്കിയാണ് അച്ചനും അമ്മയും സ്വീകരിച്ചത്.  പക്ഷെ ഞാന്‍ സന്തോഷവതിയായിരുന്നു.  എല്ലാ കെട്ടുകളും പൊട്ടിച്ചെറിഞ്ഞതിന്റെ സന്തോഷം. ദിവസങ്ങള്‍ കടന്നു പോയി. മധുവൊ അദ്ദേഹത്തിന്റെ ബന്ധുക്കളൊ  ആരും അന്വേഷിച്ചു വന്നില്ല. ഏതാനും മാസങ്ങല്‍ക്കുശേഷം അമ്മ മരിച്ചു. അച്ചന്‍ രോഗിയായി.  അച്ചന്റെ ചികിത്സക്കായി വസ്തുക്കള്‍ ഒന്നൊന്നയി വിറ്റു. അങ്ങനെ ഞാന്‍ പ്രാരാബ്ധങ്ങളിലേക്കു വഴുതി വീഴുകയായിരുന്നു.  സാവധാനം മധുവും  മധുവിന്റെ വീട്ടുകാരും എന്റെ  ഓര്‍മ്മയില്‍ ഇല്ലാതായി. ഇന്നു വര്‍ഷങ്ങല്‍ക്കു ശേഷം ഓര്‍മ്മകള്‍ പുതുക്കേണ്ടി വന്നു.  ഒരിക്കല്‍ തന്റെ ഭര്‍ത്താവയിരുന്ന മനുഷൃനാണു ഇന്നു തന്റെ മുന്‍പില്‍ നില്‍ക്കുന്നത്.

‘ മാളു  നീ വരുന്നൊ എന്റെ കൂടെ. നിന്നെ കൂട്ടി കൊണ്ടുപോകാനാണു ഞാന്‍ വന്നതു. ഞാന്‍ ഇന്നും വേറെ വിവാഹം കഴിച്ചിട്ടില്ല.’  ആ ശബ്ദം കേട്ടപ്പോള്‍ ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്നു. യാതൊന്നും പറയാതെ മധുവിനെ അകത്തേക്കു കൂട്ടിക്കൊണ്ടു പേയി. കട്ടിലില്‍ മെലിഞ്ഞുണങ്ങി ചലനമറ്റു കിടക്കുന്ന അച്ചനെ ചൂണ്ടി കാണിക്കുവാന്‍ മാത്രമെ തനിക്കു കഴിഞുള്ളു. തിരിഞ്ഞു നടക്കുന്ന മധുവിന്റെ കാലൊച്ച കാതുകളില്‍ പതിച്ചപ്പോള്‍ ഞനും എന്റെ ഇരുട്ടിലേക്കു മടങ്ങി.

ഇരുട്ട് (ചെറുകഥ: അമ്മു സക്കറിയ)
Join WhatsApp News
M.A.John 2019-06-07 02:40:48
Like to type in Malayalam. Please help
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക