Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഇടയലേഖനം പള്ളികളില്‍ വായിച്ചു

Published on 26 May, 2019
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഇടയലേഖനം പള്ളികളില്‍ വായിച്ചു
കൊച്ചി: സീറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ ഇടയലേഖനം പള്ളികളില്‍ വായിച്ചു. എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറലിന്റെ സര്‍ക്കുലറാണ് പള്ളികളില്‍ വായിച്ചത്. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കര്‍ദിനാളിനെതിരെ പള്ളികളില്‍ ഇടയലേഖനം വായിക്കുന്നത്. ആലഞ്ചേരിക്ക് പുറമെ പൊലീസിനെതിരെയും കടുത്ത വിമര്‍ശനമാണ് സര്‍ക്കുലറിലുള്ളത്.

അതേസമയം, ഈ സര്‍ക്കുലറിനെതിരെ ഒരുവിഭാഗം വിശ്വാസികള്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ആലഞ്ചേരിക്കെതിരെ വ്യാജരേഖ ഉണ്ടാക്കിയവരെ സംരക്ഷിക്കുന്നെന്നും ഫാ. ആന്റണി കല്ലൂക്കാരനെയും അറസ്റ്റിലായ ആദിത്യയെയും അനുകൂലിക്കുന്നെന്നും പറഞ്ഞാണ് ഒരുകൂട്ടം വിശ്വാസികള്‍ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിച്ചത്. മലയാറ്റൂര്‍ പള്ളിക്ക് മുന്നിലും ഇന്ത്യന്‍ കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയിലെ സഭ ആസ്ഥാനത്തും സര്‍ക്കുലര്‍ കത്തിച്ചിരുന്നു.

സര്‍ക്കുലര്‍ പള്ളികളില്‍ വായിക്കുന്നതിലൂടെ വിശ്വാസികളെ വിഭജിക്കുകയും അധികൃതര്‍ക്കെതിരെ തിരിക്കുകയുമാണ് ലക്ഷ്യമെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇതോടെ സഭക്കുള്ളിലെ ഭിന്നത വിശ്വാസികള്‍ക്കിടയിലേക്കും വ്യാപിച്ചു. ഇരുപക്ഷത്തുമായി വിശ്വാസികള്‍ നിലയുറപ്പിച്ചതോടെ സമൂഹ മാധ്യമങ്ങള്‍ വഴി പരസ്പരം അധിക്ഷേപിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. ഫേസ്ബുക്ക് പേജുകളിലൂടെയും മറ്റും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

സഭ മേലധികാരികളെ ഉള്‍പ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ നിറയുന്നു. മാധ്യമങ്ങളിലോ സമൂഹ മാധ്യമങ്ങളിലോ സഭയുമായി ബന്ധപ്പെട്ട് അധിക്ഷേപകരമായ പ്രസ്താവനകള്‍ നടത്തരുതെന്ന സഭയുടെ നിര്‍ദേശം മറികടന്നാണ് ഇപ്പോഴത്തെ പോര്. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക