Image

സൗദിയില്‍ 18 വര്‍ഷം അടിമപ്പണി: പെരിയസ്വാമി ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി

Published on 26 April, 2012
സൗദിയില്‍ 18 വര്‍ഷം അടിമപ്പണി: പെരിയസ്വാമി ഒടുവില്‍ നാട്ടില്‍ മടങ്ങിയെത്തി
ചെന്നൈ: നാട്ടിലേക്കെത്താനോ ബന്ധുക്കളെ ബന്ധപ്പെടാനോ കഴിയാതെ 18 വര്‍ഷം സൗദിയില്‍ അടിമപ്പണി ചെയ്ത് കഴിഞ്ഞ പെരിയസ്വാമി ഒടുവില്‍ നാട്ടിലെത്തി. സൗദി സര്‍ക്കാരും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇടപെട്ടാണ് ഇയാളുടെ മോചനത്തിന് വഴിയൊരുക്കിയത്. തമിഴ്‌നാട്ടിലെ പെരമ്പളൂര്‍ ജില്ലയിലെ കാര്‍കുഡി നിവാസിയായ പെരിയസ്വാമി 1994 ലാണ് സൗദിയില്‍ പോയത്. 

ഹെയ്‌ലില്‍ ഒരു ഫാമില്‍ ഇടയാനായിട്ടായിരുന്നു ജോലി. വിവാഹത്തിന് ശേഷം ഒരു വര്‍ഷം മാത്രം പിന്നിടുമ്പോഴായിരുന്നു യാത്ര. എന്നാല്‍ പിന്നീട് വീട്ടിലേക്ക് വരാനോ ബന്ധുക്കളെ ബന്ധപ്പെടാനോ തൊഴിലുടമ അനുവദിച്ചില്ല. ശമ്പളവും ഇയാള്‍ക്ക് നല്‍കിയിരുന്നില്ല. ഒരു നേരം മാത്രമായിരുന്നു ഭക്ഷണം. ഫോണുകളോ മറ്റ് സംവിധാനങ്ങളോ ഒന്നും ഇയാള്‍ക്ക് നല്‍കിയിരുന്നില്ല. ഒടുവില്‍ പെരിയസ്വാമിയുടെ അവസ്ഥ അറിഞ്ഞ ഒരു സൗദി പൗരന്‍ ഇതേക്കുറിച്ച് സൗദി പോലീസില്‍ അറിയിക്കുകയായിരുന്നു. പ്രശ്‌നത്തില്‍ ഇടപെട്ട സൗദി സര്‍ക്കാര്‍ ഇയാള്‍ക്ക് ശമ്പളകുടിശിക നല്‍കണമെന്നും നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എടുത്തുനല്‍കണമെന്നും തൊഴിലുടമയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 

ഇന്നലെ രാവിലെയാണ് പെരിയസ്വാമി ചെന്നൈയിലെത്തിയത്. ഇയാളെ സ്വീകരിക്കാന്‍ സഹോദരന്‍ കണ്ണപ്പ വിമാനത്താവളത്തിലെത്തിയിരുന്നു. പഴയ ഫോട്ടോകള്‍ കണ്ടാണ് ഇയാള്‍ സഹോദരനെ തിരിച്ചറിഞ്ഞത്. നാട്ടിലെത്തിയതില്‍ സന്തോഷമുണ്‌ടെന്നും തിരികെയെത്താന്‍ സഹായിച്ച അധികൃതരോട് നന്ദിയുണ്‌ടെന്നും പെരിയസ്വാമി പറഞ്ഞു. അതിനിടെ നാട്ടിലെത്തിയ പെരിയസ്വാമിയെ മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരും കുറച്ചുനേരം തടഞ്ഞുവെച്ചു.

12 വര്‍ഷം മുന്‍പ് സൗദിയില്‍ പോയ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് ഒരു സ്ത്രീ ചെന്നൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളാണോയെന്ന് തിരിച്ചറിയാന്‍ വേണ്ടിയാണ് പോലീസ് പെരിയസ്വാമിയെ തടഞ്ഞുവെച്ചത്. പിന്നീട് സ്ത്രീയുടെ സഹോദരന്‍മാരെത്തി സംശയം നീങ്ങിയ ശേഷമാണ് പെരിയസ്വാമിയെ വിട്ടയച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക