Image

അടുത്ത 24 മണിക്കൂര്‍ ജാഗരൂകരാകണം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ രാഹുല്‍ഗാന്ധിയുടെ സന്ദേശം

Published on 22 May, 2019
അടുത്ത 24 മണിക്കൂര്‍ ജാഗരൂകരാകണം: കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ രാഹുല്‍ഗാന്ധിയുടെ സന്ദേശം


ന്യൂദല്‍ഹി: എക്‌സിറ്റ്‌പോള്‍, ഇ.വി.എം അട്ടിമറി വാര്‍ത്തകള്‍ക്കിടെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ആശ്വാസം നല്‍കി രാഹുല്‍ഗാന്ധിയുടെ ട്വിറ്റര്‍ സന്ദേശം.

അടുത്ത 24 മണിക്കൂര്‍ വളരെ പ്രധാനപ്പെട്ടതാണെന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണമെന്നും രാഹുല്‍ഗാന്ധി ട്വീറ്റില്‍ പറയുന്നു. ഭയപ്പെടരുത്‌, കാരണം നിങ്ങള്‍ സത്യത്തിന്‌ വേണ്ടിയാണ്‌ പോരാടുന്നത്‌.

എക്‌സിറ്റ്‌പോളുകളുടെ വ്യാജ പ്രൊപഗണ്ടകളില്‍ നിരാശരാവരുത്‌. നിങ്ങളിലും കോണ്‍ഗ്രസ്‌ പാര്‍ട്ടിയിലും വിശ്വാസമര്‍പ്പിക്കുക. നിങ്ങളുടെ കഠിനാധ്വാനം പാഴാവില്ല. രാഹുല്‍ഗാന്ധി പറയുന്നു.

എക്‌സിറ്റ്‌പോള്‍ ഫലം വന്നതിന്‌ ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രതികരണമാണിത്‌. കഴിഞ്ഞ ദിവസം പ്രിയങ്കാഗാന്ധിയും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ശബ്ദസന്ദേശം അയച്ചിരുന്നു.

അതേസമയം വോട്ടിങ്‌ യന്ത്രങ്ങള്‍ എണ്ണുന്നതിനു മുമ്പ്‌ വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പു കമ്മീഷന്‍ തളളി. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത്‌ അന്തിമ ഫലം അറിയുന്നത്‌ ദിവസങ്ങളോളം വൈകാനിടയാക്കുമെന്നു പറഞ്ഞാണ്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്‌.

കഴിഞ്ഞദിവസം പ്രതിപക്ഷകക്ഷികള്‍ ഒന്നടങ്കം തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ട്‌ വോട്ടെണ്ണലുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ചിരുന്നു.

അതില്‍ പ്രധാനപ്പെട്ട നിര്‍ദേശമായിരുന്നു ഇ.വി.എം എണ്ണുന്നതിനു മുമ്പ്‌ വിവിപാറ്റുകള്‍ എണ്ണുകയെന്നത്‌. പഞ്ചാബ്‌, ഹരിയാന, ബീഹാര്‍, യു.പി എന്നിവിടങ്ങളില്‍ നിന്നും വോട്ടിങ്‌ മെഷീനുകള്‍ കാറുകളിലും കടകളിലും കണ്ടെത്തിയതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ്‌ പ്രതിപക്ഷം തെരഞ്ഞെടുപ്പു കമ്മീഷന്‌ നിവേദനം നല്‍കിയത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക