Image

റീ ഇലക്ഷന്‍ നടത്തണം, ബാലറ്റ്‌ പേപ്പര്‍ തിരിച്ചുകൊണ്ടുവരണം; ഇലക്ഷന്‍ കമ്മീഷന്റെ പേജില്‍ ക്യാംപെയിനിംഗുമായി സോഷ്യല്‍ മീഡിയ

Published on 26 May, 2019
റീ ഇലക്ഷന്‍ നടത്തണം, ബാലറ്റ്‌ പേപ്പര്‍ തിരിച്ചുകൊണ്ടുവരണം; ഇലക്ഷന്‍ കമ്മീഷന്റെ പേജില്‍ ക്യാംപെയിനിംഗുമായി സോഷ്യല്‍ മീഡിയ


ന്യൂദല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പ്‌ ബാലറ്റ്‌ പേപ്പര്‍ ഉപയോഗിച്ച്‌ വീണ്ടും നടത്തണമെന്ന്‌ ഇലക്ഷന്‍ കമ്മീഷന്റെ പേജില്‍ ക്യാംപെയിന്‍. ജനാധിപത്യത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ്‌ ക്യാംപെയ്‌ന്‍ ആരംഭിച്ചിരിക്കുന്നത്‌.

ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷിന്‍ മാറ്റി പകരം ബാലറ്റ്‌ പേപ്പര്‍ കൊണ്ടുവരണമെന്നാണ്‌ ക്യാംപെയിനില്‍ പങ്കെടുക്കുന്നവര്‍ ആവശ്യപ്പെടുന്നത്‌.

സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യരായ അമേരിക്ക പോലും ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷിന്‌ പകരം ബാലറ്റ്‌ പേപ്പറാണ്‌ ഉപയോഗിക്കുന്നതെന്നും ഇവര്‍ ചൂണ്ടികാട്ടുന്നുണ്ട്‌.

വോട്ടിംഗ്‌ മെഷിനില്‍ തിരിമറി നടന്നിരിക്കാമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പ്‌ വീണ്ടും നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്‌.

നേരത്തേ മുംബൈ നോര്‍ത്ത്‌ മണ്ഡലത്തില്‍ ഉപയോഗിച്ച വോട്ടിങ്‌ യന്ത്രത്തില്‍ അട്ടിമറി ആരോപിച്ച്‌ അവിടുത്തെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി ഊര്‍മ്മിളാ മണ്ഡോദ്‌കര്‍ രംഗത്തെത്തിയിരുന്നു.


ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ ഫോമില്‍ ഉണ്ടായിരുന്ന ഒപ്പും വോട്ടിങ്‌ മെഷീന്‍ നമ്പറും തമ്മില്‍ വ്യത്യാസമുണ്ടായിരുന്നു എന്നാണ്‌ ഊര്‍മ്മിള ആരോപിച്ചത്‌. ഇ.വി.എം മാറ്റിയിട്ടുണ്ടാകാമെന്ന ഗുരുതര ആരോപണമാണ്‌ ഊര്‍മ്മിള ഉന്നയിച്ചത്‌. വിഷയത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിട്ടുണ്ടെന്നും ഊര്‍മ്മിള വ്യക്തമാക്കി.

അതേസമയം വോട്ടിംഗ്‌ മെഷിന്‍ ഹാക്ക്‌ ചെയ്യാന്‍ കഴിയില്ലെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിലപാട്‌.വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനു മുന്‍പ്‌ വിവിപാറ്റ്‌ രസീതുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ തള്ളിയിരുന്നു.

വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത്‌ അന്തിമ ഫലം അറിയുന്നത്‌ ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക