Image

കേരം തിങ്ങും കേരളനാട് വീണ്ടും മലയാളിയുടെ സ്വപ്നം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 01 June, 2019
കേരം തിങ്ങും കേരളനാട് വീണ്ടും മലയാളിയുടെ സ്വപ്നം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
കേരളത്തിന്റെ  കല്പവൃക്ഷമാണ് തെങ്ങ്. കേരം തഴച്ചു വളരുന്ന നാട് ആയത് കൊണ്ടാണ് കേരളം എന്ന പേര് തന്നെ നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചത്.  കേരളക്കാരുടെ ആഹാര രീതി തന്നെ നാളികേരത്തെ  ആശ്രയിച്ചുള്ള ഒന്നാണ്. തേങ്ങയുടെ രുചിയില്ല ഒരു ആഹാര രീതി തെരെഞ്ഞുടുക്കാന്‍ കേരളക്കാരായ നമ്മക്ക് കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെ കേരളക്കാരുടെ ജീവിത രീതിയില്‍ തേങ്ങയുടെ സ്വാധിനം വളരെ വലുതാണ്.ഒറ്റത്തടിയുള്ള വളരെ നീളത്തില്‍ വളരുന്ന തെങ്ങു  മലയാളികളുടെ  ജീവിതത്തോട് എന്നും  ബന്ധപ്പെട്ടുകിടക്കുന്നു.

തെങ്ങിന്റെ വിടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഓലകള്‍ നല്‍കുന്ന നാട്ടുചന്തം കേരളീയമായ പരിസ്ഥിതിയുടെ വിസ്മയക്കാഴ്ചയാണ്. പിച്ചളകെട്ടുള്ള പറയില്‍ കുത്തിവിടര്‍ത്തിവെച്ച പൂങ്കുലയുടെ ഭംഗി എത്ര കണ്ടാലും  മതിവരികയില്ല . കല്യാണ പന്തലിന്റെ കവാടത്തില്‍ കെട്ടിവെച്ച ചെന്തെങ്ങിന്റെ ഇളനീര്‍ കുലകള്‍   നല്‍കുന്ന ചന്തം  പകരം വെക്കാന്‍ ഇല്ലാത്ത ഒന്നാണ് .കുരുത്തോലപ്പെരുന്നാളിന് പുരോഹിതന്‍ ഭക്തര്‍ക്ക് കുരുത്തോല നല്‍കുമ്പോള്‍ സസ്യഊര്‍ജജം കൈമാറുകയാണ് ചെയ്യുന്നത്.

ഹിന്ദു ആചാര പ്രകാരവും നാളികേരത്തിന്റെ സ്ഥാനം ദൈവ തുല്യമാണ്.  തേങ്ങ ഉടയ്ക്കുമ്പോള്‍ നാം തേങ്ങ എന്ന ഏകത്വത്തെ  ദ്വന്ദമാക്കി മാറ്റുന്നു. കണ്ണുള്ള ഭാഗമാണ് പെണ്ണ് എന്നാണ് വിശ്വാസം . പണ്ട് കാലത്തു കുട്ടികള്‍ ആണോ പെണ്ണോ എന്നറിയാന്‍ തേങ്ങ ഉടച്ചു നോക്കുന്നത് പതിവായിരുന്നു .ഗര്‍ഭിണികള്‍  തേങ്ങ ഉടയ്ക്കുമ്പേള്‍ കിട്ടുന്ന മുറികളുടെ വലിപ്പം നോക്കി കുട്ടി ആണോ പെണ്ണോ എന്നു നിര്‍വ്വചിക്കാറുണ്ടായിരുന്നു . കണ്ണുള്ള മുറി വലുതാണെങ്കില്‍ കുട്ടി പെണ്ണും മറിച്ചാണെങ്കില്‍ കുട്ടി ആണും ആകുമെന്നായിരുന്നു  സങ്കല്പം. ഉത്തരകേരളത്തില്‍ കാവുകളിലും പരദേവതാ ക്ഷേത്രങ്ങളിലും തേങ്ങയേറ് നടത്താറുണ്ട്.അയ്യപ്പ ക്ഷേത്രങ്ങളില്‍ തേങ്ങാമുറിയില്‍ നിരാഞ്ചനം  കത്തിക്കാറുണ്ട്  .തേങ്ങ മുക്കണ്ണനായതുകൊണ്ട് ശിവന്റെ പ്രതീകമാണത്രെ പക്ഷേ ചെന്തെങ്ങ് പാര്‍വതിയുടെ പ്രതീകമാണ് എന്നാണ് വിശ്വസം. ഗണപതിക്ക് തേങ്ങ ഉടയ്ക്കുക എന്നത് ഗണപതിക്കോവിലുകളിലെ  നിത്യക്കാഴ്ചയാണ്. മിക്ക ദേവി  ക്ഷേത്രങ്ങളിലും  മുട്ടറുക്കല്‍ ചടങ്ങ് നടത്തപ്പെടുന്നു.ശബരിമലയില്‍ പോകുന്ന അയ്യപ്പന്‍ മാരും ഒരു നെയ് നറച്ച തേങ്ങയും ഉടക്കാനുള്ള
  മറ്റ്  ഒരു തേങ്ങയുമായാണ് മലചവുട്ടുന്നത്  .ഉടച്ച നാളികേരം മലര്‍ത്തിവയ്ക്കരുതെന്ന് പഴമക്കാര്‍ പറയാറുണ്ട് . അതുപോലെ മരിച്ച വീട്ടിലും നാളികേരം മുറിച്ചു തിരി കത്തിച്ചു വെക്കുന്ന പതിവുണ്ട് . 

 വെളിച്ചെണ്ണ ചേര്‍ക്കുന്ന കുട്ടാനുകളുടെ രുചി ഒന്ന് വേറെത്തന്നെയാണ്. ഒരു തെങ്ങിന്റെ എല്ലാ ഭാഗങ്ങളും  നിത്യ ജീവിതത്തില്‍ നമുക്ക് ആവിശ്യമുള്ള കാര്യങ്ങള്‍ ആണ്.  കരിക്കും വെള്ളവും  ഏറ്റവും  വിശിഷ്ടമായ ദാഹശമനിയാണ്. ചെത്തിപ്പൂവും കരിഞ്ചീരകുമിട്ട് കാച്ചിയ വെളിച്ചെണ്ണതേച്ചാല്‍ കരപ്പന് പ്രതിവിധിയായി ഉപയോഗിക്കാറുണ്ട് .  വെളിച്ചെണ്ണ തല തണുപ്പിക്കാന്‍ നല്ലതാണ്. ഇളനീര്‍ കൊഴമ്പ് നേത്ര സംരക്ഷണം നല്‍കുന്നു.  തേങ്ങാപ്പാല്‍ ഇളനീരില്‍ കലര്‍ത്തിയാല്‍ അസ്സല്‍ ടോണിക്കായി ഉപയോഗിക്കാം . തേങ്ങാപ്പാല്‍ മുലപ്പാലുണ്ടാവാന്‍ നല്ലതാണ് എന്നാണ് വിശ്വാസം . തെങ്ങിന്‍ ചക്കര ദിവ്യ ഔഷധമാണ് . രാവിലെ എഴുനേറ്റു രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ കഴിച്ചാല്‍ ഒരു അസുഖവും വരത്തില്ല എന്നാണ് പഴമക്കാര്‍ പറയാറുള്ളത്.  തെങ്ങിന്റെ ഓല വീടുകള്‍ മേയാനും ഉപയോഗിക്കുന്നു.

തെങ്ങു ചെത്തി യുണ്ടാക്കിയ  കള്ള് ഒരു  അനുഷ്ഠാന പാനീയമാണ്. നമ്മുടെ പഴമക്കാര്‍ മത്തുപിടിക്കാനയി ഉപയോഗിച്ചിരുന്നതും  ഈ  കള്ളു തന്നെയാണ്  .വീത് കര്‍മ്മങ്ങളിലും കള്ള് ഉപയോഗിക്കുന്നു. കള്ള് ചെത്താന്‍ കൊടുത്താല്‍ തെങ്ങിന്റെ  ഉത്പാദനം വര്‍ദ്ധിക്കും എന്നായിരുന്നു വിശ്വാസം . വടക്കന്‍ കേരളത്തിലെ തെയ്യ കോലങ്ങള്‍ ഉല്ലാസം എന്നരീതിയില്‍ കള്ള് മോന്തുന്നു ഒരു ആചാരം ഉണ്ട് . ഒരു തുടം അന്തിക്കള്ളില്‍ മലരും മഞ്ഞള്‍പൊടിയുമിട്ട് പിറ്റേന്ന് രാവിലെ കുടിച്ചാല്‍ പൊന്നിന്റെ നിറംവരും എന്നും പലരും വിശ്വസിക്കുന്നു.

തെങ്ങിന്റെ ജനനദേശംകിഴക്കന്‍ ഏഷ്യയിലെ പസഫിക് ദ്വീപിലെന്നാണ് കരുതപ്പെടുന്നത് . തെങ്ങ് മുറിക്കുന്നത് മാതൃഹത്യയ്ക്ക് തുല്യമാണന്നാണ്  വിശ്വാസം.  തെങ്ങ്കൃഷി കേരളത്തില്‍ ഇന്ന്  അന്യം നിന്ന് പോവുകയാണോ എന്ന് ഏവരും സംശയിക്കുന്നു . റബറിന്റെ വരവോടെ തെങ്ങിന്റെ കൃഷി കുറയുകയും റബറിന്റെ കൃഷി ആളുകള്‍ തെരഞ്ഞടുക്കുകയും ചെയ്തത് സ്ഥിരമായ ഒരു വരുമാനം ഉദ്ദേശിച്ചാണ്. തെങ്ങിന്റെ കാറ്റ് വീഴ്ച്ചയും  തേങ്ങയുടെ വില കുറവും കര്‍ഷകരെ റബര്‍ കൃഷിയിലേക്കു തിരിച്ചു . എന്നാല്‍ ഇന്ന് റബറിന്റെ വിലക്കുറവും  പുതിയയിനം തെങ്ങിന്‍ തൈകളുടെ  വരവോടെ തെങ്ങു കൃഷി വീണ്ടും ലാഭമായി മാറുന്ന ഒരു കാഴ്ച്ചയാണ് .


 ഇന്ന്  കേരളത്തേക്കാള്‍ കൂടുതല്‍ തെങ്ങുകള്‍ കൃഷി ചെയുന്നത് തമിഴ് നാട്ടില്‍ ആണ് .  കേരളത്തിന് ആവിശ്യമുള്ള തേങ്ങാ തമിഴ് നാട്ടില്‍നിന്നാണ് വരുന്നത് . നമ്മുടെ കല്പവൃക്ഷമാണ് തെങ്ങ്. ആയതിനാല്‍ നമുക്ക് ഒഴിഞ്ഞ സ്ഥലത്തൊക്കെ തെങ്ങ് വയ്ക്കാം. തരിശായി കിടക്കുന്ന ഭൂമി വെറുതെ കിടക്കുന്നതിലും ഭേദമല്ലേ നാലു തെങ്ങിന്‍ തൈകള്‍ വെക്കുന്നത് .വലിയ പരിപാലനം ഒന്നും ആവിശ്യമില്ല , അങ്ങനെ വീണ്ടും നമ്മുടെ  ചെന്തെങ്ങും ഗൗളിത്തെങ്ങും ശീമത്തെങ്ങും പതിനെട്ടാം പട്ടയും  നമ്മുടെ ദേശത്ത് നിറയട്ടെ. കേരളം കേരം തിങ്ങും കേരളനാടായി നമ്മുടെ കേരളം  മാറട്ടെ  .തെങ്ങ് ചതിക്കില്ലെന്നാണ് പഴമക്കാര്‍ പറയുന്നത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക