Image

പ്രഭാസിന്റെ സാഹോയില്‍ നിന്നും പിന്‍മാറുന്നതായി ശങ്കര്‍

Published on 29 May, 2019
പ്രഭാസിന്റെ സാഹോയില്‍ നിന്നും പിന്‍മാറുന്നതായി ശങ്കര്‍

പ്രഭാസ്‌ കേന്ദ്ര കഥാപാത്രമായി എത്തുന്ന സാഹോയില്‍ നിന്നും പിന്‍മാറുന്നുവെന്ന്‌ ശങ്കര്‍-എസ്‌ഹാന്‍-ലോയ്‌ ചിത്രത്തിന്റെ പോസ്‌റ്ററുകള്‍ ഇറങ്ങിയപ്പോള്‍ അതില്‍ സംഗീത സംവിധായകരുടെ പേര്‌ ഉള്‍പ്പെടുത്താതിരുന്നത്‌ വലിയ ചര്‍ച്ചയായിരുന്നു. ഇതിനു പിന്നാലെയാണ്‌ സാഹോയില്‍ നിന്നും പിന്‍മാറുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച്‌ ഇവര്‍ രംഗത്തെത്തിയത്‌.

`സാഹോയില്‍ നിന്നും പുറത്തു പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്ന വിവരം നിങ്ങളെ അറിയിക്കാന്‍ ആഗ്രഹിക്കുന്നു. പ്രഭാസ്‌, വംശി, ശ്യാം, സുജിത്‌ തുടങ്ങിയവര്‍ക്ക്‌ എല്ലാവിധ ആശംസകളും അറിയിക്കുന്നതായി ശങ്കര്‍-എസ്‌ഹാന്‍-ലോയ്‌ ട്വിറ്ററില്‍ കുറിച്ചു. ചിത്രത്തില്‍ നിന്നും പിന്‍മാറാനുള്ള കാരണം എന്താണെന്ന്‌ ഇവര്‍ വ്യക്തമാക്കിയിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണിത്‌ എന്നും റിപ്പോര്‍ട്ടുകളുണ്ട്‌. 

റണ്‍ രാജ റണ്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജിത്താണ്‌ സാഹോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. 300 കോടിയാണ്‌ ചിത്രത്തിന്റെ മുതല്‍മുടക്ക്‌. യുവി ക്രിയേഷന്‍സാണ്‌ നിര്‍മാണം. ബോളിവുഡ്‌ താരം ശ്രദ്ധ കപൂറാണ്‌ നായിക. മലയാള ചലച്ചിത്രതാരം ലാലും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്‌. ജാക്കി ഷ്രോഫ്‌, നീല്‍ നിഥിന്‍ മുകേഷ്‌, മന്ദിര ബേദി, മഹേഷ്‌ മഞ്‌ജരേക്കര്‍, അരുണ്‍ പാണ്‌ഡേ, മുരളീ ശര്‍മ തുടങ്ങിയവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങള്‍. 

പ്രശസ്‌ത ഹോളിവുഡ്‌ ആക്ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ്‌ ചിത്രത്തില്‍ ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട്‌ ഡയറക്‌ടറായിരുന്ന സാബു സിറിലാണ്‌ സാഹോയുടേയും കലാ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്‌. ഛായാഗ്രഹണം ആര്‍.മഥിയും ചിത്ര സംയോജനം ആര്‍.ശ്രീകര്‍ പ്രസാദുമാണ്‌. ഓഗസ്റ്റ്‌ 15ന്‌ പുറത്തിറങ്ങുന്ന സാഹോ തെലുങ്കിനു പുറമേ ഹിന്ദി, തമിഴ്‌ ഭാഷകളിലും പുറത്തിറങ്ങും.


















Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക