Image

ആകാശപൈതലാള്‍ (ഹരിത ബേബി)

Published on 30 May, 2019
ആകാശപൈതലാള്‍ (ഹരിത ബേബി)
അന്തിക്കടലിന്‍ ചുവപ്പെല്ലാം മായുന്നു
ഇനിയുമെന്തേയവള്‍ വന്നീല്ല.
നീലക്കടലിലോ മായുന്നു സൂര്യനും
ചന്ദ്രനോ ദിക്കില്‍ ഉദിച്ചല്ലോ

കുരിരുട്ടാര്‍ന്നൊരി ആകാശവീഥിയില്‍
ഞാനെന്റെ ഓമനേ നോക്കിനില്‍പ്പൂ
വെട്ടിത്തിളങ്ങുമാ നക്ഷത്രമേ നീ
നീയെന്റെ പൊന്നോമനയല്ലെ

വിടരും മുമ്പെ വാടികൊഴിഞൊരാ
ചിതയില്‍ അമര്‍ന്നൊരു പൂവല്ലേ
കൊച്ചരിപല്ലുകള്‍ കാട്ടിപിരിക്കാതെ
മുറ്റത്തു ഓടി നടക്കാതെ

ഞാന്‍ തുന്നിയ കുപ്പായം ഇട്ടുനടക്കാതെ
വാടികൊഴിഞ്ഞു ഈ ജന്മമത്രേ
സന്ധ്യ പ്രകാശമേ പേരെന്ത് നാളേത്
ഊരേത് ഒന്നു പറഞ്ഞീടണേ

ദിവ്യപ്രകാശമേ ഊരിതിരിഞു നീ
വന്നീടണേ ഈ വീട്ടിലേക്ക്
നിന്‍ അച്ചനും അമ്മയും കൊച്ചനുജത്തിയും
തുന്നിയ ശീലയും കാത്തിരിപ്പൂ

തുമ്പിതന്‍ വാലിന്റെ അറ്റത്തു കെട്ടിയ
നൂലിഴ തുമ്പിലെ തുമ്പിയായി
പാടവരമ്പത്തു പാറി പറക്കുന്ന
പൂന്തുമ്പിയായി നീ വന്നീടണേ

നീലാകാശത്തു മിന്നിതിളങ്ങുന്ന
താരകപൂക്കളേ നോക്കിടണേ
എന്‍ ഓമനക്കുഞ്ഞിന്റെ പൂമുഖമെങ്ങാനും
കണ്ടവരുണ്ടോ ഈ വാനിടത്തില്‍



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക