Image

ഒടുവില്‍ ഒളിവു ജീവിതം മതിയാക്കി സുകുമാരക്കുറുപ്പ് തിരിച്ചു വരുന്നു

Published on 27 May, 2019
ഒടുവില്‍ ഒളിവു ജീവിതം മതിയാക്കി സുകുമാരക്കുറുപ്പ് തിരിച്ചു വരുന്നു


കൊച്ചി: ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കുറുപ്പിന്റെ' ചിത്രീകരണം ആരംഭിച്ചു. പിടികിട്ടാപുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ രണ്ടു വര്‍ഷം മുമ്പു പുറത്തുവന്നിരുന്നു. എന്നാല്‍ ചിത്രത്തെ കുറിച്ച് പിന്നീട് വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

>സംവിധായകന്‍ ശ്രീനാഥ് തന്റെ ഫേയ്‌സ്ബുക്കിലൂടെ ചിത്രത്തിന്റെ ഫാന്‍ മേയ്ഡ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് ചിത്രീകരണം വീണ്ടും ആരംഭിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരുടേയും കഥാപാത്രങ്ങളുടേയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും സംവിധായകന്‍ പറഞ്ഞു. ഡിസൈനറായ സാനിയാസ് ആണ് ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

'ഓരോ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. കുറുപ്പ് എന്ന ഞങ്ങളുടെ ചിത്രം നിങ്ങള്‍ കാത്തിരിക്കുന്നത് പോലെ, ഞങ്ങളും കാത്തിരിക്കുക ആയിരുന്നു. ഏകദേശം അഞ്ച് വര്‍ഷത്തോളം ഉള്ള ഞങ്ങളുടെ തയ്യാറെടുപ്പിന്റെ ദൃശ്യ രൂപം നിങ്ങളിലേക് എത്തിക്കാന്‍. അതിനിനി അധികനാള്‍ കാത്തിരിക്കേണ്ട. കുറുപ്പ് തുടങ്ങുകയാണ് .... എല്ലാ കാത്തിരിപ്പുകള്‍ക്കും അവസാനം കുറിച്ചുകൊണ്ട്. ഇതിനൊപ്പം പ്രിയസുഹൃത്ത് ഡിസൈന്‍ ചെയ്ത ഫാന്‍ മെയ്ഡ് പോസ്റ്റര്‍ കൂടെ നിങ്ങള്‍ക്കായി ഷെയര്‍ ചെയുന്നു' ശ്രീനാഥിന്റെ പോസ്റ്റില്‍ പറയുന്നു.

മറക്കാനുള്ളതല്ല, തിരിച്ചറയിപ്പെടാന്‍ ഉള്ളതാണ് സത്യം എന്ന അടിക്കുറിപ്പോടെയാണ് ഇപ്പോഴത്തെ പോസ്റ്റര്‍ പുറത്തിറക്കിയത്. 'പറഞ്ഞതും അല്ല അറിഞ്ഞതും അല്ല, പറയാന്‍ പോകുന്നതാണ് കഥ. സ്വന്തം നിഴല് പോലും അറിയാത്ത കഥ''എന്ന അടിക്കുറിപ്പോടെയായിരുന്നു ആദ്യത്തെ പോസ്റ്റര്‍ ശ്രീനാഥ് പങ്കു വെച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയുടെ സംവിധായകനും ശ്രീനാഥ് തന്നെയായിരുന്നു. സെക്കന്‍ഡ് ഷോയ്ക്ക് ശേഷം കൂതറ എന്ന ചിത്രവും ശ്രീനാഥ് സംവിധാനം ചെയ്തിരുന്നു.

സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി നിരവധി സിനിമകള്‍ ഇതിനു മുന്‍പും വെള്ളിത്തിരയിലെത്തിയിട്ടുണ്ട്. 1984 ല്‍ പുറത്തിറങ്ങിയ എന്‍എച്ച് 47 ആയിരുന്നു അതില്‍ ശ്രദ്ധേയം. ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ ടി.ജി രവിയായിരുന്നു കുറുപ്പിന്റെ വേഷം ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക