Image

ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാന്‍ കോടതിക്കാവില്ല: പാത്രിയര്‍ക്കീസ് ബാവ

Published on 25 May, 2019
ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാന്‍ കോടതിക്കാവില്ല: പാത്രിയര്‍ക്കീസ് ബാവ


മഞ്ഞിനിക്കര: ഒരു ജനതയുടെ വിശ്വാസം തീരുമാനിക്കാന്‍ കോടതിക്കു കഴിയില്ലെന്ന് ആഗോള സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ. മഞ്ഞനിക്കര ദയറായിലെ പുതിയ മന്ദിരത്തിന്റെ കൂദാശയ്ക്കുശേഷം നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ വിശ്വാസത്തിന്റെ ആഴമളക്കാന്‍ ജഡ്ജിമാര്‍ക്കു കഴിയില്ല. രാജ്യത്തിന്റെ നിയമത്തെയും നിയമ സംവിധാനങ്ങളെയും ബഹുമാനിക്കുന്ന നിങ്ങള്‍ക്ക് സ്വയം എവിടെ വിശ്വസിക്കണമെന്ന് തീരുമാനിക്കാം. ആരോടാണ് വിധേയത്വമെന്നു തീരുമാനിക്കേണ്ടത് നമ്മളാണ്. അല്ലാെത അടിച്ചേല്‍പ്പിക്കരുത്. കീഴടങ്ങുകയില്ല. നിയമത്തെയും നിയമ സംവിധാനത്തെയും ബഹുമാനിക്കുന്നു. ഒരു കോടതി വിധി ഉപയോഗിച്ച് യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്നാണ് ആഗ്രഹിക്കുന്നതെങ്കില്‍ അതു വ്യാമോഹംമാത്രമാണ്. കോടതിക്കോ കോടതി വിധികള്‍ക്കോ സമാധാനം ഉണ്ടാക്കാന്‍ കഴിയില്ല. പരസ്പരം സമാധാനത്തോടെ സംസാരിക്കുകയാണ് വേണ്ടത്. പള്ളികള്‍ തകര്‍ത്ത് വിശ്വാസത്തെ അടിയറവു പറയിക്കാമെന്ന് ആരും കരുതേണ്ട. ഏതെങ്കിലും പള്ളിയോ സ്ഥാപനമോ നഷ്ടപ്പെട്ടാല്‍ വീണ്ടും നിര്‍മ്മിച്ചു വിശ്വാസം സംരക്ഷിക്കും. 

ഒരു വിശ്വാസിയെങ്കിലും അന്തോഖ്യാ സിംഹാസനത്തിനു കീഴിലുണ്ടെങ്കില്‍ അവര്‍ക്കൊപ്പം സിംഹാസനവും ഉണ്ടാകും. അനുരഞ്ജനത്തിന്റെ പേരില്‍ ഒരു വിശ്വാസവും ബലികഴിക്കില്ല. ജനങ്ങള്‍ ഒരുമിച്ചു തീരുമാനിച്ചാലേ അത് അംഗീകരിക്കുകയുള്ളൂ. സമാധാനത്തിനായും അനുരഞ്ജനത്തിനുമായി ഇപ്പോഴും അന്ത്യോഖ്യാ നില കൊള്ളുന്നു. ഓരോ വിശ്വാസിയുടെയും വിശ്വാസം സംരക്ഷിക്കും. സമാധാനത്തിന്റെ വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്'പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു.  

'പുറത്തെ ആക്രമണം തടയാന്‍ അകത്ത് ഐക്യം വേണം

മഞ്ഞനിക്കര: സമാധാനപൂര്‍ണമായ ചര്‍ച്ചയ്ക്കു നമുക്കിടയിലും ഐക്യം വേണമെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ. പുറത്തെ ആക്രമണം തടയണമെങ്കില്‍ അകത്ത് ഐക്യം വേണം. ഐക്യത്തിന്റെയും സമാധാനത്തിന്റെയും പേരില്‍ ഒരാളുടെയും അവകാശം ബലികഴിക്കില്ല. പഴയതും പുതിയതുമായ സഭാ നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുപോകണം. ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി സ്ഥാനത്തനിന്നുള്ള രാജിമാത്രമേ സ്വീകരിച്ചിട്ടുള്ളൂ. കാതോലിക്കയായി അദ്ദേഹം തുടരും. യാക്കോബായ സഭയ്ക്ക് ഒരു കേഫായും (സഭയിലെ ഒരു സംഘടന) ഒരു കീപ്പായുമേയുള്ളൂവെന്നും പാത്രിയര്‍ക്കീസ് ബാവ പറഞ്ഞു. <യൃ />കട്ടച്ചിറ പള്ളിയിലെ ആക്രമണത്തെക്കുറിച്ചു പറഞ്ഞ ബാവ വികാരാധീനനായി. ' ദൈവത്തിന്റെ ആലയം തകര്‍ക്കാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് എങ്ങനെ കഴിയും? അവര്‍ക്ക് സദ്ബുദ്ധി ഉണ്ടാകാന്‍ പ്രാര്‍ത്ഥിക്കാം. സഭയില്‍ സമാധാനത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നതായി ആദ്യ മലങ്കര സന്ദര്‍ശനത്തില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, മറുപക്ഷം വാതില്‍ അടച്ചിട്ടു. നേരില്‍ സംസാരിക്കാന്‍ ഞാന്‍ മറുവിഭാഗത്തെ ക്ഷണിച്ചു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ നേതാക്കള്‍ വിളിച്ചു. അവര്‍ സഹകരിച്ചില്ല'അദ്ദേഹം പറഞ്ഞു. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, ഗീവര്‍ഗീസ് മോര്‍ അത്താനാസ്യോസ്,തോമസ് മോര്‍ തിമോത്തിയോസ്, യൂഹാനോന്‍ മോര്‍ മിലിത്തിയോസ് എന്നിവര്‍ പ്രസംഗിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക