Image

ഒരു ത്രിമാന ( 3D ) ഫ് ളാഷ് ബാക്ക് (ഷിജി അലക്‌സ് ,ചിക്കാഗോ)

Published on 29 May, 2019
 ഒരു ത്രിമാന ( 3D ) ഫ് ളാഷ്  ബാക്ക്  (ഷിജി അലക്‌സ്  ,ചിക്കാഗോ)
ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ഏഴു കാലഘട്ടം .ഹെല്‍മുട് കോള്‍ , മാര്‍ഗരറ്റ് താച്ചര്‍, റൊണാള്‍ഡ് റീഗന്‍ , രാജീവ് ഗാന്ധി എന്നിവര്‍ അധികാരത്തിലുണ്ട് .കേരളത്തില്‍ ലീഡര്‍ കരുണാകരനില്‍ നിന്നും സഖാവ് നായനാര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തു. അതെ വര്‍ഷമാണ്  നമ്മുടെ ബഹുമാനപെട്ട ഹൈ ടെക് പ്രധാനമന്ത്രി മോദിജി  ഡിജിറ്റല്‍ ക്യാമെറയില്‍ ഫോട്ടോ എടുത്തതും ആ പടം അദ്വനിജിക്കു
 ഇമെയില്‍ വഴി അയച്ചുകൊടുത്തതും എന്ന് വിശ്വസിക്കപ്പെടുന്നു.
ടി പി ബാലഗോപാലന്‍ എം എ , തനിയാവര്‍ത്തനം, ഒന്ന് മുതല്‍ പൂജ്യം വരെ മുതലായ ക്ലാസിക് പടങ്ങള്‍  ഇറങ്ങിയതും ആ കാലത്താണ് . ആ വര്ഷം തന്നെ ആണ് ഈ പത്തുവയസുകാരി അഞ്ചാം ക്ലാസ്സില്‍ കുണ്ടറ  എം ജി ഡി ഗര്‌ലസ്
 ഹൈ സ്‌കൂളില്‍ പഠനം തുടങ്ങുന്നതും. അതെ സ്‌കൂളില്‍ പത്താം
ക്ലാസ്സില്‍ ചേച്ചിയും   പഠിക്കുന്നുണ്ട് . സ്‌കൂള്‍ പാര്‍ലമെന്റില്‍ ഒരു മുഖ്യ സ്ഥാനം ആയ സ്പീക്കര്‍ പദവി കയ്യാളുന്ന ആ ആളിനെ ഷെറി എന്ന യഥാര്‍ത്ഥ പേരിട്ടു തന്നെ വിളിക്കാം . 1985  മുതല്‍ എല്ലാവരും കാത്തിരുന്ന ത്രിമാന ചലച്ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ തീയേറ്ററു്കളില്‍ എത്തി. നവോദയ അപ്പച്ചന്‍ കുട്ടികളുടെ എല്ലാം പ്രിയപ്പെട്ട അപ്പച്ചന്‍ ആയി . എ ക്ലാസ് തീയേറ്ററുകളിലെ പ്രദര്‍ശനം കഴിഞ്ഞു സി ക്ലാസ് തീയേറ്റര്കളില്‍  എത്തിയപ്പോഴേക്കും വര്‍്ഷം ഒന്ന് കഴിഞ്ഞു. ഞങ്ങളുടെ പ്രിയപ്പെട്ട ടീച്ചേഴ്‌സ് എടുത്ത ഒരു  സുപ്രധാന തീരുമാനം ആയിരുന്നു കുട്ടികളെ ഒന്നടങ്കം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ത്രിമാന ചലച്ചിത്രം കാണിക്കാം എന്നുള്ളത് .ഈ തീരുമാന പ്രകാരം കുണ്ടറ മുക്കടയിലെ ( വേലുത്തമ്പിദളവ വിളംബരം നടത്തിയ, അതെ കുണ്ടറ) എസ്  വി തിയേറ്ററില്‍ വച്ച് കുട്ടികള്‍ക്കായി പ്രദര്‍ശനം.അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ളവര്‍   കുണ്ടറ പള്ളിമുക്കില്‍ (സ്‌കൂളില്‍) നിന്ന് മുക്കട തിയേറ്റര്‍ വരെ അച്ചടക്കത്തോടെ   വരിവരിയായി ക്ലാസ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തില്‍ നടക്കണം. സ്‌കൂള്‍ ബസ് ഇല്ല കേട്ടോ.  ഷെറിയും കൂട്ടുകാരും അസാധാരണമായ ബുദ്ധിപ്രഭാവത്താല്‍ അനുഗൃഹീതായിരുന്നു. വളരെ പെട്ടെന്ന് അവര്‍ അമിത് ഷാ സ്‌റ്റൈല്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. തിയേറ്ററില്‍ മുന്നില്‍ നിന്നും ആളെ ഇരുത്തി തുടങ്ങും, അഞ്ചാം ക്ലാസ്സുകാര്‍ ആദ്യം അവസാനം പത്താം ക്ലാസ്സുകാര്‍, അങ്ങനെ പോയാല്‍ പത്താം ക്ലാസ്സുകാര്‍ ബാല്ക്കണിയിലും അഞ്ചാംക്ലാസ്സുകാര്‍  സ്‌ക്രീനിനോട് ചേര്‍ന്നു തറ നിരപ്പില്‍ നിന്നും ഏതാനും അടി ഉയരത്തില്‍ ഉള്ള സീറ്റിലും. അവര്‍ ടീച്ചേഴ്‌സിനോട് നിര്‍ദ്ദേശിച്ചു, അങ്ങനെ പോകാം എന്ന്. അവര്‍ക്കു ശെരിക്കും സന്തോഷ നൃത്തം ചെയ്യണമെന്ന് തോന്നിക്കാണും , കാരണം ഷെറി ഒരു കൊറിയോഗ്രാഫര്‍ കൂടിയാണ് (ആ കഥ പിന്നാലെ).പക്ഷെ സന്തോഷത്തിനിടയിലും അവള്‍ക്കു പെട്ടെന്ന് സങ്കടം വന്നു. അവര്‍ ബാല്കണിയില്‍ ഇരുന്നു സിനിമ ആസ്വദിക്കുമ്പോള്‍ പാവം ഷിജി തറയോളം പോന്ന സ്ഥലത്തും. പക്ഷെ ബുദ്ധി പെട്ടെന്ന് ഉദിക്കുന്ന തലയായതു കൊണ്ട് അതിനും പരിഹാരമായി. പുറപ്പെട്ടു കഴിഞ്ഞ ഞങ്ങളുടെ ക്ലാസ്സിന്റെ പിന്നാലെ ഓടി വന്നു , ടീച്ചറിനോട് ചോദിച്ചു , എന്നെ ആ വരിവരിയില്‍ നിന്നും അടര്‍ത്തി മാറ്റി, അവിടെ ഒരു ശൂന്യത സൃഷ്ടിച്ചു ,  10  D   യുടെ വരിവരിയില്‍  കൊണ്ട് നിര്‍ത്തി. സ്വജനപക്ഷപാതം നേതാക്കളുടെ മുഖ മുദ്രയാണെന്നു അന്നേ എനിക്ക് മനസിലായി.പക്ഷെ ഉദ്ദേശം എനിക്ക് ഗുണകരമായതു കൊണ്ട് സര്‍വാത്മനാ ഞാന്‍ അത് ഉള്‍ക്കൊണ്ടു. സ്പീക്കറിന്റെ  നേതൃത്വത്തില്‍  അവസാനത്തെ വരിവരി  എസ് വി തീയേറ്ററിന് ലക്ഷ്യമാക്കി നടന്നു. പച്ച സ്‌കര്‍ട്ടും വെള്ള ഷര്‍ട്ടും  കുട്ടികളുടെ ഇടയില്‍ പച്ച സ്‌കര്‍ട്ടും പിങ്ക് ഷര്‍ട്ടും ഇട്ട ഒരു കൊച്ചു വലിയ കുട്ടി. സിനിമ കാണാനുള്ള ആവേശത്തില്‍ നടക്കുവാനൊരു ബുദ്ധിമുട്ടും തോന്നിയില്ല .അങ്ങനെ   ആ സുമുഹൂര്‍ത്തം സമാഗതമായി. വലതു കാല്‍ വച്ച് തിയേറ്ററില്‍ കയറി. അപ്പോള്‍ കണ്ട കാഴ്ച ഹൃദയഭേദകം എന്ന് പറഞ്ഞാല്‍ ഈ കഴിഞ്ഞ ഇരുപത്തിമൂന്നാം തീയതി കേരള ലോക്‌സഭാ ഫലം 19 :1  എന്ന് കണ്ടപ്പോള്‍ ഉണ്ടായ ഞെട്ടലിലും മേലെ ആയിരുന്നു. എന്റെ ക്ലാസ്സിലെ പച്ചയും പിങ്കും കുട്ടികള്‍  ബാല്‍ക്കണിയില്‍ കരുണാനിധി കണ്ണാടിയും വച്ചിരിക്കുന്നു .അവസാനം എത്തിയ ഞങ്ങള്‍ സ്‌ക്രീനില്‍ തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു എന്ന മട്ടില്‍ തറയില്‍ നിന്നും  ഉറുമ്പോളം പൊക്കത്തില്‍.ഞാന്‍ ഷെറിയെ ഒന്ന് നോക്കി. അവളുടെ മുഖത്തുണ്ടായ ഭാവങ്ങള്‍ ഉര്‍വശി അവാര്‍ഡിനും മുകളില്‍ സ്‌പെഷ്യല്‍ മെന്‍ഷന്‍ അര്‍ഹത നേടി . കുട്ടിച്ചാത്തന്‍ തന്ന ഐസ്‌ക്രീം നുണഞ്ഞും കൊട്ടാരക്കര എന്ന മന്ത്രവാദിയെ കാണുമ്പോള്‍ കണ്ണുകള്‍ ഇറുക്കിയടച്ചും , കണ്ണാടി  ഊരി മാറ്റിയും സിനിമ പൂര്‍ത്തീകരിച്ചു. ഇന്നെലെ അലാവുദീന്‍ സിനിമ 3D യില്‍ കണ്ടപ്പോള്‍ ഇതൊക്കെ ഓര്‍ത്തു പോയി.

 ഒരു ത്രിമാന ( 3D ) ഫ് ളാഷ്  ബാക്ക്  (ഷിജി അലക്‌സ്  ,ചിക്കാഗോ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക