Image

എന്തു കൊണ്ട് നരേന്ദ്രമോദി? (പകല്‍ക്കിനാവ് 150: ജോര്‍ജ് തുമ്പയില്‍)

Published on 29 May, 2019
എന്തു കൊണ്ട് നരേന്ദ്രമോദി? (പകല്‍ക്കിനാവ് 150: ജോര്‍ജ് തുമ്പയില്‍)
നരേന്ദ്രമോദി വീണ്ടും ഇന്ത്യന്‍ പ്രധാനമന്ത്രിയാവുന്നതില്‍ മനസു കൊണ്ട് അത്ര അഹ്ലാദിക്കുന്നവരാവില്ല പലരും. എന്നാലും യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചേ മതിയാവൂ. മൃഗീയ ഭൂരിപക്ഷം നേടിയ അധികാരത്തിലെത്തുന്ന ഒരാളെ എന്തിന്റെ പേരിലാണെങ്കിലും ഇന്ത്യന്‍ ദേശീയതയെ അംഗീകരിക്കുന്നവര്‍ വണങ്ങിയേ പറ്റു. അതു ലോകനീതിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ പ്രധാനമന്ത്രി സ്ഥാനത്തെത്തിയ നരേന്ദ്രമോദിയെ പ്രശംസിച്ചു കൊണ്ട് അമേരിക്കയിലെ മിക്ക പത്രങ്ങളും പുറത്തിറങ്ങിയതെന്നു കൂടി ഈ അവസരത്തില്‍ കാണേണ്ടിയിരിക്കുന്നു. അതില്‍ ഏറ്റവും രസകരമായി തോന്നിയത്, ന്യൂയോര്‍ക്ക് ടൈംസ് ദിനപത്രം ഇക്കാര്യത്തില്‍ മുഖപ്രസംഗം എഴുതി എന്നതു തന്നെയാണ്. അമേരിക്ക പോലൊരു ലോകോത്തര രാജ്യം മൂന്നാം ലോക രാജ്യമായ ഇന്ത്യയെ ശ്രദ്ധിക്കുന്നുവെന്നതിന് ഇതില്‍ പരമൊരു തെളിവു വേണോ?  മോദി ഇന്ത്യയുടെ കാവല്‍ക്കാരന്‍, തെരഞ്ഞെടുപ്പില്‍ നേടിയത് ചരിത്രവിജയം എന്നാണ് അവരുടെ എഡിറ്റോറിയലിന്റെ തലക്കെട്ട്. ബിബിസിയും സമാന രീതിയില്‍ തന്നെയാണ് മേദിയുടെ വിജയത്തെ പ്രകീര്‍ത്തിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയം അഴിച്ചു പണിത മോദി എന്നാണ് അവരുടെ തലക്കെട്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും എങ്ങനെയാണ് മോദി വീണ്ടും അധികാരത്തിലെത്തിയത്? അതിനെക്കുറിച്ചു വേണം നാമിപ്പോള്‍ ചിന്തിക്കേണ്ടതെന്നു തോന്നുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമൊക്കെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ നേടിയ വിജയം കോണ്‍ഗ്രസിനെ വീണ്ടും ഇന്ത്യയില്‍ അധികാരത്തിലെത്തിക്കുമെന്നു തന്നെയായിരുന്നു പലരും വിചാരിച്ചത്. എന്നാല്‍ അവിടെ നേടിയ വിജയത്തിന്റെ ലഹരി ആസ്വദിച്ച് മാസങ്ങള്‍ തികയും മുന്‍പേ ബിജെപി അവിടെ വെന്നിക്കൊടി പാറിക്കുകയും ചെയ്തു. എങ്ങനെയിതു സംഭവിച്ചു. എന്താണ് ഇതിനു പിന്നിലെ രഹസ്യം. മോദി മുന്നോട്ടു വച്ചതെന്തായിരുന്നു.

ഇന്ത്യയെ സാകൂതം വീക്ഷിക്കുന്ന ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പറയട്ടെ, ബിജെപി ഇത്തവണ മുന്നോട്ടു നീട്ടിയത് വര്‍ഗീയവിദ്വേഷമോ മതഭ്രാന്തോ ഒന്നുമായിരുന്നില്ല. അവര്‍ക്കറിയാമായിരുന്നു ഭരിക്കണമെങ്കില്‍ വോട്ടുപെട്ടിയില്‍ നിറയെ വോട്ട് വേണമെന്ന്. അവര്‍ക്കറിയാമായിരുന്നു, വോട്ട് കിട്ടിയാല്‍ മാത്രമേ വീണ്ടും അധികാരത്തിലെത്താന്‍ കഴിയൂ എന്ന്. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ഡിഎ ചെയ്തതും അതു തന്നെയായിരുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലേക്ക് കൂടുതല്‍ സൗകര്യങ്ങള്‍ എത്തിച്ചു. ഇതില്‍ ഏറ്റവും വലുതെന്നു പറയുന്നത് കേള്‍ക്കുമ്പോള്‍ നമുക്ക് ചിരി പോലും വരുമായിരുന്നു. അതെ, ശൗചാലയങ്ങള്‍ തന്നെ. ടോയ്‌ലെറ്റ് പണിയാന്‍ സെസ് ഏര്‍പ്പെടുത്തിയ ഇരുപതാംനൂറ്റാണ്ടിലെ ഏക ലോകരാജ്യമെന്നു ചോദിച്ചാല്‍ അതിന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളു- ഇന്ത്യ. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ശൗചാലയമാണോ എന്നു കളിയാക്കി ചോദിച്ചിരുന്നവര്‍ ഇനി പറയും, അതെ എന്ന്. കാരണം, ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും വെളിക്കിറങ്ങുന്നത് ഏകദേശം അമ്പതു ശതമാനത്തിനു മുകളില്‍ വരുമത്രേ. ഇവിടേക്കാണ് മോദി കക്കൂസ് പണിതു നല്‍കിയത്. ഇവര്‍ക്കാണ് മോദി കുടിവെള്ളം നല്‍കിയത്. ഇവിടേക്കാണ് മോദി ഗ്യാസ് അടുപ്പുകള്‍ നല്‍കിയത്. ഇവിടേക്കാണ് വൈദ്യുതി എത്തിക്കാന്‍ മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കിയത്. ഇവര്‍ ഒരിക്കലും കണികണ്ടിട്ടില്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങേണ്ടത് അത്യാവശ്യമാണെന്നു പഠിപ്പിച്ചത്. എല്ലാ സബ്‌സിഡികളും പെന്‍ഷനുകളും ബാങ്ക് അക്കൗണ്ടിലാക്കി നല്‍കിയയത്. ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയത്.

സാമൂഹിക സുരക്ഷയിലാണ് നോട്ടുനിരോധനം എന്ന വലിയ മണ്ടത്തരം കാട്ടിയപ്പോഴും മോദി കണ്ണു വച്ചത്. ഗുജറാത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ മൂവായിരം കോടി രൂപയും സര്‍ദാര്‍ സരോവര്‍ അണക്കെട്ട് തുറക്കാന്‍ കാണിച്ച ധൈര്യവും പാക്കിസ്ഥാനോട് തക്ക മറുപടി കാണിക്കാനുള്ള ചങ്കൂറ്റവുമൊക്കെ ഇന്ത്യയുടെ ധീരനായ പ്രധാനമന്ത്രി എന്ന വലിയ മുദ്രാവാക്യം സാധാരണക്കാരിലേക്ക് എത്തിക്കാന്‍ മോദിക്കു കഴിഞ്ഞു. ഇതു തന്നെയാണ് വോട്ടായി മാറിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ട് 67 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ബിജെപി ഇതര സര്‍ക്കാരുകള്‍ വന്നിട്ട് ലഭിക്കാതിരുന്നത് ഒരു തവണയെങ്കിലും ഇന്ത്യയിലെ സാധാരണക്കാരനു കിട്ടി. അതവനെ പുളകിതനാക്കിയെന്നു വേണം പറയാം. അങ്ങനെയങ്കില്‍ എന്തു കൊണ്ട് ആന്ധ്രയും തമിഴ്‌നാടും കേരളും ബിജെപിക്ക് സലാം പറഞ്ഞില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളു- അവിടുത്തെ സാധാരണക്കാരന് ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദി ഇന്നും അറിയില്ല, അത്ര തന്നെ. മോദിയുടെ മന്‍ കി ബാത്ത് എന്ന പ്രഭാഷണപരമ്പരകള്‍ വിദ്യാസമ്പന്നരായിട്ടു കൂടി കേരളത്തിലെത്ര പേര്‍ മനസ്സിലാക്കുന്നുണ്ടോ എന്തോ? മതേത്വരത്തിനു മുന്‍തൂക്കം നല്‍കുന്ന വിദ്യാഭ്യാസത്തില്‍ രാജ്യത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന, പുരോഗമനമായി ഏറെ ചിന്തിക്കുന്ന കേരളീയരെ മോദിക്കും തള്ളിപ്പറയാനാവുമോ? അതു കൊണ്ടാല്ലോ, കേരളത്തില്‍ ബിജെപി തരംഗമുണ്ടാക്കണമെന്ന് അദ്ദേഹത്തിനിത്ര വാശിയും. ബിജെപി ജയിച്ചോ ഇല്ലയോ എന്നതൊക്കെ പാര്‍ട്ടി വിഷയം, കേരളം ഒരു ഫെഡറല്‍ സംവിധാനത്തില്‍ ഉള്‍ക്കൊണ്ട സംസ്ഥാനമെന്ന നിലയില്‍ അവഗണനയ്‌ക്കൊന്നും സാധ്യത കാണുന്നില്ല. രാഷ്ട്രീയ പോരുകള്‍ പ്രധാനമന്ത്രി കസേരിയിലിരിക്കുമ്പോള്‍ അനുധാവനം ചെയ്യുന്നത് ശുദ്ധ മണ്ടത്തരമാണെന്നു മോദിക്ക് ആരും ഉപദേശിക്കേണ്ടതില്ലല്ലോ?

ഇതു സാധാരണക്കാരന്റെ ബിജെപി ചായ്‌വ് ആണെങ്കില്‍ മധ്യവര്‍ഗവും ഉപരിവര്‍ഗവും എന്തു ചിന്തിച്ചെന്നു കൂടി ശ്രദ്ധിക്കണം. അനുദിനം പെട്രോളിയം ഉത്പന്നങ്ങളുടെ വില കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന ഒരു നാട്ടില്‍, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ത്ത ഡീ മോണറ്റൈസേഷന്‍ എന്ന വന്‍ സാമ്പത്തിക പരിവര്‍ത്തനത്തിനു വിധേയമായ നാട്ടില്‍, ജീവിത ചെലവുകള്‍ വര്‍ദ്ധിക്കുന്ന ഒരു നാട്ടില്‍ പിന്നെയും അവരെന്തിന് ബിജെപിക്ക് വോട്ടു ചെയ്തു. അതിന് ഒറ്റ ഉത്തരമേയുള്ളു. അഴിമതിയില്ലാത്തൊരു സര്‍ക്കാരില്‍ നിന്നേ എന്തെങ്കിലും പ്രതീക്ഷിക്കാന്‍ കഴിയൂ. അതിനൊരു സാധ്യത ഇപ്പോഴും ഇന്ത്യന്‍ മധ്യവര്‍ഗം മോദിയില്‍ കാണുന്നു. മോദി എന്ന മനുഷ്യന്‍ അഴിമതി നടത്തി സ്വിസ് അക്കൗണ്ടില്‍ കാശ് നിറയ്‌ക്കേണ്ടതില്ലെന്ന യാഥാര്‍ത്ഥ്യം അവര്‍ തിരിച്ചറിയുന്നു. അതു തന്നെയാണ് ലളിതമായ ഉത്തരം. ശമ്പളം ബാങ്ക് അക്കൗണ്ടുകളിലൂടെ കൃത്യമായി നല്‍കുന്നു, ക്യാഷ്‌ലെസ് സമ്പ്രദായത്തിനൊപ്പം ലോകത്തിലെ മറ്റേതൊരു രാജ്യത്തിനോളം കിടപിടിക്കാവുന്ന രീതിയില്‍ ശാസ്ത്രസാങ്കേതികത്വവും ഇന്റര്‍നെറ്റ് ടെലി കമ്യൂണിക്കേഷനും വര്‍ദ്ധിച്ചിരിക്കുന്നു, ഉഢാന്‍ പോലെ ഏതൊരു നഗരത്തില്‍ നിന്നും പറന്നുയരാവുന്ന രീതിയില്‍ വിമാനത്താവളങ്ങള്‍ വരുന്നു, എക്‌സ്പ്രസ് ഹൈവേകള്‍ വരുന്നു, മെട്രോ റെയിലുകള്‍ വരുന്നു, ഷോപ്പിങ് മാളുകളിലൂടെ നഗരത്തിന്റെ മുഖഛായ മാറുന്നു- പുതു തലമുറ ഇങ്ങനെയൊക്കെ ചിന്തിക്കുന്നു. അതിനു സ്ഥിരതയുള്ള ഭരണം വേണമെന്ന് അവരും വിചാരിച്ചു കാണുന്നു.
അപ്പോള്‍ പിന്നെ സമ്പന്നമാരോ? ഇന്ത്യന്‍ സമ്പന്നര്‍ അവരുടെ പണം ഇരട്ടിയാക്കിയ അഞ്ചു വര്‍ഷമാണ് കഴിഞ്ഞു പോയത്. നോട്ട് നിരോധനത്തെ അവര്‍ പ്രത്യക്ഷത്തില്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ വികസനത്തിന് അതു കൂടിയേ തീരുമായിരുന്നുവെന്നും ആ വികസനം എന്നത് തങ്ങളുടെ വികസനം കൂടിയാണെന്നും അവര്‍ തിരിച്ചറിഞ്ഞു. ഫലമോ, ഇന്ത്യന്‍ സമ്പത് വ്യവസ്ഥ സാവധാനം വളര്‍ന്നു തുടങ്ങി. അത് പ്രത്യക്ഷത്തില്‍ കാണണമെങ്കില്‍ 2024- വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതു സംഭവിക്കട്ടെ, ഒരിക്കലും ഒന്നും വരാതിരിക്കുന്നതിനേക്കാള്‍ എത്രയോ നല്ലതാണ് എന്തെങ്കിലുമൊക്കെ സംഭവിക്കുന്നത്.

ഭയപ്പെടേണ്ടതെന്താണ്, ഇന്ത്യന്‍ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യുമെന്ന ഭീതിയോ? അങ്ങനെയെങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ അതൊക്കെ സംഭവിച്ചേനെ. മോദി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി ഒരു മതാധിഷ്ഠിത പാര്‍ട്ടിയാണെന്ന് ഒരു വാദത്തിനു പറയാമെങ്കിലും കാര്യങ്ങള്‍ അല്‍പ്പം കൂടി മെച്ചപ്പെട്ട നിലയിലേക്ക് വരുന്നത് നാം അംഗീകരിക്കണം. നോട്ട് നിരോധനത്തിന്റെ നല്ല വശങ്ങള്‍, കോടികള്‍ നഷ്ടപ്പെടുത്തിയിരുന്ന റെയില്‍വേ ബജറ്റ് ഇല്ലാതാക്കിയത്, സുരക്ഷാസംവിധാനം മെച്ചപ്പെടുത്തിയത്, ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍, പ്രവാസി സമൂഹത്തിന്റെയും ഒപ്പം നയതന്ത്രജ്ഞതയുടെയും കാര്യത്തില്‍ മുന്നിലെത്തിയത് ഒക്കെയും നാം മറക്കരുത്. . എന്തിന് അയോധ്യയില്‍ രാമക്ഷേത്രം പണിയുക എന്നതിനപ്പുറം ഇന്ത്യയെ ലോകരാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കുക എന്നതിനായിരുന്നു മോദി മുന്‍തൂക്കം നല്‍കിയത്. അത് അംഗീകരിച്ചേ മതിയാവൂ. അല്ലാതെ, മഞ്ഞപിത്തം ബാധിച്ചവര്‍ നോക്കുന്നതെല്ലാം മഞ്ഞയെന്ന പഴഞ്ചൊല്ലിന്റെ പിന്നാലെ ഓടിയിട്ട് എന്തു കാര്യം.

Join WhatsApp News
texan2 2019-05-29 22:34:50
Very well said Mr George
benoy 2019-05-30 15:05:21

A factual and unbiased article by a well-known journalist. Very few Malayalee writers display the audacity like Mr. Thumbayil to disagree with the average Malayalee concept of hatred towards BJP and Modi. This is called true journalism. A job well done. Thank you, Mr. Thumbayil.


A reader 2019-05-31 10:30:10
There are many journalists appear in E-malayalee but none of them have  presented there credentials. I don't know about benoy who praise Thumpayil for his writings and journalistic abilities  . It will be authoritative if your preset your credentials, if you are a journalist,  to build up confidence in the readers. 
benoy 2019-05-31 11:22:23
I am just a reader, reader. Not a journalist. 
വായനക്കാരൻ 2019-05-31 13:31:35
വാളെടുക്കുന്നവൻ എല്ലാം വെളിച്ചപ്പാട് എന്ന ഒരു അവസ്ഥ അമേരിക്കയിൽ ഉണ്ട്. നാട്ടിൽ പേപ്പർ വിതരണം ചെയ്ത് നടന്നവൻ മനോരമയിലെ  ജേര്ണലിസ്റ്റാണന്ന് പറഞ്ഞു കൊണ്ടു നടക്കുന്നവരുണ്ട്  .  വേറൊരു കൂട്ടർ അമേരിക്കയിൽ ഉണ്ട് അവരാണ് ഫ്രീലാൻഡ് ജേര്ണലിസ്റ്റുകൾ . അതായത് ജേർണലിസത്തിൽ ഒരു സർട്ടിഫിക്കറ്റും വേണ്ട ആരും ചോദിക്കാനുമില്ല പറയാനുമില്ല .  കയറൂരി വിട്ടിരിക്കുന്നവർ .  . ബിനോയിയുടെ  കമന്റാണ് കുഴപ്പം ഉണ്ടാക്കിയത് . 'ഇതാണ് യഥാർത്ഥ ജേർണലിസം' എന്നൊക്കെ പറയുമ്പോൾ അത് പറയുന്ന ആൾ ഒരു ജേര്ണലിസ്റ്റായിരിക്കാം എന്ന് റീഡർ തെറ്റ്ധരിച്ചുകാണും.  ഒരു ജേര്ണലിസ്റ്റിക്ക് റിപ്പോർട്ടാണോ അതോ ഒരു ലേഖനമാണോ എന്ന് ജോർജ്ജ് തുമ്പയിൽ വ്യക്തമാക്കിയാൽ എല്ലാം ശുഭമായി കലാശിക്കും . മിണ്ടാതിരുന്നാൽ അത് കുഴാമറിച്ചിൽ ഉണ്ടാക്കും 

"അമേരിക്ക പോലൊരു ലോകോത്തര രാജ്യം മൂന്നാം ലോക രാജ്യമായ ഇന്ത്യയെ ശ്രദ്ധിക്കുന്നുവെന്നതിന് ഇതില്‍ പരമൊരു തെളിവു വേണോ? "  അമേരിക്കയെപ്പോലെ,  ലോകത്തിലെ ഏറ്റവും വലിയ  ജനാധിപത്യ  രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .  ഇക്കാര്യത്തിൽ ഇന്ത്യ എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു . അത്താഴപ്പട്ടിണിക്കാരൻ ഐ എ സ് നേടുന്നതുപോലെ മൂന്നാം ലോകം ആണെങ്കിലും ലോകരാഷ്ട്രങ്ങളാൽ ഇന്ത്യ എന്നും ലോക ജനതയ്ക്ക് താത്‌പര്യം ഉളവാക്കിയിരുന്നു .   ഏത് അടിമത്ത്വത്തിൽ നിന്നും അക്രമരാഹിത്യത്തിൽ കൂടി സ്വാതന്ത്യം നേടാമെന്ന് കാട്ടി കൊടുത്ത മഹത്മാ ഗാന്ധി ജനിച്ച മണ്ണാണ് ഇന്ത്യ  .   മാർട്ടിൻ ലൂഥർ കിങ്, മണ്ടേല, ഒബാമ തുടങ്ങിയവരെ അക്രമ രഹിത മാർഗ്ഗങ്ങളിലേക്ക് നയിച്ച ഇന്ത്യ എന്നും ലോകത്തിന് ഒരു വഴികാട്ടിയായിരുന്നു .   മോദിക്ക് വോട്ട് ചെയ്യതവരുടെ മാത്രം പ്രധാനമന്ത്രി ആകാതെ ഭാരത ജനതയുടെ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞാൽ, ഏറ്റവും വലിയ സമ്പന്ന രാജ്യമായ അമേരിക്കയുടെ പ്രസിഡണ്ട് ട്രംപിന് ഈ മൂന്നാം ലോക പ്രധാനമന്ത്രിക്ക് വഴികാട്ടിയായി തീരാൻ കഴിയും .  അല്ലാതെ ജാതിയുടെയും മതത്തിന്റെയും, പശുവിനെയും ആനയുടെയും എലിയുടെയും പേരിൽ ഭിന്നിപ്പുണ്ടാക്കിയാൽ അദ്ദേഹം ചരിത്രത്തിന്റെ താളുകളിൽ കുഴിച്ചു മൂടപ്പെടും .  ബലാൽസംഗം, മതത്തിന്റെ പേരിലുള്ള കൊലപാതകം രാഷ്ട്രീയ കൊലപാതകം എന്നിവയാൽ ദുര്ബലമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയെ അദ്ദേഹം നേർവഴിക്ക് നയിക്കും എന്ന് പ്രത്യാശിക്കുന്നു 

benoy 2019-05-31 15:46:16
അല്പം സാമാന്യ ബുദ്ധിയും വിദ്യാഭ്യാസവും ഉള്ള ഏതൊരുവനും ഒരു ലേഖനം വായിച്ചാൽ അതിനെ വിലയിരുത്താനുള്ള കഴിവുണ്ടാകുമെന്നാണ് എന്റെ വിശ്വാസം. അതിനു ഓക്സ്ഫോർഡിലോ കൈമ്ബ്രിഡ്ജിലോ യൈലിലോ പോയി ജേർണലിസം കോഴ്സ് ഒന്നും പാസാവേണ്ട ആവശ്യമില്ല. ശ്രീ തുമ്പയിലിന്റെ ലേഖനം വായിച്ചപ്പോൾ അത് വളരെ നിക്ഷ്പക്ഷവും സത്യസന്ധവുമായ ഒന്നാണെന്ന് എനിക്ക് ബോധ്യമായി. എന്റെ അഭിപ്രായത്തിൽ അതൊരു "true journalism" ആണെന്ന് ഞാൻ വിശ്വസിക്കുന്നു. എന്റെ അഭിപ്രായം ഞാൻ എഴുതി. അത്രതന്നെ.
ഏതു ജോലിക്കും അതിന്റെതായ അന്തസ്സും മാഹാത്മ്യവും ഉണ്ട്. പത്രവിതരണം നടത്തി ഉപജീവനം നടത്തുന്നവർക്ക് ഒരു ലേഖനം എഴുതാൻ പാടില്ലെന്നുണ്ടോ? പത്രപ്രവർത്തനത്തിന്റെ തലതൊട്ടപ്പനായ ജോസഫ് പുലിറ്റ്‌സർ വെറുമൊരു കൂലിപട്ടാളക്കാരനായിട്ടായിരുന്നു അമേരിക്കയിൽ എത്തിയതും 1860 കളിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്തതും പിന്നീട് സെന്റ് ലൂയിസ് പോസ്റ്റ് ഡിസ്പാച്ചിന്റെയും ന്യൂ യോർക്ക് വേൾഡ് ന്റെയും പുബ്ലിഷേർ ആകുകയും ചെയ്തത്. അങ്ങേർക്കു യാതൊരു ജേർണലിസം ഡിഗ്രികൾ ഒന്നുമുണ്ടായിരുന്നില്ല.
ഒബാമയെ അക്രമരഹിതൻ എന്ന് വാഴ്ത്തിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.
ബോബികുട്ടൻ 2019-05-31 17:09:09
ട്രംപിന്റെ ശിങ്കിടികൾക്ക് വിദ്യാഭ്യാസം ഉണ്ടെന്ന് അവകാശപ്പെടരുത്
വിവേകൻ 2019-05-31 21:37:43
സാമാന്യ വിദ്യാഭ്യാസവും ബുദ്ധിയും ഉണ്ടെങ്കിൽ ആർക്കും എന്തും ആകാമെന്ന ബുദ്ധിശൂന്യമായ വാദത്തോട് ഒരിക്കലും യോജിക്കാൻ കഴിയില്ല . അമേരിക്കയിൽ ഫോക്സ് ന്യുസ് ഒഴിച്ച് ബാക്കിയെല്ലാം വ്യാജമാണെന്ന് വാദിക്കുന്നവർക്ക്, വ്യാജന്മാരെക്കാൾ തങ്ങൾ യോഗ്യതയുള്ളവരാണെന്ന് കാണിക്കുന്ന എന്തെങ്കിലും സാക്ഷിപത്രം കൊണ്ട് നടക്കുന്നത് നല്ലതായിരിക്കും . അല്ലെങ്കിൽ കള്ളൻ രക്ഷപ്പെടാനായി കള്ളൻ കള്ളൻ എന്ന് പറഞ്ഞു നാട്ടുകാരുടെ കൂടെ കൂടിയപോലെ ഇരിക്കും .  എല്ലാവരും അവരവർക്ക് അറിയാവുന്ന പണി ചെയുക അതായിരിക്കും നല്ലത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക