Image

പുതിയ രാഷ്‌ട്രീയ ധ്രുവീകരണം; ജര്‍മനിയില്‍ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കിയേക്കും

ജോസ്‌ കുമ്പിളുവേലില്‍ Published on 26 April, 2012
പുതിയ രാഷ്‌ട്രീയ ധ്രുവീകരണം; ജര്‍മനിയില്‍ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കിയേക്കും
ബര്‍ലിന്‍: ജര്‍മനിയില്‍ പുതിയ രാഷ്‌ട്രീയ ധ്രുവീകരണത്തിനു വഴി തുറക്കുന്നു. ഉടക്കി നില്‍ക്കുന്ന ചെറിയ സഖ്യകക്ഷികളെയെല്ലാം ഒഴിവാക്കി, വിശാല സഖ്യം രൂപീകരിക്കാന്‍ ചാന്‍സിലര്‍ അംഗല മെര്‍ക്കല്‍ കരുനീക്കം തുടങ്ങിയെന്ന്‌ സൂചന.

സഖ്യകക്ഷികളുമായി ബന്ധം വിച്ഛേദിച്ച്‌ പൊതു തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കാനാണ്‌ മെര്‍ക്കലിന്റെ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക്‌ യൂണിയന്‍(സിഡിയു) ശ്രമിക്കുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇതിനായി സോഷ്യല്‍ ഡെമോക്രാറ്റുകളുടെ(എസ്‌പിഡി) സഹകരണമാണ്‌ അവര്‍ തേടുന്നത്‌.

സാര്‍ലാന്‍ഡ്‌ സ്റ്റേറ്റില്‍ തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ്‌ ഒരു മാസം പിന്നിടുമ്പോഴേക്കും ഇത്തരമൊരു സഖ്യത്തിന്റെ മിനിയേച്ചര്‍ രൂപപ്പെട്ടു കഴിഞ്ഞു. സാക്‌സണ്‍ അന്‍ഹാള്‍ട്ടിലും, മെക്‌ലെന്‍ബുര്‍ഗിലും,തൂറിംഗിലും പ്രാവര്‍ത്തികമായ സ്ഥിതിയ്‌ക്ക്‌ ഈ മാതൃക ഫെഡറല്‍ തലത്തിലേക്കും വ്യാപിപ്പിക്കാനാണ്‌ നേതാക്കള്‍ ആഗ്രഹിക്കുന്നത്‌. പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ പിന്തുണ കൂടാതെ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്‌.

ഫ്രഞ്ച്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ സര്‍ക്കോസിക്ക്‌ ഏറ്റ തിരിച്ചടി ജര്‍മനിയില്‍ അംഗല മെര്‍ക്കലിനു കൂടിയുള്ള മുന്നറിയിപ്പായാണ്‌ വിലയിരുത്തപ്പെടുന്നത്‌. ഈ സാഹചര്യത്തില്‍ സോഷ്യലിസ്റ്റ്‌ പ്രതിച്ഛായ കൂടി ആര്‍ജിക്കാതെ ഭരണം നിലനിര്‍ത്താനാകില്ലെന്നാണ്‌ മെര്‍ക്കലിന്റെ കണക്കുകൂട്ടല്‍. അവരുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ പരാജയം സ്‌പെയ്‌നില്‍ ഇതിനകം തെളിയിക്കപ്പെട്ടിട്ടുമുണ്‌ട്‌.

മേയ്‌ ആറിന്‌ ഷ്വെല്‍സ്വിഗ്‌-ഹോള്‍സ്റ്റൈനിലും മേയ്‌ 13 ന്‌ നോര്‍ത്ത്‌ റൈന്‍-വെസ്റ്റ്‌ഫാലിയയിലും സ്റ്റേറ്റ്‌ ഇലക്‌ഷനുകള്‍ നടക്കാനിരിക്കുകയാണ്‌. ഇവയുടെ ഫലം വരുന്നതോടെ ജര്‍മനിയില്‍ ഫെഡറല്‍ തലത്തില്‍ തന്നെ പുതിയ രാഷ്‌ട്രീയ ധ്രുവീകരണം പൂര്‍ത്തിയാകുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്‌. ഈ തെരഞ്ഞെടുപ്പുകളില്‍ ഫ്രീ ഡെമോക്രാറ്റുകള്‍ക്ക്‌ ഫെഡറല്‍ പ്രാതിനിധ്യത്തിനുള്ള യോഗ്യതയായ അഞ്ചു ശതമാനം വോട്ട്‌ കിട്ടുന്നില്ലെങ്കില്‍ മെര്‍ക്കല്‍ അവരെ തള്ളിക്കളയുമെന്നു തന്നെ കരുതാം.

കഴിഞ്ഞ സ്റ്റേറ്റ്‌ തെരഞ്ഞെടുപ്പുകളില്‍ മെര്‍ക്കല്‍ കൂട്ടുകക്ഷിയായ ഫ്രീഡമോക്രാറ്റുകളുടെ ദയനീയ പരാജയം മെര്‍ക്കലിന്റെ ഭരണത്തിന്റെ പ്രതിഛായേയും ബാധിച്ചിട്ടുണ്‌ട്‌. സാമ്പത്തിക പ്രശ്‌നത്തെച്ചൊല്ലി ഫ്രീഡമോക്രാറ്റുകള്‍ മെര്‍ക്കലുമായി ഇരുപക്ഷത്തുമാണ്‌. ഇതിനെച്ചൊല്ലി പാര്‍ലമെന്റില്‍പോലും വാഗ്‌വാദങ്ങളുണ്‌ടായിരുന്നു. ഇനിയും ഫ്രീഡമോക്രാറ്റുകള്‍ സഹകരിക്കാത്തപക്ഷം ചാന്‍സിലര്‍ മെര്‍ക്കല്‍ പാര്‍ലമെന്റ്‌ പിരിച്ചുവിടാന്‍ പ്രസിഡന്റ്‌ യോവാഹിം ഗൗക്കിനെ ഉപദേശിക്കുമെന്നാണ്‌ ഇപ്പോഴത്തെ അഭ്യൂഹം. 2009 സെപ്‌റ്റംബര്‍ 27 നാണ്‌ മെര്‍ക്കല്‍ രണ്‌ടാമൂഴം ചാന്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട്‌ അധികാരത്തില്‍ വരുന്നത്‌. കണക്കനുസരിച്ച്‌ 2013 സെപ്‌റ്റംബര്‍ 26 വരെ മെര്‍ക്കലിന്‌ ഭരണത്തില്‍ തുടരാന്‍ കാലാവധിയുണ്‌ട്‌.

മെര്‍ക്കലിന്റെ പാര്‍ട്ടിക്ക്‌ 35 ശതമാനം എസ്‌പിഡിയ്‌ക്ക്‌ 26 ശതമാനവും, ഗ്രീന്‍ പാര്‍ട്ടിക്ക്‌ 15 ശതമാനവുമാണ്‌ ജനകീയ അടിത്തറ. എന്നാല്‍ പുതുതായി രൂപംകൊണ്‌ട പിറാറ്റന്‍ പാര്‍ട്ടി തുടക്കത്തില്‍തന്നെ 10 ശതമാനം വോട്ട്‌ നേടിയതും മറ്റുകക്ഷികളില്‍ പരിഭ്രാന്തി പരത്തിയിട്ടുണ്‌ട്‌.
പുതിയ രാഷ്‌ട്രീയ ധ്രുവീകരണം; ജര്‍മനിയില്‍ തെരഞ്ഞെടുപ്പ്‌ നേരത്തെയാക്കിയേക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക