Image

സിപിഎമ്മിന്‌ ദയനീയ തകര്‍ച്ച, രാജ്യത്താകെ ലഭിച്ചത്‌ വെറും മൂന്ന്‌ സീറ്റുകള്‍

Published on 23 May, 2019
സിപിഎമ്മിന്‌  ദയനീയ തകര്‍ച്ച, രാജ്യത്താകെ ലഭിച്ചത്‌ വെറും മൂന്ന്‌ സീറ്റുകള്‍

ത്രിപുര: തിരഞ്ഞെടുപ്പ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്‌ചയാണ്‌ 2019 സിപിഎമ്മിന്‌ സമ്മാനിച്ചിരിക്കുന്നത്‌. പതിറ്റാണ്ടുകളോളം ഭരിച്ച ത്രിപുരയിലും പശ്ചിമ ബംഗാളിലും ഒരു സീറ്റില്‍ പോലും സിപിഎമ്മിന്‌ വിജയിക്കാന്‍ സാധിച്ചിട്ടില്ല. കേരളത്തില്‍ സിപിഎമ്മിന്റെ ജയം ഒരു സീറ്റില്‍ മാത്രമാണ്‌. ത്രിപുരയില്‍ രണ്ട്‌ സീറ്റുകളിലും സിപിഎം മൂന്നാം സ്ഥാനത്തേക്ക്‌ തളളപ്പെട്ടത്‌.

ബിജെപി ഇവിടെ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ്‌ രണ്ടാം സ്ഥാനത്ത്‌ എത്തി. ഒരു കൈ വിരലുകളില്‍ എണ്ണിത്തികയ്‌ക്കാന്‍ പോലും അംഗങ്ങള്‍ ഇല്ലാത്ത അവസ്ഥയിലേക്കാണ്‌ സിപിഎം എത്തി നില്‍ക്കുന്നത്‌. പതിനേഴാം ലോക്‌സഭയില്‍ സിപിഎമ്മിനുണ്ടാവുക മൂന്ന്‌ അംഗങ്ങള്‍ മാത്രമായിരിക്കും എന്നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലസൂചനകള്‍.


ആലപ്പുഴയില്‍ നിന്ന്‌ എഎം ആരിഫും തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന്‌ പിആര്‍ നടരാജനും മധുരയില്‍ നിന്ന്‌ എസ്‌ വെങ്കടേശനുമാണ്‌ ഇക്കുറി ലോക്‌സഭയില്‍ സിപിഎമ്മിനെ പ്രതിനിധീകരിക്കുക.

സിപിഎമ്മിന്‌ ഇത്ര വലിയ തിരിച്ചടി ലഭിച്ച തിരഞ്ഞെടുപ്പ്‌ ഉണ്ടായിട്ടില്ല. 2004ല്‍ ആണ്‌ 43 സീറ്റുകള്‍ നേടി സിപിഎം ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയത്‌.

അന്നത്തെ യുപിഎ ഭരണത്തെ നിയന്ത്രിക്കാന്‍ പോലും സിപിഎമ്മിനായി. 2009ല്‍ സിപിഎം പതിനാറിലേക്കും 2014ല്‍ ഒന്‍പതിലേക്കും ചുരുങ്ങി. 2019ല്‍ എത്തിയപ്പോള്‍ മൂന്നിലേക്ക്‌ കൂപ്പ്‌ കുത്തി വീണിരിക്കുകയാണ്‌ സിപിഎം. അതേസമയം സിപിഐ സീറ്റ്‌ 1ല്‍ നിന്ന്‌ രണ്ടാക്കി ഉയര്‍ത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക