Image

വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ല: എം.വി.ഗോവിന്ദന്‍

Published on 25 May, 2019
വിശ്വാസി സമൂഹത്തെ ഒപ്പം നിര്‍ത്താതെ വര്‍ഗസമരം സാധ്യമല്ല: എം.വി.ഗോവിന്ദന്‍

കണ്ണൂര്‍ന്മ വിശ്വാസികള്‍ക്കെതിരായ യുദ്ധപ്രഖ്യാപനം സിപിഎം ഉദ്ദേശിക്കുന്നില്ലെന്നു കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ പറഞ്ഞു. വിശ്വാസിസമൂഹത്തെ വിശ്വാസി സമൂഹമായിത്തന്നെ കാണണം. സിപിഎമ്മിലും വലിയൊരു വിഭാഗം വിശ്വാസികളുണ്ട്. വിശ്വാസികളെയും മതത്തെയും അവസാനിപ്പിക്കുക എന്നതു സിപിഎം അജന്‍ഡയല്ല. വിശ്വാസിയും അവിശ്വാസിയും ഉള്‍പ്പെടെ എല്ലാ സമൂഹത്തെയും ഒപ്പം നിര്‍ത്താതെ മുന്നോട്ടുപോകാനാകില്ലെന്നു സിപിഎം ഉള്‍പ്പെടെ മനസിലാക്കണം.

ജനകീയ ജനാധിപത്യ സര്‍ക്കാരിന്റെ പരിപാടി എന്ത് എന്നതു സിപിഎം പാര്‍ട്ടി പരിപാടിയില്‍ ഏഴാമത്തെ അധ്യായത്തിലുണ്ട്. മതനിരപേക്ഷതയാണ്, മതനിരാസമല്ല അത്. വിശ്വാസിസമൂഹത്തെ ഒപ്പം നിര്‍ത്തിക്കൊണ്ടേ ഇടതുപക്ഷ പ്രസ്ഥാനത്തിനു വര്‍ഗസമരത്തില്‍ മുന്നോട്ടുപോകാനാകൂ. മസില്‍പവര്‍ കൊണ്ടു വൈരുദ്ധ്യാത്മക ഭൗതികവാദിയാകാനാകില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം പഠിച്ച് ജീവിതത്തില്‍ നടപ്പാക്കുമ്പോഴാണു അതിനു സാധിക്കുക. ഹിന്ദു ദൈവത്തിന്റെ പേരാണു ഗോവിന്ദനെങ്കിലും ഞാന്‍ വിശ്വാസിയല്ല, വൈരുദ്ധ്യാത്മക ഭൗതിക വാദിയാണ്.

തോല്‍വികളെല്ലാം പഠിക്കണം. ഏതെല്ലാം രീതിയിലാണു തിരിച്ചടിയുണ്ടായതെന്നു ജനങ്ങളില്‍നിന്നാണു പഠിക്കേണ്ടത്. തെറ്റുതിരുത്തി മുന്നോട്ടുപോയാല്‍ മാത്രമേ തിരിച്ചടിയില്‍നിന്നു കരകയറാന്‍ കഴിയൂ. ഇടതുപക്ഷത്തിന് വോട്ട് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഘടകങ്ങള്‍ എന്തൊക്കെയാണ്? ശബരിമല പ്രധാന വിഷയമാണ്. സുപ്രീംകോടതി പറഞ്ഞതു നമ്മള്‍ സ്വീകരിച്ചു. എന്നാല്‍ ശബരിമല പിടിച്ചെടുക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചു. വിട്ടുകൊടുക്കാന്‍ കഴിയില്ലെന്നു സര്‍ക്കാരും തീരുമാനിച്ചു. വിശ്വാസത്തിന്റെ പേരില്‍ വര്‍ഗീയവാദികളാണു പ്രശ്‌നങ്ങളുണ്ടാക്കിയത്. എന്നാല്‍ ശബരിമല വിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും സ്വീകരിച്ച നിലപാട് തെറ്റിദ്ധരിക്കപ്പെട്ടു എന്നതു വസ്തുതയാണ്.

സിപിഎം ആര്‍എസ്എസുകാരെ കൊന്നൊടുക്കുന്നു എന്ന രീതിയില്‍ രാജ്യവ്യാപകമായി ബിജെപി പ്രചാരണം നടത്തി. ഇടതുവിരുദ്ധ ശക്തികള്‍ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളെ കേരളത്തില്‍ ഫലപ്രദമായി കൈകാര്യം ചെയ്തു. മാധ്യമങ്ങള്‍ മുഴുവന്‍ ഇടതുപക്ഷത്തിനും സര്‍ക്കാരിനും എതിരായി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീടുകളിലെത്തുന്ന രണ്ടു പത്രങ്ങളും എപ്പോഴും ആളുകള്‍ തുറന്നുവയ്ക്കുന്ന ചാനലുകളും മൂന്നു മാസമായി ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടത്തി. ഇതെല്ലാം കൂടി ചേര്‍ന്നാണു കേരളത്തില്‍ തിരിച്ചടിയുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിഎ ജില്ലാ പഠനക്യാംപില്‍ പ്രസംഗിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക