Image

എല്ലാവരും എതിര്‍ത്തപ്പോഴും ധീരതയോടെ പിണറായി

കല Published on 29 May, 2019
എല്ലാവരും എതിര്‍ത്തപ്പോഴും ധീരതയോടെ പിണറായി

ലോക്സഭയില്‍ നേരിട്ട കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എല്ലായിടത്തു നിന്നും എതിര്‍പ്പുകള്‍ നേരിടുമ്പോഴും ധീരതയോടെ നേരിടുന്ന മുഖ്യമന്ത്രിയെയാണ് ഇന്ന് നിയമസഭയില്‍ കണ്ടത്. ശബരിമല വിഷയത്തില്‍ ഒരു തരത്തിലും വിട്ടു വീഴ്ചയ്ക്കില്ലെന്നും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നത് ധാര്‍ഷ്ട്യമെങ്കില്‍ ഇനിയും ആ ധാര്‍ഷ്ട്യം തുടരുമെന്നുമാണ് പിണറായി നിയമസഭയില്‍ പറഞ്ഞത്. കേരളത്തിലെ ഒരു വിഭാഗം ആവേശത്തോടെ പിണറായിയെ ഏറ്റെടുക്കുമ്പോള്‍ മറ്റൊരു വിഭാഗം പിണറായി വിജയന്‍ സിപിഎമ്മിന്‍റെ അവസാനത്തെ മുഖ്യമന്ത്രിയാകുമെന്ന് വിളിച്ചു പറയുന്നു. എന്നാല്‍ എതിര്‍ക്കുന്നവര്‍ക്കോ അനുകൂലിക്കുന്നവര്‍ക്കോ പിടികൊടുക്കാതെ തന്‍റെ ശൈലിയില്‍ തന്നെ മുന്നോട്ടു പോകുക എന്നതാണ് പിണറായി വിജയന്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് നിയമസഭയിലെ പ്രസംഗം വ്യക്തമാക്കുന്നു. 
ഒരു വ്യാഴവട്ടക്കാലം പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ എങ്ങനെയാണോ പാര്‍ട്ടിയെ നയിച്ചത് അതേ ശൈലിയിലാണ് ഇപ്പോള്‍ പിണറായി സര്‍ക്കാരിനെയും നയിക്കുന്നത്. ആര്‍ക്കും വഴങ്ങി കൊടുക്കാത്ത ശൈലി. എന്തും നേരിടാനുള്ള ധൈര്യം. പാര്‍ലമെന്‍ററി നേട്ടങ്ങള്‍ക്കായി ഒത്തുതീര്‍പ്പില്ലാത്ത മുന്നേറ്റം. അതാണ് പിണറായി ശൈലി. 
പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഒട്ടാകെ പിണറായിയുമായി ഇടഞ്ഞിരുന്നു. ശബരിമലയില്‍ സര്‍ക്കാരിന്‍റെ നടപടിയാണ് പരാജയത്തിന് കാരണം എന്ന് ദേശിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കേന്ദ്രകമ്മറ്റിയില്‍  സ്ഥാപിച്ചെടുത്തു. കേരളത്തില്‍ സകല മാധ്യമങ്ങളും ഇതര പാര്‍ട്ടികളും പിണറായിയെ കുറ്റപ്പെടുത്തി. എന്തിന് സ്വന്തം പാര്‍ട്ടിക്കുള്ളിലെ സര്‍വ്വസമ്മതിക്ക് വരെ കോട്ടം തട്ടി. പിണറായിയുടെ ശൈലി ഇനി മേല്‍ ഈ വിധം അംഗീകരിച്ചുകൊടുക്കേണ്ട എന്ന് വരെ പാര്‍ട്ടിയില്‍ തീരുമാനമുണ്ടായി. പാര്‍ട്ടി സര്‍ക്കാരിന് കടിഞ്ഞാണിടണം എന്ന് മുറവിളി വന്നു. അപ്പോഴൊന്നും പിണറായി പ്രതികരിച്ചില്ല. ഇപ്പോഴിതാ നിയമസഭയില്‍ സധൈര്യം തന്‍റെ നടപടികള്‍ മുന്നോട്ടു പോകുമെന്ന് പിണറായി ഉറപ്പിച്ചു പറയുന്നു. 
ശബരിമല വിഷയത്തിന്‍റെ പേരില്‍ അല്പം മനസ്താപം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ പിണറായി വിജയന്‍ അയാളല്ലാതെ മാറുമെന്ന് തീര്‍ച്ചയായിരുന്നു. അര ഡസണ്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വരുമെന്ന സാഹചര്യമുള്ളപ്പോള്‍ ഒരു പുനര്‍വിചിന്തനം ഏവരും പ്രതീക്ഷിച്ചതുമായിരുന്നു. എന്നിട്ടും പിണറായി മാറിയില്ല. മാറാന്‍ തയാറായില്ല. പകരം ഈ ധാര്‍ഷ്ട്യം തുടരുമെന്ന് പറഞ്ഞിരിക്കുന്നു. പിണറായി വിജയനെ ഇരട്ടച്ചങ്കന്‍ എന്ന് വിളിക്കുന്നത് ഈ ധൈര്യത്തിന്‍റെ പിന്‍ബലത്തിലാണ്. 
പിണറായി വിജയന്‍റെ തീരുമാനം സകല ഇടതുപക്ഷ ബുദ്ധിജീവികള്‍ക്കും മേലെ പ്രായോഗിക രാഷ്ട്രീയ നേതാവിന്‍റേത് തന്നെയാണ് എന്ന് വേണം മനസിലാക്കാന്‍. ഇടതുപക്ഷ ബുദ്ധിജീവികളുടെ വാചക കസര്‍ത്ത് പോലെ ഒറ്റ ബുദ്ധി തീരുമാനമല്ല പിണറായി വിജയന്‍ ശബരിമല തീരുമാനങ്ങള്‍. അത് വ്യക്തമായ രാഷ്ട്രീയ ബോധ്യത്തോടെയുള്ള തീരുമാനമായിരുന്നു എന്ന് ഇന്ന് അദ്ദേഹത്തിന്‍റെ നിലപാടുകള്‍ അടിവരയിടുന്നു. 
വഴിവെട്ടി സഞ്ചരിക്കുന്നയാളാണ് പിണറായി വിജയന്‍ എന്ന് ഉറപ്പിക്കപ്പെടുകയാണിവിടെ. ഇടതു രാഷ്ട്രീയത്തിന് പിണറായി വിജയന്‍ ധാര്‍ഷ്ട്യം പുതിയൊരു പാത വെട്ടിത്തുറക്കുമെങ്കില്‍ അത് സ്വീകാര്യം തന്നെയാണ്. അത്തരമൊരു സാധ്യതയിലേക്ക് മാത്രമേ ഇനി ഇന്ത്യയിലെ ഇടതുപാര്‍ട്ടികള്‍ക്ക് സഞ്ചരിക്കാന്‍ ബാക്കിയുള്ളു. ഏറ്റവും ഇടത്തേക്ക് സഞ്ചരിക്കുക എന്നതാണ് ആ സാധ്യത. പിണറായി മുന്നോട്ടു വെക്കുന്നതും അതു തന്നെയാണ്. ഏറ്റവും മികച്ച ഇടതായിരിക്കു. ഒരു വര്‍ഗീയ ശക്തിക്ക് മുന്നിലും കീഴടങ്ങാതിരിക്കുക. ജാതിമത ശക്തികളോട് ഒത്തുതീര്‍പ്പില്ലാതെ സഞ്ചരിക്കുക. രാജ്യം കടുത്ത മത രാഷ്ട്രീയത്തിലേക്ക് പോകുമ്പോള്‍ തിരിച്ചു നടക്കുക എന്ന രാഷ്ട്രീയമാണിത്. ആ രാഷ്ട്രീയം കേരളം ഏറ്റെടുക്കുമോ എന്നത് അടുത്ത ഉപതിരഞ്ഞെടുപ്പുകള്‍ തീരുമാനിക്കും. 
Join WhatsApp News
e many issues which is your personal issues but as people elected you you should go with the people. 2019-05-29 16:06:27
This is not Bravery,It's cowardnenss.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക