Image

കണ്ണന്താനവും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെ കേരളത്തിലെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച കാശ് പോയി

Published on 24 May, 2019
കണ്ണന്താനവും തുഷാര്‍ വെള്ളാപ്പള്ളിയും ഉള്‍പ്പെടെ കേരളത്തിലെ 13 എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെയും കെട്ടിവെച്ച കാശ് പോയി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ മൂന്ന് സീറ്റുകള്‍ സ്വപ്നം കണ്ടിരുന്ന ബിജെപിയെ വീണ്ടും ജനവിധി കൈവിട്ടു. സുവര്‍ണ്ണാവസരം എന്ന് വിശേഷിപ്പിച്ച ഇത്തവണത്തെ സാഹചര്യത്തിന്റെ പിന്‍ബലത്തില്‍ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളില്‍ കുമ്മനവും, സുരേന്ദ്രനും, സുരേഷ് ഗോപിയും വിജയം നേടുമെന്നായിരുന്നു ബിജെപി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സംസ്ഥാനത്ത് 13 എന്‍ഡി സ്ഥാനാര്‍ത്ഥികളുടെയാണ് കെട്ടിവെച്ച കാശും പോയത്.

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ ഉള്‍പ്പെടെ 13 സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച കാശ് പോലും നഷ്ടമായത്. കണ്ണൂരില്‍ മത്സരിച്ച സി.കെ. പത്മനാഭനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും പിന്നില്‍. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സി.കെ. പത്മനാഭന്‍ നേടിയത് 68509 വോട്ടാണ്. തൊട്ടു മുന്നില്‍ 78816 വോട്ടുകള്‍ നേടിയ തുഷാര്‍ വെള്ളാപ്പള്ളിയാണ്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് നേടാനായാല്‍ മാത്രമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് കെട്ടിവെച്ച കാശ് തിരികെ കിട്ടൂ

സി കൃഷ്ണകുമാര്‍(പാലക്കാട്), സുരേഷ് ഗോപി(തൃശൂര്‍), പി സി തോമസ്(കോട്ടയം), കെ എസ് രാധാകൃഷ്ണന്‍(ആലപ്പുഴ), കെ സുരേന്ദ്രന്‍(പത്തനംതിട്ട), ശോഭാ സുരേന്ദ്രന്‍(ആറ്റിങ്ങല്‍), കുമ്മനം രാജശേഖരന്‍(തിരുവനന്തപുരം) എന്നിവര്‍ക്ക് മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ കെട്ടിവച്ച തുക ലഭിച്ചത്. ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും, തൃശൂരില്‍ സുരേഷ് ഗോപിയും പാലക്കാട് സി കൃഷ്ണ കുമാറും രണ്ട് ലക്ഷത്തിലേറെ വോട്ട് നേടിയത് പാര്‍ട്ടിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക