Image

ഇങ്ങനെയും 'ഒരൊന്നൊന്നര പ്രണയകഥ'

Published on 25 May, 2019
ഇങ്ങനെയും 'ഒരൊന്നൊന്നര പ്രണയകഥ'
മലയാള സിനിമ റിയലസിത്തിന്റെ കാലത്തിൽ പുത്തൻ പരീക്ഷണങ്ങൾക്ക് നിരന്തരം വേദിയാകുന്ന സമയത്താണ് കാലം തെറ്റിയെത്തിയ മഴ പോലെ ഷിബു ബാലൻ സംവിധാനം ചെയ്ത ഒരൊന്നൊന്നര പ്രണയകഥ എന്ന സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പറഞ്ഞുപഴകി തേഞ്ഞുപോയ പ്രമേയത്തെ വീണ്ടും തേച്ചുമിനുക്കിയുള്ള കൺകെട്ട് വിദ്യയുമായി എത്തുമ്പോൾ അത് പ്രേക്ഷകരെ എങ്ങനെയാണ് ആകർഷിക്കുകയെന്ന ചോദ്യം മാത്രമാണ് സിനിമ ബാക്കി വയ്ക്കുന്നത്. മലയാളികൾ ഒത്തിരിതവണ കണ്ടുമറന്ന അന്യമതസ്ഥരായ രണ്ടുപേരുടെ പ്രണയവും ആ ബന്ധം വിജയിക്കാനായി അന്യദേശത്തേക്ക് ഒളിച്ചോടുന്നതാണ് സിനിമയുടെ പ്രമേയം.
അവിടെ വച്ച് ചിത്രത്തിലെ നായകനായ ഷെബിൻ ബെൻസൺ ഒരു കൊലക്കേസിൽ പ്രതിയാകുന്നു. പിന്നെ അയാൾ ജീവിതത്തിലേക്ക് തിരിച്ചുവരുമോയെന്നതിനുള്ള ഉത്തരമാണ് സിനിമ തേടുന്നത്. ഹിന്ദു- മുസ്ളിം പ്രണയകഥയാകുമ്പോൾ കുറച്ച് വർഗീയത പറയുന്നവർ ഇല്ലാതെ എന്ത് സിനിമയെന്ന സാമാന്യബുദ്ധി സംവിധായകൻ ഇവിടേയും എടുത്തു വീശിയിട്ടുണ്ട്. അപ്പോഴും കൂടെ നിൽക്കാൻ ചങ്ക് പറിച്ചു നൽകാൻ നിൽക്കുന്ന സുഹൃത്തുക്കളുണ്ടാകും. അവരും ഈ സിനിമയിലെ പ്രധാന ഘടകമാണ്. രണ്ടാം ക്ളാസിൽ തുടങ്ങുന്ന പ്രണയം,​ പിന്നെ അന്യനാട്ടില്ലേക്കുള്ള ഒളിച്ചോട്ടം (എല്ലാ സിനിമകളേയും പോലെ ഒളിച്ചോടാൻ പറ്റിയ ഇടം ചെന്നൈ ആണ് കേട്ടോ)​,​ അവിടെ തൊഴിലില്ലാതെ അലയുമ്പോൾ പച്ചയായ ജീവിത യാഥാർത്ഥ്യങ്ങളുടെ കയ്‌പനീര് എന്നുവേണ്ട പറഞ്ഞുപഴകിയ ക്ളീഷേകളുടെ ഘോഷയാത്ര തന്നെ സിനിമയിൽ കാണാം.സുന്ദരിയായ ഒരു പെണ്ണ് കൂടിയാകുമ്പോൾ ജീവിതത്തിന് ആശങ്കയേറും. ഇടയ്ക്കിടെ,​ ആട്ടോ ശിവ എന്ന പേരിലുള്ള വില്ലനും കൂട്ടരും വന്ന് ചെറിയൊരു ഹീറോയിസവും കാട്ടും. രണ്ടാം പകുതിയിൽ സിനിമ ഓടുന്നത് തീർത്തും നാടകീയതയുടേയും സസ്‌പെൻസിന്റേയും ട്രാക്കിലൂടെയാണ്. സ്വപ്നത്തിലൂടെയുള്ള ഒരു ബസ് യാത്ര കഴിഞ്ഞുണരുമ്പോഴേക്കും സ്ക്രീനിൽ ഒരൊന്നൊന്നര പ്രണയകഥ എന്ന് വീണ്ടും എഴുതിക്കാണിക്കുന്നുണ്ടാകും. തികച്ചും ഉപരിപ്ളവമായി നിന്നുകൊണ്ടുള്ള ഒരു ഞാണിന്മേൽ കളിയാണ് ഈ സിനിമയെന്ന് പറയാതെ തരമില്ല. പ്രധാന പ്രമേയത്തിൽ നിന്ന് വ്യതിചലിക്കുകയും പിന്നീട് ഉപകഥയെ ആശ്രയിച്ചുമാണ് സിനിമ നീങ്ങുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് സിനിമയുടെ മറ്റൊരു പോരായ്‌മ. ക്ളൈമാക്സിലെ നായക കഥാപാത്രമായ രമണനെ അവതരിപ്പിക്കുന്ന ഷിബിൻ അത്ര മികച്ച പ്രകടനമൊന്നുമല്ല നടത്തുന്നത്.താൻ ഈ വേഷത്തിന് അൺഫിറ്റാണെന്ന് ഷിബിന്റെ ശരീരഭാഷ പോലും വിളിച്ചുപറയുന്നുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ സയാ ഡേവിഡാണ് ചിത്രത്തിലെ നായിക. സൗന്ദര്യം കൊണ്ട് പ്രേക്ഷകരെ ആകർഷിക്കാൻ സയയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ,​ അത്രയേറെ അഭിനയപ്രാധാന്യമുള്ളതൊന്നുമല്ല ഈ വേഷം. പ്രേമലത കലാമണ്ഡലം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മിയും അത്യവശ്യം നല്ലതുപോലെ ബോറടിപ്പിക്കുന്നുണ്ട്. അലൻസിയർ ലെ ലോപ്പസ്,​ സുധീർ കരമന,​ ഇന്ത്യൻ പള്ളാശേരി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ. ഗാനങ്ങൾ അത്ര മികച്ച അനുഭവമൊന്നും സമ്മാനിക്കുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക