Image

കുറുക്കന്‍ രാജാവായാല്‍ (കവിത: ജി. പുത്തന്‍കുരിശ്‌)

Published on 25 April, 2012
കുറുക്കന്‍ രാജാവായാല്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
ഒന്ന്‌

പണ്ടൊരു കാട്ടിലൊരു കുറുക്കന്‍
ഇണ്ടലകന്നു വസിച്ചിരുന്നു.
കൂടിയവനൊരു മോഹമുള്ളില്‍
കാടൊന്നടക്കി ഭരിച്ചു വാഴാന്‍
സ്വന്തം കഴിവിന്‍ ചുരുളഴിച്ച്‌
ചിന്തയാലൊന്നു പരതി നോക്കി
`സൂത്രശാലിയാം ഈ എന്നെ വല്ലാന്‍
മാത്രമിക്കാട്ടിലിന്നാരുമില്ല
അല്‌പം തിരിമറി കൂടെയായാല്‍
ചൊല്‌പടിലാക്കിടാം കൊമ്പനേയും
നാടൊന്നു ചുറ്റിയടിച്ചൊരല്‌പം
രാഷ്‌ട്രീയ തന്ത്രം ഗ്രഹിച്ചിടേണം.'
കൗശലക്കാരനാമക്കുറുക്കന്‍
സംശയലേശമാക്കാടു വിട്ടു.
കാടും മലകളും താണ്ടിയവന്‍
നാട്ടിന്‍പ്പുറത്തങ്ങു വന്നണഞ്ഞു.
`കണ്ടാലിവനൊരു നായപോലെ
കണ്ടില്ലെ മോന്തേടെ നീളമെന്നാല്‍'
കണ്ടവര്‍ നെറ്റി ചുളിച്ചു നിന്നു
മിണ്ടാതെയങ്ങു നടന്നകന്നു.
കള്ളന്‍ കുറുക്കന്‍ ഒരു നിമിഷം
ഉള്ളത്തിലൂറി ചിരിച്ചുപോയി.
തൊള്ള തുറന്ന്‌ വിളിച്ചു കൂവാന്‍
തള്ളലുണ്ടായുള്ളില്‍ കൂവിയില്ല.
നാട്ടിന്‍പ്പുറത്തുള്ള നായ്‌ക്കളെല്ലാം
കൂട്ടക്കുരയായ്‌ നാടുണര്‍ന്നു
ചുലും വടികളുമേന്തി ജനം
ജാലവിദ്യക്കാരനെ പിന്‍തുടര്‍ന്നു
പ്രാണഭയത്താല്‍ കുറുക്കനപ്പോള്‍
വാണം പോലങ്ങു കുതിച്ച്‌ പാഞ്ഞു
ഓടിയവന്‍ പലവേലി ചാടി
ചാടിയൊരു ചായത്തൊട്ടിക്കുള്ളില്‍
പെട്ടന്ന്‌ ചാടി പുറത്തു വന്നു
ചുറ്റി തിരിഞ്ഞൊരു ഓട്ടമോടി.
നാട്ടുകാരേവരും പിന്‍പേ പാഞ്ഞു
കാടിന്റെയുള്ളിലവന്‍ മറഞ്ഞു.

രണ്ട്‌

ഓടിയണച്ചൊരു വന്മരത്തിന്‍
ചുടലില്‍ ചെന്നു തളര്‍ന്നു വീണു.
`നാട്ടുകാരോയിവര്‍ പേനായ്‌ക്കളോ
രാഷ്‌ട്രീയക്കാരുടെ വൈരികളോ?
കണ്ണീന്നു തീപ്പൊരി പാറിടുന്നു
മണ്ണീന്നു ഗന്ധകം പൊങ്ങിടുന്നു'
ദാഹ പരവശനായി അവന്‍
ദേഹം തളര്‍ന്നവിടങ്ങിരുന്നു.
അങ്ങകലെയൊരു കൊച്ചരുവി
കിങ്ങിണി നാദമോടങ്ങൊഴുകി.
മോഹം വെടിഞ്ഞവന്‍ ആറ്റു വക്കില്‍
ദാഹം ശമിപ്പിപ്പാന്‍ വന്നു നിന്നു.
സ്വന്ത രുപം ജലദര്‍പ്പണത്തില്‍!
അന്തിച്ചവനങ്ങു നോക്കി നിന്നു.
പുത്തന്‍ പ്രതിച്ഛായ നോക്കിയവന്‍
ഒത്തിരിനേരം അവിടെ നിന്നു.
`ഉണ്ടെനിക്കിന്നൊരു വര്‍ണ്ണയങ്കി
കണ്ടാലോ ഞാനൊരു കൊച്ചു സിംഹം'
വീണ്ടുമാമോഹം തലയുയര്‍ത്തി
നീണ്ടു നിവര്‍ന്നവന്‍ മൂരി നീര്‍ത്തി.

മൂന്ന്‌

വര്‍ണ്ണപ്പകിട്ടുള്ള അങ്കിയിട്ട്‌
സ്വര്‍ണ്ണ നിറമുള്ള പല്ലുകാട്ടി
സിംഹപ്രഭാവത്താല്‍ നെഞ്ചുയര്‍ത്തി
സിംഹാസനത്തില്‍ ഞെളിഞ്ഞിരുന്നു
`ആരിവനാരിവന്‍ രാജസിംഹം
തീര്‍ച്ചയിക്കാടിന്‌ പൊന്‍ക്കിരീടം'
കാട്ടുതീ പോലെയാവാര്‍ത്ത ശീഘ്രം
കാട്ടുമൃഗങ്ങടെ കാതിലെത്തി.
ചാമരം വിശുന്നമാതിരിയാ
മാമരക്കെമ്പൊന്നിളകി നിന്നു
സൂനങ്ങള്‍ പുഞ്ചിരി തൂകിടുന്നു
മാന്‍പേട തുള്ളിക്കളിച്ചിടുന്നു
ഉത്സവം ഉത്സവം കാട്ടിലൊക്കെ
മത്സരം രാജനെ തൃക്കണ്‍പാര്‍ക്കാന്‍
ആ മലഞ്ചെരിവിലെങ്ങു നിന്നോ
രോമാഞ്ചമേകുമാ കൂവല്‍ കേട്ടു
`കാപട്യമേറുമീ രാജവസ്‌ത്രം
ശാപമാകുന്നിനി വയ്യെനിക്ക്‌
കൂവണം കൂവണം ഓലിയിട്ട്‌
ആവോളം കൂവണം ഇന്നെനിക്ക്‌'
സര്‍വം മറന്നവനങ്ങു നിന്ന്‌
നിര്‍വൃതി പൂണ്ടവനൊന്നു കൂവി.
കാട്ടു മൃഗങ്ങളൊന്നാകെ ഞെട്ടി
കാട്ടുകുറുക്കന്റെ നെഞ്ചുപൊട്ടി
രക്‌തപ്പുഴയങ്ങു വാര്‍ന്നൊഴുകി
സത്യങ്ങളൊക്കെ തെളിഞ്ഞൊഴുകി.

നാല്‌

കാപട്യവസ്‌ത്രം ധരിച്ച മര്‍ത്ത്യര്‍
രാപകല്‍ ചുറ്റുന്നുണ്ടിങ്ങുതുപോല്‍
ഇല്ലാത്തതൊക്കെ ചമഞ്ഞു ചിലര്‍
വല്ലാത്ത പൊല്ലാപ്പില്‍ ആയിടുന്നു
സല്‍ക്കഥയുള്‍ക്കാഴ്‌ച നല്‍കിടട്ടെ
ചിത്സ്വരൂപന്‍ കൃപയേകിടട്ടെ.
കുറുക്കന്‍ രാജാവായാല്‍ (കവിത: ജി. പുത്തന്‍കുരിശ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക