Image

ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്, ഇതെന്തു പറ്റി?(പകല്‍ക്കിനാവ് 149- ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 22 May, 2019
ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്, ഇതെന്തു പറ്റി?(പകല്‍ക്കിനാവ് 149- ജോര്‍ജ് തുമ്പയില്‍)
ഏഴു കടലിനക്കരെ ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ഹാനോവറിലുള്ള വീട്ടിലിരുന്നു ഇന്ത്യയിലെ വാര്‍ത്തകള്‍ക്കു ചെവി കൊടുക്കുമ്പോള്‍ ഛേ, ലജ്ജാകരം എന്നു പറഞ്ഞു തലതാഴ്ത്തുകയാണ്. കാര്യം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് ശ്രീ. നരേന്ദ്ര മോദിയെങ്കിലും അദ്ദേഹത്തിന്റെ സമയം കഴിഞ്ഞ ഒരാഴ്ചയായി അത്ര നല്ലതല്ലെന്നു തോന്നുന്നു. ഒരു അഭിമുഖവും ഒരു പത്രസമ്മേളനവും അദ്ദേഹത്തിനു നല്‍കിയത് വലിയ പണി തന്നെയാണ്. വലിയ പണി എന്നു പറഞ്ഞാല്‍ ഇമ്മിണി വല്യ പണി! ശരിക്കും സോഷ്യല്‍ മീഡിയയിലൊക്കെ ഇമേജ് കുളഞ്ഞു കുളിച്ചു. ഡിജിറ്റല്‍ ക്യാമറ ഇല്ലാത്ത കാലത്ത് അങ്ങനെ ഫോട്ടോ എടുത്തെന്നും ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വരുന്നതിനും എട്ടു വര്‍ഷം മുന്‍പേ അത് ഇ-മെയില്‍ ചെയ്തു കൊടുത്തു എന്നുമൊക്കെയുള്ള ഗീര്‍വാണമാണ് അദ്ദേഹത്തിന്റെ ക്രെഡിബിളിറ്റിയ്ക്ക് ദോഷമായതെങ്കില്‍ മഴക്കാര്‍ ഉണ്ടെങ്കില്‍ ശത്രുവിന്റെ റഡാറിനെ മറികടക്കാമെന്നു പറഞ്ഞത് അദ്ദേഹത്തിന്റെ മറ്റൊരു മണ്ടത്തരമുഖം പുറത്തു കാണിച്ചു. അതിനു മുന്‍പ് ബിരുദ വിഷയത്തില്‍ ശരിക്കും അക്കിടി പറ്റിയിരിക്കുകയായിരുന്നുവെന്നു കൂടി ഓര്‍ക്കണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രീ. രാഹുല്‍ ഗാന്ധിയുടെ പിതാമഹന് വിളിച്ചതിന്റെ ക്ഷീണം ഒന്നു മാറ്റാനായിരുന്നു പത്രസമ്മേളനം. ഈ മീഡിയ കോണ്‍ഫറന്‍സിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അധിക3രത്തിലിരുന്ന അഞ്ച് വര്‍ഷത്തിലൊരിക്കല്‍ പോലും അദ്ദേഹം പത്രക്കാരെ കണ്ടില്ല. മാധ്യമപ്രവര്‍ത്തകര്‍ എന്നാല്‍ അദ്ദേഹത്തതിനു ചതുര്‍ത്ഥിയായിരുന്നിരിക്കണം. എല്ലാ പ്രധാനമന്ത്രിമാരും വിദേശത്ത് പോകുമ്പോള്‍ പത്രക്കാരെയും കൂടെ കൂട്ടാറുണ്ടായിരുന്നുവെങ്കില്‍ മോദി ഒരിക്കല്‍ പോലും അതിനു തയ്യാറായില്ല. അതു കൊണ്ടു തന്നെ ജേര്‍ണലിസ്റ്റുകള്‍ക്ക് അപ്രിയനായ ഇന്ത്യന്‍ പ്രൈംമിനിസ്റ്റര്‍ ഒരു പ്രസ് കോണ്‍ഫറന്‍സ് വിളിച്ചപ്പോള്‍ രാജ്യാന്തര തലത്തില്‍ പോലും അതു ചര്‍ച്ചയായി. ഇവിടെ അമേരിക്കയില്‍ പോലും സിഎന്‍എന്നും മറ്റും വന്‍ പ്രാധാന്യത്തോടെയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായതെന്നും ഓര്‍ക്കണം.

വാര്‍ത്താസമ്മേളനം നടത്താത്ത പ്രധാനമന്ത്രിയെന്ന രാഹുല്‍ഗാന്ധിയുടെ തുടര്‍ വിമര്‍ശനം മറികടക്കാനായിരുന്നു മോദിയുടെ ശ്രമം. പക്ഷെ ഒരു ചോദ്യം പോലും അഭിമുഖീകരിക്കാന്‍ മോദി തയ്യാറാകാത്തത് പരിഹാസ്യമായി. ചോദ്യങ്ങള്‍ക്ക് ബിജെപി ദേശിയ അദ്ധ്യക്ഷന്‍ അമിത്ഷാ ഉത്തരം നല്‍കുമ്പോഴെല്ലാം വരിഞ്ഞ്മുറുകിയ ഭാവത്തോടെയായിരുന്നു നരേന്ദ്രമോദി, ടിവി ചാനലുകളിലെങ്ങും ഇതു തുടര്‍ച്ചയായി കാണിച്ചു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പത്രക്കാരുടെ മുന്നിലിരിക്കുമ്പോള്‍ അത്യാവശ്യം കാണിക്കേണ്ടുന്ന ആത്മവിശ്വാസം പ്രകടിപ്പിക്കാന്‍ മോദിക്കായില്ല. ഗുജറാത്ത് കലാപ കാലത്തിന് ശേഷം മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ എത്താന്‍ മടിച്ചിട്ടുള്ള മോദി അത്തരം ചോദ്യങ്ങള്‍ക്ക് മുമ്പില്‍ രോക്ഷാകുലനാകുന്നതും പതിവാണ്. ആ പ്രതിച്ഛായ മാറ്റാനുള്ള ബോധപൂര്‍വ്വമായ ശ്രമമായിരുന്നു വാര്‍ത്താസമ്മേളനമെങ്കിലും അതപ്പാടെ ചീറ്റിപ്പോയതോടെ ലോകമെങ്ങും അതു ചര്‍ച്ചാവിഷയവുമായി. അഞ്ച് വര്‍ഷത്തെ ഭരണത്തെക്കുറിച്ച് ആമുഖം പറഞ്ഞ മോദി മാധ്യമപ്രവര്‍ത്തകരോട് തമാശ പറഞ്ഞ് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും ചോദ്യങ്ങളിലേയ്ക്ക് കടന്നപ്പോള്‍ മുഖഭാവം മാറി. പല തവണ താടിയ്ക്ക് കൈകൊടുത്തും വെള്ളം കുടിച്ചും ഇരുന്ന് ആത്മവിശ്വാസം വീണ്ടെടുക്കാനുുള്ള ശ്രമം എട്ടു നിലയില്‍ പൊട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. 

മോദി ഉയര്‍ത്തിയ ഹാസ്യതരംഗത്തിന്റെ അലയൊലികള്‍ അടങ്ങും മുന്നേ വന്ന പത്രസമ്മേളനം ചീറ്റിയത് ബിജെപിക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നു വേണം അനുമാനിക്കാന്‍. മോദിയുടെ തള്ളല്‍ എന്ന പേരില്‍ വന്ന സംഭവത്തെക്കുറിച്ച് ഒന്നു കൂടി വിശദമായി പറയാം. അത് ഇങ്ങനെയായിരുന്നു. 1987-88 കാലയളവില്‍ ഗുജറാത്ത് സന്ദര്‍ശിച്ച എല്‍.കെ. അദ്വാനിയുടെ ചിത്രം ഡിജിറ്റല്‍ ക്യാമറയിലെടുത്ത് ഇമെയില്‍ ചെയ്തിട്ടുണ്ടെന്നാണ് ഒരഭിമുഖത്തില്‍ മോദി പറഞ്ഞത്. എന്നാല്‍ ആദ്യ ഡിജിറ്റല്‍ ക്യാമറ ജാപ്പനീസ് കമ്പനിയായ നിക്കോണ്‍ അവതരിപ്പിച്ചത് മോദി പറഞ്ഞതിനും (1986) ഒരു വര്‍ഷം മുന്നേയാണെങ്കിലും അതു വിപണിയിലെത്താന്‍ പിന്നെയും വര്‍ഷങ്ങളെടുത്തുവെന്നതാണ് സത്യം. ലോകവിപണിയില്‍ വന്നതിനു ശേഷം അത് ഇന്ത്യന്‍ വിപണിയിലെത്താന്‍ പിന്നേയും സമയമെടുത്തിട്ടുണ്ടാവണം. അതല്ല, മോദിക്ക് അത് ആരെങ്കിലും സമ്മാനമായി കൊടുത്തുവെന്നു തന്നെയിരിക്കട്ടെ, അദ്ദേഹം അക്കാലത്ത് തീര്‍ത്തും ലളിതജീവിതം നയിച്ച സാധാരണക്കാരനായിരുന്നുവെന്നാണ് മോദി തന്നെ പറഞ്ഞിട്ടുള്ളത്. അങ്ങനെയുള്ളയൊരാള്‍ക്ക് ഡിജിറ്റല്‍ ക്യാമറ കിട്ടുക, അതിന്റ ടെക്‌നിക്കുകള്‍ പഠിക്കുകയെന്നതൊക്കെയും വിചിത്രമാണ്. ഈ ക്യാമറയ്ക്ക് അന്നു ലക്ഷങ്ങളായിരുന്നു വിലയെന്നും ഓര്‍ക്കണം. ഇനി അതൊക്കെയും പോട്ടെ, അന്ന് ആ ക്യാമറയില്‍ എടുത്ത ഫോട്ടോ എങ്ങനെയാണ് ഇ-മെയില്‍ ചെയ്തത്..? ഇന്ത്യയില്‍ 1995 ലാണ് ഇന്റര്‍നെറ്റ് സേവനം പൊതുജനങ്ങള്‍ക്ക് വി.എസ്.എന്‍.എല്‍ ലഭ്യമാക്കുന്നത്. അതിനും ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മോദി ഇ-മെയില്‍ അയച്ചിരിക്കുന്നു. ഇതിലും വലിയ ബ്ലണ്ടര്‍ ആയിരുന്നു, മഴക്കാറുള്ളപ്പോള്‍ ആക്രമിച്ചാല്‍ പാകിസ്ഥാന്റെ റഡാറിന്റെ കണ്ണില്‍പ്പെടാതെ രക്ഷപ്പെടാമെന്ന് ഉപദേശിച്ചത് താനാണെന്നും അതുകൊണ്ടാണ് ഫെബ്രുവരി 26 ന് തന്നെ ബാലാക്കോട്ടില്‍ ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്നുമുള്ള പ്രസ്താവന. ഏറ്റവും വലിയ അപമാനച്ചിരിയോടെയാണ് ലോകം ഇതു കേട്ടത്. മോദിക്ക് ഡിഗ്രിയില്ലെന്നു പ്രതിപക്ഷം ആരോപിച്ചപ്പോള്‍ ബിജെപി പത്രസമ്മേളനം വിളിച്ച് 1978 ലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നു. എന്നാല്‍ 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്നൊരാള്‍ പാസായിട്ടില്ലെന്നും രാജസ്ഥാനിലുള്ള നരേന്ദ്ര മഹാവീര്‍ മോഡിയാണ് പാസായതെന്നും എഎപി ആരോപിച്ചത് ഈയടുത്താണ്. അങ്ങനെ മൊത്തത്തില്‍ നാണംകെട്ടു നില്‍ക്കുന്ന നിലയിലേക്ക് മോദി സ്വയം താഴാനുള്ള കാരണം എന്തായിരിക്കും. എത്രയാലോചിച്ചിട്ടും അതു മാത്രം മനസ്സിലാവുന്നില്ല. ഇദ്ദേഹമാണോ കഴിഞ്ഞ അഞ്ചു വര്‍ഷം ഇന്ത്യ ഭരിച്ചത്! ഇദ്ദേഹത്തെയാണോ ലോകരാഷ്ട്രങ്ങള്‍ മുഴുവന്‍ ആദരവോടെ പുകഴ്ത്തിയത്. എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നുവെന്നത് സത്യം!

(പ്രസ്താവന:- ലേഖകന്‍ ഒരു പാര്‍ട്ടിയേയും പ്രതിനിധീകരിക്കുന്നില്ല. ഇത് ആരെയും ഇകഴ്ത്താനോ പുകഴ്ത്താനോ ഉദ്ദേശിച്ച് എഴുതിയതുമല്ല. അമേരിക്കയിലിരുന്നു ഇന്ത്യയെ നോക്കിക്കണ്ടപ്പോള്‍ തോന്നിയ ചില വിചാരവികാരങ്ങള്‍ മാത്രമാണിത്)

Join WhatsApp News
George Neduvelil 2019-05-23 21:48:17
In the last sentence, the writer is trying to convince the readers that he is a disinterested writer and that he does not particularly support any political party. However, after writing so much of trash that came out of his wild imagination, he realized the reality of the right thinking people frowning at him for his cheap, unwarranted and malicious comments about P M Modi. 
Hardly, very few will accept your disclaimer made in the last sentence
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക