Image

വേഴാമ്പലുകള്‍ മരിക്കുമ്പോള്‍ (സീന ജോസഫ്)

Published on 26 May, 2019
വേഴാമ്പലുകള്‍ മരിക്കുമ്പോള്‍ (സീന ജോസഫ്)
നീ എവിടെയാണ്?
ഒരുപാടു നാള്‍ കൂടി, ഫോണില്‍ അവന്റെ ശബ്ദം.
കുറച്ചുനേരം അവള്‍ നോക്കിയിരുന്നു.
പിന്നെ പറഞ്ഞു,
നീ അന്വേഷിക്കുന്നവള്‍ മരിച്ചു പോയി.
ഒരു നിമിഷാര്‍ദ്ധമൗനം.
തമാശ കളയൂ, എനിക്കു സംസാരിക്കാനുണ്ട്.
മരിച്ചവരോട് സംവദിക്കാനുള്ള ഭാഷ
അറിയുമെങ്കില്‍ ആയിക്കൊള്ളു
എന്നായി അവള്‍.
ഒരിക്കല്‍ കൂടി നിമിഷാര്‍ദ്ധമൗനം.
ഫോണില്‍ അവന്റെ ശബ്ദം മുറിഞ്ഞു.

അവനു ദേഷ്യം വന്നു കാണണം.
അവളുടെ മെലോഡ്രാമ അവനു പിടിക്കാറില്ല.
അവളുടെ ചുണ്ടിന്‍ കോണില്‍ ഒരു പുഞ്ചിരി
മെല്ലെ വിരിഞ്ഞു, പിന്നെ വാടി വീണു.
നെഞ്ചിലെ ആ കൊച്ചു മുള്ള്
ഒന്നുകൂടെ ആഴ്ന്നു കുത്തി.

പക്ഷെ, അവള്‍ പറഞ്ഞതു
സത്യം തന്നെ ആയിരുന്നു.
അവനെ സ്‌നേഹിച്ചവള്‍
മരിച്ചു തുടങ്ങിയിട്ട് നാളേറെയായി.
അവനത് അറിഞ്ഞില്ലെന്നു മാത്രം!
അവന്‍ അവള്‍ക്കു വായുവും
വെള്ളവും ജൈവമൂലകങ്ങളുമായിരുന്നു.
അതറിയാമായിരുന്നിട്ടും വല്ലപ്പോഴും മാത്രം
പെയ്യുന്ന വേനല്‍മഴ ആയിരുന്നു അവന്‍.

അവളുടെ ഉള്ളിലെ വേഴാമ്പല്‍
മരണപ്പിടച്ചില്‍ പിടഞ്ഞപ്പോള്‍
അവള്‍ തട്ടിപ്പിടഞ്ഞെഴുന്നേറ്റു.
ഉള്ളില്‍ പിടഞ്ഞും കരഞ്ഞും
അവല്‍ക്കു മതിയായിരുന്നു.
വേഴമ്പലിനേക്കാള്‍ എന്തുകൊണ്ടും
മെച്ചം ഫീനിക്‌സ് ആണല്ലൊ
എന്നവളോര്‍ത്തു.
ഒരു മൂളിപ്പാട്ടുമായി അവള്‍
ഫോണ്‍ മുറിയിലുപേക്ഷിച്ചു
പുറത്തേക്കിറങ്ങി.
പകലിനന്നു പതിവില്ലാത്ത
പ്രകാശമായിരുന്നു!


വേഴാമ്പലുകള്‍ മരിക്കുമ്പോള്‍ (സീന ജോസഫ്)
Join WhatsApp News
josecheripuram 2019-05-29 13:33:45
No one could write better about a failed love affair&rising from it to continue the life in front of you.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക