Image

ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനും മാനിക്കുന്നു: രാഹുല്‍ ഗാന്ധി

Published on 23 May, 2019
ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനും മാനിക്കുന്നു: രാഹുല്‍ ഗാന്ധി
കോണ്‍ഗ്രസിന്റെ പരാജയവും ബിജെപിയുടെ വിജയവും അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പില്‍ നടന്നത്. അതില്‍ മോദി വിജയിച്ചു. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ജനവിധി മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നതായി ഡല്‍ഹി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

'സത്യം പറയട്ടെ, തിരഞ്ഞെടുപ്പു തോല്‍വിയുടെ കാരണം വിലയിരുത്താനുള്ള ദിനമാണ് ഇതെന്നു ഞാന്‍ കരുതുന്നില്ല. ഇന്ത്യയിലെ ജനങ്ങള്‍ നരേന്ദ്ര മോദിയാണ് അവരുടെ പ്രധാനമന്ത്രിയെന്ന് വിധിയെഴുതിയിരിക്കുന്നു. ആ ജനവിധിയെ ഇന്ത്യക്കാരനെന്ന നിലയില്‍ ഞാനും മാനിക്കുന്നു. അമേഠിയിലെ ജനവിധിയും അംഗീകരിക്കുന്നു. അവിടെ വിജയിച്ച സ്മൃതി ഇറാനിക്ക് അഭിനന്ദനങ്ങള്‍' - രാഹുല്‍ പറഞ്ഞു.

സ്മൃതി ഇറാനിയോട് നാല്പതിനായിരത്തിലധികം വോട്ടുകള്‍ക്കാണ് രാഹുല്‍ഗാന്ധിയുടെ പരാജയം. 2014-ല്‍ രാഹുലിനോട് പരാജയപ്പെട്ട സ്മൃതി ഇറാനിക്ക് ഇത്തവണത്തെ വിജയം ഒരു മധുരപ്രതികാരമായി.

2004 മുതല്‍ രാഹുല്‍ഗാന്ധി പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് അമേഠി. കഴിഞ്ഞ മൂന്നുതവണയും എതിര്‍സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയായിരുന്നു രാഹുലിന്റെ വിജയം.

അതേസമയം, നാലുലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് രാഹുല്‍ഗാന്ധി വയനാട്ടില്‍നിന്ന് ലോക്സഭയിലെത്തുന്നത്. വയനാട്ടില്‍ മത്സരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇത്തവണ ലോക്സഭ കാണുക പോലുമില്ലായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക