Image

പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 30 May, 2019
പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനു ആദ്യത്തെ മലയാളി പ്രസിഡന്റിനെ നല്‍കിയ പാലക്കാടിന് എന്തുകൊണ്ട് ലോക്‌സഭയില്‍ ശശി തരൂറിനെ പാര്‍ട്ടിയുടെ നേതാവ് ആക്കിക്കൂടാ? സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലീഡര്‍ ആകാന്‍ തയ്യാറാണെന്ന തരൂരിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ചോദ്യം ഉയരുന്നത്. വയനാട്ടില്‍ നിന്ന് ജയിച്ച രാഹുല്‍ ഗാന്ധി പദവികളില്‍ നിന്നെല്ലാം മാറിനില്‍കുമെന്നു വാശിപിടിച്ചു നില്‍ക്കുന്നതാണ് പശ്ചാത്തലം.

നൂറ്റിമുപ്പതിനാല് വര്‍ഷമുള്ള കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ പ്രസിഡന്റ് ആയ ഏക മലയാളി പാലക്കാടു മങ്കരക്കാരനായ സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ആണ്. മഹാരാഷ്ട്രത്തിലെ അമരാവതിയില്‍ 1897ല്‍ നടന്ന സമ്മേളനത്തിലാണ് ബ്രിട്ടീഷ് വൈസ്രോയിയുടെ പ്രിവി കൗണ്‍സിലില്‍ അംഗമായിരുന്ന ചേറ്റൂരിനെ അദ്ധ്യക്ഷനായി അവരോധിച്ചത്.

അഭിഭാഷകനും ജഡ്ജിയും നിയമസഭാ സാമാജികനും ഒക്കെയായി പ്രാഗല്‍ഭ്യം തെളിയിച്ച ചേറ്റൂറിനു കമ്പനിയന്‍ ഓഫ് ദി ഇന്ത്യന്‍ എമ്പയര്‍ എന്ന പദവിയും പ്രഭു സ്ഥാനവും സമ്മാനിച്ചിരുന്നു. എങ്കിലും ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് പ്രിവി കൗണ്‍സില്‍ സ്ഥാനം അദ്ദേഹം രാജിവയ്ക്കുകയും വെടിവയ്പ്പിന് ഉത്തരവ് നല്‍കിയ ബ്രിട്ടീഷ് പടനായകന്‍ റെജിനാള്‍ഡ് ഡയറിനെ കോടതി കയറ്റുകയും ചെയ്തു.

ലോക് സഭയില്‍ പ്രതിപക്ഷത്തുള്ള എറ്റവും വലിയ കക്ഷി കോണ്‍ഗ്രസ് ആണെങ്കിലും കാബിനറ് റാങ്കുള്ള പ്രതിപക്ഷ നേതാവ് എന്ന അംഗീകാരം ലഭിക്കാന്‍ ആവശ്യമുള്ള പത്തിലൊന്നു സീറ്റ് അവര്‍ക്കായിട്ടില്ല. മൂന്ന് സീറ്റ് കുറവാണ്. 545 സീറ്റുള്ള സഭയില്‍ പാര്‍ട്ടിക്ക് 52 അഗങ്ങളേ ഉള്ളു.

എന്നാല്‍ അഞ്ചു സീറ്റുള്ള എന്‍സിപി എന്ന നാഷണലിസ്‌റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ വ്യാഴാഴ്ച രാഹുല്‍ ഗാന്ധിയെ കണ്ടു രണ്ടുകോണ്‍ഗ്രസുകളും തമ്മില്‍ ലയിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. അങ്ങിനെ വന്നാല്‍ സംയുക്ത കോണ്‍ഗ്രസ് വിഭാഗത്തിന് പ്രതിപക്ഷ നേതൃസ്ഥാനം കിട്ടാനുള്ള വഴി തെളിയും. ആ പദവി തനിക്കു കിട്ടണമെന്നാണോ അദ്ദേഹം ഉദ്ദേശിക്കുന്നതെന്ന് അറിവായിട്ടില്ല.

ലോക് സഭയില്‍ തെരഞ്ഞെടുക്കപ്പെട്ട 543 പേരും ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തില്‍ നിന്ന് നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ടു പേരും ഉള്‍പ്പെടെ 545 പേരാണ് ഉണ്ടായിരിക്കേണ്ടത്. അതിന്റെ പത്തിലൊന്നു അംഗങ്ങള്‍ ഉണ്ടായിരുന്നതിന്റെ ഫലമായി കേരളത്തില്‍ നിന്ന് സിഎം സ്റ്റീഫന്‍ 1978-79ല്‍ പ്രതിപക്ഷ നേതാവായിരുന്നിട്ടുണ്ട്.

എന്നാല്‍ അംഗസംഖ്യ നോക്കാതെ എറ്റം വലിയ കക്ഷിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണ.മെന്നു ഭരണഘടനയുടെ ഇതര ഭാഗങ്ങളില്‍ അനുശാസിക്കുന്നുണ്ട്. കഴിഞ്ഞ (2014) ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞും ഇതേ പ്രശ്‌നം ഉണ്ടായി. അന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പാര്‍ട്ടി ലീഡറാക്കിയ കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിനു വേണ്ടി അവകാശവാദം ഉന്നയിച്ചില്ല. .

കോടതിയില്‍ പോയിരുന്നെങ്കില്‍ അവകാശം സ്ഥാപിച്ചെടുക്കാന്‍ വേണ്ട വകുപ്പുകള്‍ ഭരണഘടനയില്‍ ഉണ്ടെന്നു ഭരണഘടനാ വിദഗ്ധനും ലോക് സഭയുടെ മുന്‍ സെക്രട്ടറി ജനറലുമായ പിഡിടി ആചാര്യ പറയുന്നു. ഇത്തവണ കോണ്‍ഗ്രസിനു എട്ടു സീറ്റുകള്‍ കൂടുതല്‍ കിട്ടിയിട്ടുണ്ട്. മൂന്നു സീറ്റുകള്‍ കുടി ഉണ്ടായിരുന്നുവെങ്കില്‍ ആരോടും ചോദിക്കാതെ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുമായിരുന്നു.

ലോക് സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച ആദ്യത്തെ മലയാളി സി എം സ്റ്റീഫനാണെന്ന് കണ്ടുവല്ലോ. റാം സുഭഗ് സിംഗ്, യശ്വന്തറാവു ബി. ചവാന്‍, ജഗജീവന്‍ റാം, രാജീവ് ഗാന്ധി, എല്‍കെ അഡ്വാനി, അടല്‍ ബിഹാരി വാജ്പേയി, പിവി നരസിംഹ റാവു, ശരദ് പവാര്‍, സോണിയ ഗാന്ധി, സുഷമ സ്വരാജ് എന്നിവരും ആസ്ഥാനം വഹിച്ചിട്ടുണ്ട്.

രാജ്യസഭയില്‍ ശ്യാം നന്ദന്‍ പ്രസാദ് മിശ്ര, കമലാപതി ത്രിപാഠി, എംഎസ് ഗുരുപാദ സ്വാമി, ഭോലാ പസ്വാന്‍ ശാസ്ത്രി, എല്‍ കെ അഡ്വാനി, പി.ശിവശങ്കര്‍, എസ. ജയ്പാല്‍ റെഡ്ഢി, സിക്കന്ദര്‍ ഭക്ത്, മന്‍മോഹന്‍ സിംഗ്, ജസ്വന്ത് സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി, ഗുലാം നബി ആസാദ് എന്നിവര്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്നു. .

പതിനേഴാമത് ലോക് സഭയില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഏറ്റവും കൂടുതല്‍ കോണ്‍ഗ്രസ് അംഗങ്ങളെ--15 പേര്‍-- ജയിപ്പിച്ചു വിട്ട സംസ്ഥാനം എന്ന നിലയിലാണ് നേതൃസ്ഥാനത്തിനു കേരളം അര്‍ഹമായിരിക്കുന്നത്. എട്ടു പേരെ വീതം ജയിപ്പിച്ച തമിഴ്‌നാടും പഞ്ചാബും പിന്നിലാണ്. കേരളത്തില്‍ നിന്നുള്ള ഈ പതിനഞ്ചു പേരില്‍ പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയില്‍ രാഹുലിനാണ് മുന്‍ തൂക്കം. അദ്ദേഹം മുഖം തിരിച്ചു നിന്നാല്‍ പിന്നെ ആരെന്ന ചോദ്യത്തിന് മുമ്പിലാണ് ശശി തരൂരും കൊടിക്കുന്നില്‍ സുരേഷും പരിഗണിക്കപ്പെടുന്നത്.

തരൂരിനും കൊടിക്കുന്നിലൈനും ഒരുപോലെ അര്‍ഹതപ്പെട്ട പദവി. അവരില്‍ ആര്‍ക്കു മുന്‍തൂക്കം എന്നതാണ് പ്രശ്നം. തരൂര്‍ അന്താരാഷ്ട്ര പ്രശസ്തനായ പാര്‍ലമെന്റേറിയനാണ്. തിരുവനന്തപുരത്ത് നിന്ന് മൂന്ന് തവണ ജയിച്ചു, കേന്ദ്രമന്ത്രിയായി സേവനം ചെയ്തു. മന്‍മോഹന്‍ സിംഗിന്റെ മന്ത്രിസഭയില്‍ വിദേശകാര്യവും എച്ആര്‍ഡി വകുപ്പും.കൈകാര്യം ചെയ്തു.

കൊടിക്കുന്നില്‍ നാല് തവണ അടൂരില്‍ നിന്നും മൂന്നു തവണ മാവേലിക്കര നിന്നും തെരഞ്ഞെടുക്കപ്പെട്ടു. മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ തൊഴില്‍ വകുപ്പു സഹമന്ത്രി ആയിരുന്നു. അടുത്ത ജൂണ്‍ 4നു 57 വയസ് എത്തും. ദളിതന്‍ ആണെന്നതാണ് ഏറ്റവും വലിയ നേട്ടം. തിരുവനന്തപുരത്ത് കൊടിക്കുന്നില്‍ കുഞ്ഞന്റെയും തങ്കമ്മയുടെയും പുത്രനായി ദരിദ്ര കുടുംബത്തില്‍ ജനിച്ചു. ബിരുദവും ലോ അക്കാദമിയില്‍ നിന്ന് എല്‍എല്‍ബി യും നേടി. യൂത്തു കോണ്‍ഗ്രസിലൂടെ രംഗപ്രവേശം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡണ്ട് ആണ്.

പാലക്കാടു തരൂര്‍ തറവാട്ടുകാരനായ ശശി തരൂര്‍ (63) ചന്ദ്രന്‍ തരൂരിന്റെയും ലില്ലിയുടെയും മകനായി ലണ്ടനില്‍ ജനിച്ചു. യേര്‍ക്കാട്, ബോംബെ, കല്‍ക്കട്ട ഡല്‍ഹി എന്നിവിടങ്ങളില്‍ പഠിച്ചു. യു എസിലെ ടഫ്റ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ യും പി എച് ഡി യും നേടി. യുഎന്നില്‍ ഡെപ്യുട്ടി അണ്ടര്‍ സെക്രട്ടറി ജനറല്‍ ആയിരുന്നു. ന്യുയോര്‍ക്ക്‌ടൈംസ് ഉള്‍പ്പെടെ പത്രങ്ങളില്‍ എഴുതുന്നു. ഓക്‌സ് ഫെഡിലും മറ്റും പ്രഭാഷണം നടത്തുന്നു. 18 പുസ്തകങ്ങള്‍. അവയില്‍ വൈ അയാം എ ഹിന്ദു എന്ന ഒടുവിലത്തെ പുസ്തകം ഉള്‍പ്പെടെ എല്ലാം ബെസ്റ്റ് സെല്ലറുകള്‍.

സീനിയോരിട്ടികൊണ്ട് കൊടികുന്നില്‍ മുന്നില്‍. പരിചയസമ്പന്നതയില്‍ ഇരുവരും കട്ടക്കട്ടെ. പ്രാഗല്ഭ്യത്തില്‍ തരൂര്‍ ഒരുകാതം മുന്നില്‍ നില്‍ക്കുന്നു. എന്തുവന്നാലും ഇരുവര്‍ക്കും ഡല്‍ഹിയില്‍ പ്രമുഖ സ്ഥാനങ്ങള്‍ ലഭിക്കുമെന്നതില്‍ സംശയം ഇല്ല.

ആദ്യത്തെ കോണ്‍ഗ്രസ് പ്രസിഡന്റ് ആയിരുന്ന ചേറ്റൂര്‍ ശങ്കരന്‍ നായരുടെ മക്കളും മരുമക്കളും ഒരുപോലെ പ്രഗത്ഭര്‍ ആയിരുന്നു. മരുമകനും മകളുടെ ഭര്‍ത്താവുമായിരുന്നു പ്രിവി കൗണ്‍സില്‍ അംഗമായിരുന്ന സര്‍ സി. മാധവന്‍ നായര്‍. മകള്‍ സരസ്വതിയെ പ്രശസ്ത നയതന്ത്രജനായ കെപിഎസ് മേനോന്‍ വിവാഹം ചെയ്തു. ഗോവ വിമോചകന്‍ ലഫ്.ജനറല്‍ കെ.പി. കാണ്ടത്ത് മറ്റൊരു കൊച്ചുമകന്‍. വേറൊരു മരുമകന്‍ കെ.കെ.ചേറ്റൂര്‍ ഐസിഎസ് ജപ്പാനിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍ ആയിരുന്നു. അദ്ദേഹത്തിനെ മകള്‍ ജയ ജെയ്റ്റ്‌ലി ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറി ആയിരുന്ന അശോക് ജയ്റ്റ്‌ലിയുടെ ഭാര്യ. അവരുടെ മകള്‍ അദിദി ക്രിക്കറ്റര്‍ അജയ് ജഡേജയുടെ ഭാര്യ.

തരൂരിനും പറയാനുണ്ട് ചിലത്. പാലക്കാടിന്റെ ഭരണം കയ്യാളിയവര്‍ ആയിരുന്നത്രെ തരൂര്‍ സ്വരൂപം. അച്ഛന്‍ ചന്ദ്രന്‍ സ്റ്റെറ്റ്‌സ്മാന്‍ പത്രത്തിന്റെ പരസ്യ വിഭാഗം ഗ്രൂപ്പ് മാനേജര്‍ ആയി ലണ്ടന്‍, ബോംബെ, കല്‍ക്കട്ട, ഡല്‍ഹി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അങ്ങിനെയാണ് പലയിടത്തും പഠിക്കാന്‍ ഇടയായത്. അച്ഛന്റെ സഹോദരന്‍ ടി. പരമേശ്വര്‍ റീഡേഴ്‌സ് ഡൈജസ്റ്റിന്റെ ഇന്ത്യന്‍ പ്രസാധകന്‍ ആയിരുന്നു.
പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)പ്രതിപക്ഷ നേതാവ് ആകാന്‍ തരൂര്‍ ബെസ്‌റ് ബെറ്റ്, ആദ്യ മലയാളി കോണ്‍. പ്രസിഡന്റിന്റെ നാട്ടുകാരന്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക