Image

ഏഴു വയസുകാരന്‌ മൂക്കിന്‌ പകരം വയറിന്‌ ഓപ്പറേഷന്‍; മന്ത്രിയുടെ ഇടപെടലില്‍ ഡോക്ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു

Published on 22 May, 2019
ഏഴു വയസുകാരന്‌ മൂക്കിന്‌ പകരം വയറിന്‌ ഓപ്പറേഷന്‍; മന്ത്രിയുടെ ഇടപെടലില്‍ ഡോക്ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു


മൂക്കിലെ ദശ നീക്കാന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ ഏഴു വയസുകാരന്റെ വയറിന്‌ ഓപ്പറേഷന്‍ നടത്തിയ ഡോക്ടറെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഇടപെടലിനെ തുടര്‍ന്നാണ്‌ നടപടി.

ഡോക്ടറായ സുരേഷ്‌ കുമാറിനെതിരെ അന്വേഷണം നടത്താനും ആരോഗ്യമന്ത്രി ഉത്തരവിട്ടു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നാണ്‌ മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്‌. സംഭവത്തില്‍ ഇയാള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.

ഉചിതമായ നടപടി സ്വീകരിക്കുമെന്ന്‌ ആശുപത്രി മാനേജുമെന്റ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. മനുഷ്യാവകാശ കമ്മീഷനും സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ തീയേറ്ററില്‍ ജോലിയിലുണ്ടായിരുന്ന എല്ലാ ജീവനക്കാരുടെയും വിശദീകരണം മെഡിക്കല്‍ കോളജ്‌ സൂപ്രണ്ട്‌ ഉടന്‍ ഹാജരാക്കണം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി രണ്ടാഴ്‌ചക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വിശദമാക്കി.

മലപ്പുറം കരുവാരക്കുണ്ട്‌ സ്വദേശിയായ ഏഴു വയസുകാരന്‍ മുഹമ്മദ്‌ ഡാനിഷിന്‌ ശസ്‌ത്രക്രിയ നടത്തിയപ്പോഴാണ്‌ ഗുരുതര പിഴവ്‌ സംഭവിച്ചത്‌. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്‌ത്രക്രിയ നിശ്ചയിച്ചിരുന്നത്‌.

എന്നാല്‍ ഡാനിഷിന്‌ ശസ്‌ത്രക്രിയ നടത്തിയത്‌ വയറിനായിരുന്നു. ശസ്‌ത്രക്രിയക്ക്‌ ശേഷം മാതാപിതാക്കള്‍ ഇക്കാര്യം അറിയിച്ചപ്പോഴാണ്‌ ഡോക്ടര്‍മാര്‍ക്ക്‌ പിഴവ്‌ മനസിലായത്‌. പിന്നീട്‌ സംഭവം വിവാദമായപ്പോള്‍ മൂക്കില്‍ ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു.

പാലക്കാട്‌ മണ്ണാര്‍ക്കാട്‌ അമ്പാഴക്കോട്‌ ഉണ്ണികൃഷ്‌ണന്‍-കുഞ്ഞിലക്ഷ്‌മി ദമ്പതികളുടെ ആറു വയസുകാരനായ മകന്‍ ധനുഷിന്‌ വയറിന്‌ ശസ്‌ത്രക്രിയ നിശ്ചയിച്ചിരുന്നു. ഇതിന്‌ പകരം ആളുമാറി ഡാനിഷിന്റെ വയറില്‍ ഓപ്പറേഷന്‍ ചെയ്യുകയായിരുന്നു.

ഇവരുടെ പേരുകള്‍ തമ്മില്‍ മാറിപ്പോയതാണെന്ന ആശുപത്രി അധികൃതരുടെ വാദത്തിനെതിരെ മാതാപിതാക്കള്‍ ആശുപത്രി സൂപ്രണ്ടിന്‌ പരാതി നല്‍കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക