Image

പുസ്തകങ്ങള്‍ സംസാരിക്കുമ്പോള്‍.. (കഥ: ശ്യാം സുന്ദര്‍ പി ഹരിദാസ്)

ശ്യാം സുന്ദര്‍ പി ഹരിദാസ് Published on 21 May, 2019
പുസ്തകങ്ങള്‍ സംസാരിക്കുമ്പോള്‍.. (കഥ: ശ്യാം സുന്ദര്‍ പി ഹരിദാസ്)
കെ. ആര്‍. പോളിന്റെ മരണവാര്‍ത്ത തീരത്ത് വന്നു തല തല്ലിയുലഞ്ഞു പോകുന്ന ഒരു തിരപോലെയാണ് ദീപനെ തേടി വന്നത്. നുരഞ്ഞു പതഞ്ഞു  കടലിലേക്ക് തന്നെ പിന്‍വാങ്ങുന്ന തിരക്കൊപ്പം കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നതറിഞ്ഞ് ദീപന്‍ ചലനമറ്റ് ഫോണും കൈയില്‍  പിടിച്ചെത്രയോ നേരം അവിടെയൊരേ നില്‍പ്പ് തുടര്‍ന്നു.. പിന്നെ തികച്ചും യാന്ത്രികമായി,ആ രാത്രി  ഒരുള്‍പ്രേരണയാലെന്ന വണ്ണം വേഷം മാറി റെയില്‍വേ സ്‌റ്റേഷനിലേക്ക് പുറപ്പെട്ടു.. അത് മഞ്ഞുപെയ്യുന്നൊരു ക്രിസ്തുമസ് രാത്രിയായിരുന്നു..

ഒരാള്‍ ഈ ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് എത്ര പെട്ടെന്നാണ്..

ഡിസംബറിന്റെ തണുപ്പില്‍ ഇരുട്ടിനെ തുളച്ച് പായുന്ന തീവണ്ടിയില്‍ പുറത്തെ തണുപ്പിനേക്കാള്‍ കഠിനമായൊരു തണുപ്പാല്‍  ഉറഞ്ഞു പോയൊരാത്മാവുമായി ഇരിക്കവേ , ദീപന്റെ ഓര്‍മ്മയില്‍ കെ ആര്‍ പോളിന്റെ മുഖമായിരുന്നു തെളിഞ്ഞു നിന്നിരുന്നത്.. 'ഒരു മരണവും ഉള്‍ക്കൊള്ളുവാന്‍ കഴിയാത്ത താന്‍, അവസാനമായി ഒരു ദേഹവും കാണുകയില്ലെന്ന് ദൃഢപ്രതിജ്ഞയെടുത്ത താന്‍, ഏത് അദൃശ്യബലത്തിന്റെ ശക്തിയാലാണ് ഇപ്പോള്‍ ഈ യാത്ര പുറപ്പെട്ടതെന്ന്' സ്വന്തം ആത്മാവിനോട് തന്നെ ചോദിക്കവേ, തണുപ്പില്‍ വിറയാര്‍ന്നൊരു ശബ്ദത്താല്‍ 'ആരാണ് നിനക്കയാള്‍? കെ ആര്‍ പോള്‍ നിന്റെയാരാണ്?  എന്ന് ദീപന്റെ ആത്മാവ് ദീപനോട് മറുചോദ്യം ചോദിച്ചിരുന്നു.. ആ ചോദ്യം കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ച് അയാള്‍ വീണ്ടും ഓര്‍മ്മകളുടെ കൈപിടിച്ച് യാത്ര തുടര്‍ന്നു..

മൂന്ന് വര്‍ഷം മുന്‍പൊരു തിങ്കളാഴ്ച വൈകുന്നേരമായിരുന്നു ദീപന്റെ ജീവിതത്തിലേക്ക്, അല്ല അവിടെയൊരു തിരുത്തല്‍ ആവശ്യമാണ്കെ ആര്‍ പോളിന്റെ ജീവിതത്തിലേക്ക് ദീപന്‍ നടന്നു കയറിയത്. കുത്തിയൊലിക്കുന്നൊരു   യൗവ്വനകാലഘട്ടമായിരുന്നതിനാല്‍ ആ സമയങ്ങളില്‍ ദീപന്റെ ജീവിതത്തിലൂടെ  ഒഴുകിയൊഴുകി പോയിരുന്ന മുഖങ്ങളെയെല്ലാം കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുക അസാധ്യമായിരുന്നു.. ദീപനാകട്ടെ വളരെ കുറച്ചു ജീവിതങ്ങളിലേക്ക് മാത്രമേ  കടന്നു ചെന്നിരുന്നുമൊള്ളൂ..അങ്ങനെയൊരാളായിരുന്നു കെ ആര്‍ പോള്‍.. ദീപനെ കാത്തിരുന്നിരുന്ന  ഒരാള്‍.. കാലം ദീപനെ അവിടെയെത്തിക്കുകയായിരുന്നു..
 ഒരു വലിയ നഗരത്തിന്റെ തിരക്കും ശബ്ദകോലാഹലങ്ങളും ഒറ്റമുറി ക്വാര്‍ട്ടേഴ്‌സില്‍ ദീപനെ ശ്വാസംമുട്ടിച്ച് ഞെരുക്കി കളയുകയും, ഒരു ദിവസം പോലും ഇനി പിടിച്ച് നില്‍ക്കാനാവില്ലെന്ന് ബോധ്യപ്പെടുകയും ചെയ്ത നിമിഷമായിരുന്നു അയാള്‍ ബാങ്കിലെ അറ്റന്‍ഡര്‍ ഹരിയേട്ടനോട്  'തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞൊരിടത്ത്, എന്നാല്‍ എല്ലാ സൗകര്യങ്ങളും ഒറ്റവട്ടത്തില്‍ കൈനീട്ടിയാല്‍ കിട്ടാവുന്നഒരിടത്ത് ഒരു വീട് നോക്കാനുണ്ടാകുമോ ഹരിയേട്ടാ ' എന്ന് ചോദിച്ചത്.. ദീപന്‍ അങ്ങനെയാണ് പോള്‍ സാറിന്റെ വീട്ടിലെ വാടകക്കാരനായി മാറിയത്.. 'സാര്‍ അന്വേഷിച്ചത് പോലൊരു വീടുണ്ട്, നമുക്കിന്നു വൈകീട്ട് പോയി നോക്കാം' എന്ന് മൂന്നാം  നാള്‍ ഹരിയേട്ടന്‍ പറയുമ്പോള്‍ 'ഇത്ര പെട്ടന്നോ ' എന്ന്  ദീപന്‍ അതിശയിച്ചു നിന്നു. അന്ന് വൈകീട്ട് അവര്‍ വീട് കാണുവാന്‍ പോവുകയും ചെയ്തു. നഗരത്തിന്റെ ഹൃദയഭാഗത്ത്, ഇരുവശത്തും വന്‍ വൃക്ഷങ്ങള്‍ തണല്‍ വിരിച്ചു നിന്ന നീണ്ട പാത അവസാനക്കുന്നിടത്ത്, 'കെ ആര്‍ പോള്‍, എഞ്ചിനീയര്‍ (ഞറേ),കെ എസ് ഇ ബി 'എന്ന ബോര്‍ഡെഴുതി വെച്ച ചെറുതെങ്കിലും ഇരു നിലകളുള്ള അതിമനോഹരമായൊരു വീട്. അകത്ത് കയറും മുന്‍പേ 'ഇത് മതി' എന്നുറപ്പിച്ചു ദീപനപ്പോള്‍.. വീടങ്ങനെ നോക്കി നില്‍ക്കവേ 'വരൂ ഞാന്‍ കാത്തിരിക്കുകയായിരുന്നു ' എന്നും പറഞ്ഞ് ഖദര്‍ ഷര്‍ട്ടും മുണ്ടും ധരിച്ച്, ഒരു ഡേ നൈറ്റ് വിഷന്‍ ഗ്ലാസ് വെച്ച്, അപ്പൂപ്പന്‍ താടി പോലേ തലനിറച്ചു  വെളുത്ത നിറമുള്ള മുടിയുമായി നടന്നടുക്കുന്ന പോള്‍ സാര്‍.. അയാള്‍ ദീപനുനേരെ കൈകള്‍ നീട്ടി.. ഏതാനും സെക്കന്‍ഡുകള്‍ നീണ്ടു നിന്ന ഹസ്തദാനം. 'ദീപന്‍.... അല്ലേ..? 'എന്ന് ചോദിച്ചു .. 'അതേ' എന്ന് ദീപന്റെ മറുപടി.. 'ദീപനെ ഞാന്‍ ദീപു എന്ന രണ്ടക്ഷരത്തിലേക്ക് ചുരുക്കുന്നു, സൗകര്യാര്‍ത്ഥം ' എന്ന് പറഞ്ഞ് പാല്‍പോലൊരു പുഞ്ചിരിയുമായി നില്‍ക്കുന്ന പോള്‍ സാര്‍.വാത്സല്യം അങ്കുരിക്കുന്ന മുഖഭാവം.. എന്ത് കൊണ്ടോ ദീപനദ്ദേഹത്തേ ഏറെ നേരം നോക്കി നിന്നു. വെട്ടിയൊതുക്കിയ പൂന്തോട്ടപുല്ലുകളും ഡാലിയ  ചെടികളുമുള്ള,  ഇളം പിങ്ക് നിറത്തില്‍ പരവതാനി വിരിച്ചത് പോല്‍  പനിനീര്‍ ചാമ്പയുടെ പൂക്കള്‍ പൊഴിഞ്ഞു കിടന്ന മുറ്റത്ത് നില്‍ക്കുമ്പോള്‍ ദീപന് സ്വന്തം വീടോര്‍മ്മ വന്നിരുന്നു. പ്രകൃതിയെ ചുറ്റി, ചെടികളെയും പൂക്കളേയുമുഴിഞ്ഞ് നീളന്‍ വരാന്തയിലൂടെ സഞ്ചരിച്ച ദീപന്റെ കണ്ണുകള്‍ കരിങ്കല്ലില്‍ കൊത്തിവെച്ച വീട്ട് പേര് കണ്ട് ഒരു നക്ഷത്രം പോലേ തിളങ്ങി 'നളിനകാന്തി.' പദ്മനാഭന്റെ നളിനകാന്തി ' എന്ന് പറഞ്ഞത് ഉച്ചത്തിലായിരുന്നു.. അത് കേട്ട് 'അതേ.. അത് തന്നെ ' എന്ന് പറഞ്ഞ് ദീപന്റെ ചിരി കണ്ട് ചിരിച്ചു നിന്നു പോള്‍ സാറപ്പോള്‍.. നളിനകാന്തിയും പദ്മനാഭനും ആരായാലെന്ത്, എന്തായാലെന്ത് സാറിന് വീടിഷ്ടപ്പെട്ടു, എനിക്കത് മതി, ഈ ഹരിയൊരു കാര്യമേറ്റാല്‍ ഏറ്റതാ എന്ന ഭാവത്തോടെ പൈങ്കിളി വാരികകളല്ലാതെ മറ്റൊന്നും അതുവരെ  വായിച്ചു ശീലിമില്ലാതിരുന്ന  ഹരിയേട്ടനും പോള്‍ സാറിന്റെയും ദീപന്റെയും ചിരികണ്ടു വെറുതെയങ്ങനെ ചിരിച്ചു നിന്നു.. വെറുതേ...

 പോള്‍ സാറിനെയോര്‍ക്കുമ്പോഴൊക്കെ ദീപന്റെയുള്ളില്‍ ആ ചിരിയായിരുന്നു ആദ്യം തെളിഞ്ഞു വരാറുണ്ടായായിരുന്നത്.. അവസാനമായി അദ്ദേഹത്തെ കാണാനുള്ള യാത്രയില്‍ തീവണ്ടിയില്‍  ഇരുന്ന് കൈപിടിച്ച ഓര്‍മ്മകളുടെ കൂട്ടത്തിലുമുണ്ടായിരുന്നത് അതേ  ചിരിതന്നെയായിരുന്നു..

കെ ആര്‍ പോളെന്ന കല്ലത്താണിക്കല്‍ റോയ് പോള്‍ സ്വയമധ്വാനിച്ച് ആറ്റുനോറ്റുണ്ടാക്കിയ വീടായിരുന്നു 'നളിനകാന്തി'. അദ്ദേഹത്തിന്റെ ആത്മാവ് അത്രമേല്‍ സ്വസ്ഥമായി വന്നണയുന്നയിടം .. ആദ്യമായി വീടിനകമെല്ലാം നടന്നു കാണിച്ചു കൊടുക്കവേ 'നളിനകാന്തി'യിലെ മൂന്ന് മുറികളില്‍ ഒന്നിന് നേരെ മാത്രം ചൂണ്ടി'ഈ മുറിയില്‍  അര്‍ദ്ധാധികാരം തനിക്കും വേണമെന്ന്' ദീപനോട് പറഞ്ഞിരുന്നു പോള്‍ സാര്‍.. അടഞ്ഞു കിടക്കുന്ന ആ മുറിക്കുള്ളില്‍ എന്തെന്ന് ജിജ്ഞാസ  സഹിക്കാതെവന്നപ്പോള്‍  മുറിയുടെ വാതിലുകള്‍ തുറന്ന് നോക്കി അമ്പരന്ന് നിന്നു ദീപന്‍. ജനല്‍പ്പടികളിലും മേശപ്പുറത്തും കട്ടിലിലും പിന്നെ ഷെല്ഫുകളിലും എന്ന് വേണ്ട, കിട്ടാവുന്ന സ്ഥലത്തൊക്കെ പുസ്തകങ്ങള്‍ മാത്രമുള്ള ഒരു മുറി.പഴയതും പുതിയതുമായ പുസ്തകങ്ങളുടെ മോഹിപ്പിക്കുന്ന ഗന്ധമുള്ള, ഒന്നല്ല നിരവധിയാത്മാക്കള്‍ സ്വസ്ഥമായി ഒരു കാറ്റായി ചുറ്റി തിരിയുന്നയിടം.. വിടര്‍ന്ന കണ്ണുകളോടെ ദീപന്‍  ആ മുറിക്കുള്ളിലേക്ക് കയറിയതോടെ ഉറക്കം തൂങ്ങിയിരുന്നിരുന്ന പുസ്തകങ്ങളെല്ലാം 'ഇതാ പുതിയൊരാള്‍..നമ്മളെത്തേടി ' എന്നും പറഞ്ഞ് ഊര്‍ജ്വസ്വലരായി താളുകള്‍ തുറന്ന് ദീപനെ മോഹിപ്പിക്കാന്‍ തയ്യാറായിരുന്നു... 

അവിടെ  '"മരണം എപ്പോഴാണെന്നറിഞ്ഞുകൂടല്ലോ.. എങ്കിലും ഞാന്‍ എഴുതുന്നു.. എഴുതിക്കൊണ്ടിരുന്നത് എഴുതിപൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. .. ദൈവത്തിന്റെ ഖജനാവില്‍ മാത്രമാണ് അനന്തമായ സമയമുള്ളത് " എന്ന് പറഞ്ഞ് ബഷീറും
"അസംതൃപ്തമായ ആത്മാവിന് വല്ലപ്പോഴും വീണുകിട്ടുന്ന ആഹ്ലാദത്തിന്റെ അസുലഭ നിമിഷങ്ങള്‍ക്കുവേണ്ടി, സ്വാതന്ത്ര്യത്തിനുവേണ്ടി ഞാന്‍ എഴുതുന്നു.. ആ സ്വാതന്ത്ര്യമാണ് എന്റെ അസ്തിത്വം.. അതല്ലെങ്കില്‍ ഞാന്‍ കാനേഷുകുമാരിക്കണക്കിലെ ഒരക്കം മാത്രമാണ്" എന്ന് പറഞ്ഞ് എം ടി യും മുതല്‍ 'വെറുതേ വിടുമ്പോഴാണ് ഭൂതകാലത്തിനു ഭംഗിയെന്ന്' പറഞ്ഞ് ആദ്യത്തെ മഴയില്‍ വിടരുന്ന നീര്മാതളപ്പൂവിനെയും  പുതുമണ്ണിന്റെ സുഗന്ധത്തെയും കാത്ത് കാത്തിരിക്കുന്ന  മാധവിക്കുട്ടി വരെയും
'സെയിങ് നതിങ് സംറ്റയംസ് സെയ്‌സ് ദി മോസ്റ്റ് ' എന്ന് പറഞ്ഞു നിശ്ശബ്ദയായിരിക്കുന്ന എമിലി ഡിക്കിന്‌സന്‍ മുതല്‍, 'റ്റു ലവ് അനദര്‍ പേഴ്‌സണ്‍ ഈസ് റ്റു സീ ദി ഫേസ് ഓഫ് ഗോഡ് ' എന്ന് പറഞ്ഞ് സ്‌നേഹിക്കാന്‍ വീര്‍പ്പുമുട്ടിയിരിക്കുന്ന വിക്ടര്‍ ഹ്യൂഗോയും 'പെയിന്‍ ആന്‍ഡ് സഫരിങ്‌സ് ആര്‍ ആല്‍വേസ് ഇന്‍ എവിറ്റബിള്‍ ഫോര്‍ എ ലാര്‍ജ് ഇന്റലിജന്‍സ് ആന്‍ഡ് എ ഡീപ് ഹേര്‍ട്. ദി റിയലി ഗ്രേറ്റ് മെന്‍ മസ്റ്റ്, ഐ തിങ്ക് ഹാവ്‌ഗ്രേറ്റ് സാഡ്‌നെസ്സ് ഓണ്‍ ഏര്‍ത് ' എന്ന് പറഞ്ഞ് വേദനിക്കുന്ന മുഖഭാവത്തോടെ ദോസ്‌തെയെവസ്കിയും  'ദി വൂണ്ട് ഈസ് ദി പ്‌ളേസ് വേര്‍ ദി ലൈറ്റ് എന്റെര്‍സ് യു ' എന്ന് പറഞ്ഞ് കൈയിലൊരു ദീപശിഖയുമായി  വെളിച്ചം വീശിയിരിക്കുന്ന റൂമിയും  'ദി റെസ്‌റ് ഈസ് സൈലെന്‍സ് ' എന്ന് പറഞ്ഞ് ഇനിയും പറയാന്‍ എന്തെല്ലാമോ ബാക്കി വെച്ചത് പോലേ നിശ്ശബ്ദനായിരിക്കുന്ന ഷേക്‌സ്പിയറും പിന്നെ ഫ്രാന്‍സ് കാഫ്ക, ഗോര്‍ക്കി, ഡി എച്ച് ലോറന്‍സ്, നെരൂദ, ആന്റണ്‍ ചെക്കോവ് വരെയും എന്ന് വേണ്ട വിശ്വസാഹിത്യകാരന്മാരെല്ലാം ഒരുമിച്ച് കൂനിക്കൂടിയിരുന്നിരുന്നു ആ മുറിയില്‍..
..അത് കണ്ടമ്പരന്നു നിന്ന ദീപനും ഒരു വീടിനുള്ളില്‍ വിസ്തൃതമായ മറ്റൊരു ലോകത്തെ ഒളിപ്പിച്ചു വെച്ച ചിരിയോടെ പോള്‍ സാറും..  ദീപന്‍ വീണ്ടും വീണ്ടുമോര്‍ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഒരിക്കലും മാഞ്ഞുപോകാനിടയില്ലാതിരുന്ന ചിത്രമായിരുന്നു അത്..
ഒരു പുസ്തകമനുഷ്യന്‍.. തുറന്ന് വെച്ചൊരു പുസ്തകം പോലേ ഹൃദയത്തിനുള്ളിലേക്ക് ഇരുകൈകളും നീട്ടി സ്വീകരിക്കാന്‍ വെമ്പിനില്‍ക്കുന്നൊരു മനുഷ്യന്‍.. ചിലപ്പോള്‍ പോള്‍ സാറിന് ഒരു തടിച്ച പുസ്തകത്തിന്റെ മുഖഛായയുണ്ടായിരുന്നു ദീപന്‍ നോക്കുമ്പോഴെല്ലാം..

ഭാര്യ മരിക്കുകയും മകളും ഭര്‍ത്താവും വിദേശത്തേക്ക് പോവുകയും ചെയ്തതോടെ 'നളിനകാന്തിയില്‍' തനിച്ചായിപ്പോയ   പോള്‍ സാര്‍ പിന്നെ പുസ്തകങ്ങളെ കൂട്ടുകാരാക്കുകയായിരുന്നു.. 'ഒരിക്കല്‍ സ്‌നേഹിച്ചാല്‍ പിന്നീടൊരിക്കല്‍ പോലും നമ്മെ പിരിഞ്ഞു പോവുകയില്ലാത്ത സിന്‍സിയര്‍ ഫ്രണ്ട്‌സ് 'പുസ്തകങ്ങളെ കുറിച്ച് അങ്ങനെയായിരുന്നു അദ്ദേഹം ദീപനോട് പറയാറുണ്ടായിരുന്നത്.. കുറേയേറെ  നാളുകള്‍ കഴിഞ്ഞ്, കുട്ടികളുടെ ഉപരിപഠനത്തിന് നാട്ടില്‍ നില്‍ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് തിരിച്ചുവന്ന മകളും പേരമക്കളും 'നളിനകാന്തിക്ക്' സൗകര്യങ്ങള്‍ കുറവെന്ന് കണ്ടെത്തി  പഴയവീടിനെതിര്‍വശത്തുള്ള മറ്റൊരു വലിയ വീട് വിലക്ക് വാങ്ങി പോള്‍ സാറിനെ അവിടേക്ക് കൂട്ടി കൊണ്ട് പോവുകയായിരുന്നു.. പോകുമ്പോള്‍ തന്റെ പുസ്തകങ്ങളെയും ആത്മാവിനെയും പോള്‍ സാര്‍  'നളിനകാന്തിയില്‍'  തന്നെ വെച്ചു, ഇടയ്ക്കിടെ വന്ന് വായിക്കുകയും സ്വയം കണ്ടെടുക്കുകയും അവനവനെ തിരിച്ചുപിടിക്കുകയും ചെയ്യാന്‍ .. തനിച്ചിരുന്നു വായിക്കുകയും കഥാകൃത്തിനോടും കഥാപാത്രങ്ങളോടും സംസാരിക്കുകയും ചെയ്തിരുന്ന പോള്‍ സാര്‍ പിന്നെ പിന്നെ ദീപനെയും കൂടെ കൂട്ടി..ഫര്‍ണീചര്‍ എന്ന് പറയാന്‍ ആദ്യം ഒരു മേശയും കസേരയും മാത്രമുണ്ടായിരുന്ന ആ ലൈബ്രറി മുറിയില്‍ ദീപന്റെ വരവോടെ  മേശക്ക് മറുവശത്ത് മറ്റൊരു കസേരകൂടി സ്ഥാനം പിടിച്ചു, പുതിയത്..
അങ്ങനെയാണ് ഷേക്‌സ്പിയറും  ചെക്കോവും ദോസ്തയെവസ്കിയും എംഗേള്‍സും ഡിക്കന്‍സും,  ഒരിക്കല്‍പോലും കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത  ഒട്ടനവധി സാഹിത്യകാരന്മാരും കഥാപാത്രങ്ങളും ദീപനുമായി  സംവദിക്കാന്‍ തുടങ്ങിയത്.. കൈയിലൊരു പുസ്തകവുമായി കഥാപാത്രങ്ങളുടെയും  സന്ദര്‍ഭങ്ങളുടെയും ഭാവ തീക്ഷണതയോടെ  ഉറക്കെ വായിക്കുന്ന  പോള്‍ സാര്‍, അത് കേട്ടുകൊണ്ടിരിക്കുന്ന ദീപന്‍മോഹിപ്പിക്കുന്ന ആ ദൃശ്യത്തിന്റെ ചാരുത നുകരാന്‍ പഴയ പുസ്തകയലമാരയുടെ ഓരോരോ കോണുകളില്‍ നിന്നോ, അലമാരക്ക് മുകളിലെ മാസികകള്‍ക്കുള്ളില്‍ നിന്നോ, ബുക്മാര്‍ക്ക് ചെയ്ത് വെച്ചിരുന്ന പേജുകള്‍ക്കുള്ളില്‍ നിന്നോയെല്ലാം പതുക്കെ എഴുന്നേറ്റ് വരുമായിരുന്നു ലോറന്‍സും എമിലി ബ്രോണ്ടിയും ഒക്ടോവിയോ പാസും വിര്‍ജീനിയ വോള്‍ഫുമെല്ലാം... പോള്‍ സാറിന്റെ വായനയില്‍ മുഴുകി അവര്‍ തങ്ങളെ തന്നെ മറന്ന്, അതെഴുതിയത് തങ്ങള്‍ തന്നെയാണല്ലോ എന്ന് മറന്ന് നിര്‍വൃതിയോടെ പോള്‍ സാറിനും ദീപനും ചുറ്റുമായി സ്ഥാനം പിടിക്കുമായിരുന്നു..

ചില അവധി ദിവസങ്ങളില്‍ വൈകുന്നേരങ്ങളില്‍ പാഷന്‍ഫ്രൂട്ട് വള്ളികള്‍ ചുറ്റി പടര്‍ന്ന വശ്യസൗന്ദര്യമുള്ള  ബാല്‍ക്കണിയിലിരിക്കുന്ന ദീപനോട്  എതിര്‍ വശത്തെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്നോ, ടെറസില്‍ ചെടികളും പച്ചക്കറികളും നാട്ടുനനക്കുന്നതിനിടയിലോ പോള്‍ സാര്‍ വിളിച്ചു ചോദിക്കും 'ഏയ്.. ഡിയര്‍ ജെന്റില്‍ മാന്‍.. എന്ത് ചെയ്യുന്നു? 'എന്ന്..
അപ്പോള്‍ ദീപന്‍ പറയും ഒന്നുമില്ല സാര്‍.. വെറുതേ '..എന്ന്.. അത് കേട്ട് കത്രികയും ചെടിച്ചട്ടിയുമെല്ലാം മാറ്റി വെച്ച് പോള്‍ സാര്‍ ചോദിക്കും ' ലെറ്റസ് ഗോ ഫോര്‍ എ വാക്..ഷാള്‍ വി?  '..ദീപനും പോള്‍  സാറും അങ്ങനെ ഒരുമിച്ചു നടക്കും.. തണല്‍ വിരിച്ച നീളന്‍ പാതയിലൂടെ നടക്കവേ ആരോ വരച്ചു വെച്ചതെന്ന് തോന്നിപ്പിക്കും വിധം  നടപ്പാതയില്‍ വീണു കിടക്കുന്ന കരിയിലകളില്‍ ചവുട്ടി ശബ്ദമുണ്ടാക്കുമ്പോള്‍ ദീപനൊരു കൊച്ചു കുട്ടിയായി മാറും.. കൊഴിഞ്ഞ ഇലകളുടെ ഭംഗിയാസ്വദിച്ചു പോള്‍ സാറപ്പോള്‍ ഏതെങ്കിലും പുസ്തകത്തില്‍  നിന്നൊരു വരി ഓര്‍ത്ത് പറയും..
അങ്ങനെയൊരു വൈകുന്നേരമാണ് പോള്‍ സാര്‍ പറഞ്ഞത്

' വീടുകള്‍ നമ്മള്‍ മനുഷ്യരെപ്പോലെയാണ്.. അകത്ത് ആരെങ്കിലുമൊക്കെ വേണം.. എങ്കിലേ ആത്മാവിനൊരു ഉണര്‍വ്വുണ്ടാവുകയോള്ളൂ' എന്ന്..

 ഇടതൂര്‍ന്ന ഇലകള്‍ക്കിടയിലൂടെ ഇടയ്ക്കിടെ എത്തിനോക്കുന്ന വെയില്‍ പാളിയോട് ഒളിച്ചു കളിച്ചു നടക്കുമ്പോള്‍ പോള്‍ സാര്‍ തുടര്‍ന്നു  ആ വലിയ വീട്ടില്‍ എന്റെ പുസ്തകങ്ങള്‍ക്കൊരു ചേര്‍ച്ചയില്ലായിരുന്നു  ദീപു..അത് നളിനകാന്തിയില്‍ തന്നെയാണിരിക്കേണ്ടത് എന്ന്..
വീട് വാടകക്ക് കൊടുക്കൂ പപ്പാ.. അതൊരു സേവിങ്‌സ് ആവില്ലേ.. ഒരസറ്റല്ലേ എന്ന് നിരന്തരം നിര്‍ബന്ധിക്കുന്ന മകള്‍.. വയസായി കഴിഞ്ഞാല്‍ ഇടക്കെല്ലാം മക്കള്‍ പറയുന്നതും കേള്‍ക്കാം അല്ലേ ' എന്ന് ചോദിച്ചുകൊണ്ട് നിറനിലാവ് പോലൊരു ചിരിയുമായി നടക്കുന്ന പോള്‍ സാറിനൊപ്പം ചുവടു വെക്കുമ്പോള്‍ പതുക്കെ വീശുന്ന ഒരു കാറ്റലക്കോ കാറ്റില്‍ പൊഴിഞ്ഞു വീഴുന്നൊരു കരിയിലേക്കോ മാത്രം സ്വന്തമായൊരു ശാന്തത പലപ്പോഴും ദീപന് അനുഭവപ്പെടാറുണ്ടായിരുന്നു... ഇടക്ക് ദീപന്‍ ഓര്‍ത്തു ഒരു പക്ഷേ പുതിയ വീട്ടിലെ ആഡമ്പരങ്ങള്‍ക്കുള്ളില്‍ ആത്മാവില്ലാത്ത  ശൂന്യമായ ഒരു ദേഹം മാത്രമായിട്ടായിരിക്കുമോ പോള്‍ സാര്‍ ജീവിക്കുന്നതെന്ന്..
ഒരിക്കല്‍ ദൂരെയെങ്ങോ പോയ് ചാഞ്ഞു മയങ്ങാന്‍ തുടങ്ങിയ സൂര്യനെ നോക്കി നില്‍ക്കവേ ഉണങ്ങി നില്‍ക്കുന്ന ഒരു മരത്തെ ചൂണ്ടി കാണിച്ച് പോള്‍ സാര്‍  പറയുകയുണ്ടായി 'ആന്റണ്‍ ചെക്കോവ്.എഴുതിയത് വായിച്ചിട്ടുണ്ടോ ദീപു.. അതിങ്ങനെയാണ്..  ആ മരം കണ്ടോ.. അത് മരിച്ചു പോയിരിക്കുന്നു.  എങ്കിലും അതിലെ അവശേഷിക്കുന്ന ഇലകളും ദ്രവിച്ചു തുടങ്ങിയ തടിയും ഇപ്പോഴും കാറ്റില്‍ വെറുതേയിങ്ങനെ നൃത്തം ചെയ്യുന്നു.. മറ്റുള്ളവര്‍ക്കൊപ്പം.. ഞാന്‍ മരിച്ചു കഴിഞ്ഞാലും അങ്ങിനെയായിരിക്കും..മരിച്ചുപോയാലും ഞാന്‍  ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ ജീവിതത്തിന്റെ ഭാഗമായി തുടരുകയാകും.. എന്ന്.. ' ഒന്ന് നിര്‍ത്തി പോള്‍ സാര്‍ തുടര്‍ന്നു ' നോക്കു ദീപു.. മരിച്ചു പോകുന്നവരൊന്നും യഥാര്‍ത്ഥത്തില്‍ ഈ ഭൂമി വിട്ടു പോകുന്നില്ല.. ഒരു റിലേ മത്സരത്തില്‍  മുന്നിലോടുന്നയാള്‍ ബാറ്റണ്‍ പുറകിലുള്ളവന് കൈമാറ്റം ചെയ്യുന്നത് പോലേ അവര്‍  തന്റെ പുറകെ വരുന്നവര്‍ക്ക് എന്തോ ഒന്ന് കൈമാറ്റം ചെയ്യുന്നുണ്ട്.. ഞാന്‍ മരിക്കുമ്പോള്‍ അതാര്‍ക്കെന്നറിയുമോ..? എന്റെ പുസ്തകങ്ങളിലൂടെ ദീപന് ' എന്ന്... അത് പറഞ്ഞു വിദൂരതയിലേക്ക് നോക്കി നിന്ന പോള്‍ സാറിന്റെ മുഖമായിരുന്നു യാത്രാമധ്യേ ഒരിടത്ത് നിര്‍ത്തിയിട്ട  തീവണ്ടിയില്‍ അക്ഷമനായിരിക്കെ ദീപന്റെ ഓര്‍മ്മയില്‍...

പോള്‍ സാറിനോടൊപ്പമുള്ള നിമിഷങ്ങള്‍, വൈകുന്നേരങ്ങള്‍..

ക്ലിഫ് ഹൌസ് പാതയിലൂടെ നടക്കവേ, മഞ്ചാടി മരങ്ങളില്‍ നിന്നുതിര്‍ന്നു വീഴുന്ന മഞ്ചാടിക്കുരുക്കള്‍ പെറുക്കി പോക്കറ്റില്‍ സൂക്ഷിച്ച് അവയെ 'നളിനകാന്തി'യിലെ ലൈബ്രറി മുറിയില്‍ ഒരു ചെപ്പിലിട്ടു വെക്കുമ്പോള്‍ പോള്‍ സാര്‍ പിണങ്ങിപ്പോയ ബാല്യത്തെ തിരിച്ചു വിളിക്കുകയാണോ എന്ന്  തോന്നാറുണ്ടായിരുന്നു ദീപന്.. ശംഖുമുഖത്തെ കല്മണ്ഡപങ്ങളില്‍ ഒരിടത്ത് ഇരുന്ന് കപ്പലണ്ടി കൊറിക്കുമ്പോള്‍ തീരത്തേക്കാര്‍ത്തുല്ലസിച്ചു വരുന്ന തിരകളെനോക്കി ദീപന്റെ ചുമലിലൂടെ കൈയിട്ട് ദീപനെ ചേര്‍ത്തു പിടിക്കുമായിരുന്നു അദ്ദേഹം.ഒരപകടത്തില്‍ പെട്ട്  തിരുവനന്തപുരത്തെ ആശുപത്രി വാസക്കാലത്ത് കഞ്ഞിയും കറിയുമായും ചിലപ്പോള്‍ ഒരു കൂട നിറയെ പനിനീര്‍ ചാമ്പയുമായും വന്ന് 'നമ്മുടെ നളിനകാന്തിയിലെ ചാമ്പ' എന്ന് പറഞ്ഞ് ദീപന്റെ വായില്‍ കഷണങ്ങളായി വെച്ചു കൊടുക്കുന്ന പോള്‍ സാറിന്റെ ചിത്രം ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട് ദീപന്‍.. പുസ്തകോത്സവങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും കനകക്കുന്നിലേക്ക് ദീപന്റെ കൈകള്‍ പിടിച്ച് നടന്നുപോകുന്ന പോള്‍ സാര്‍.. വീക്കെന്റുകളില്‍ നാട്ടിലേക്ക് മടങ്ങവേ റെയില്‍വേ സ്‌റ്റേഷന്‍ വരെ കൂട്ടുപോകുന്ന പോള്‍ സാര്‍.. നീളന്‍ പ്ലാറ്റ്‌ഫോമിലൂടെ തന്നോടൊപ്പം നടന്ന അദ്ദേഹത്തോട് ഒരിക്കല്‍ തീവണ്ടി  പുറപ്പെടും മുന്‍പേ ദീപന്‍ ചോദിക്കുകയുണ്ടായി സാറെന്തിനാ ഇങ്ങനെ ഇവിടെ വരെ വന്നു ബുദ്ധിമുട്ടുന്നത് ' എന്ന്...
നീണ്ടു നിന്നൊരു മൗനത്തെ കൂട്ടുപിടിച്ച് ദൂരെയെങ്ങോ പോവുകയും പിന്നെ പൊടുന്നനെ  മടങ്ങി വന്ന് ഒരു നിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു 'യാത്രയാക്കാനും തിരികെ വരുമ്പോള്‍ സ്വീകരിക്കാനും ആരെങ്കിലുമൊക്കെ കാത്ത് നില്‍ക്കുന്നത് എത്ര മനോഹരമാണ് ദീപു.. നോക്കൂ ഈ സ്‌റ്റേഷന്‍.  ഇവിടെ ഒരേ സമയം ദുഖവുമുണ്ട് സന്തോഷവുമുണ്ട്' എന്ന്...  അപ്പോഴേക്കും തീവണ്ടി  നീങ്ങി തുടങ്ങിയിരുന്നു.. യാത്ര പറച്ചിലുകളുടെ വിങ്ങലുകളും എത്തിച്ചേരലുകളുടെ ആഹ്ലാദവും കണ്ട് കണ്ട് മടുത്തങ്ങനെ മരവിച്ചു പോയ ആ റെയില്‍വേ സ്‌റ്റേഷനില്‍ ദീപന്റെ തീവണ്ടി  കണ്‍വെട്ടത്ത് നിന്ന് മായും വരേയ്ക്കും  പോള്‍ സാര്‍ ഏറെ നേരം നിന്നു... അപ്പോള്‍ ദൂരെ ഒരു ചുവന്ന പൊട്ട്  പോലേ റെഡ് സിഗ്‌നല്‍ തെളിഞ്ഞു കത്തിയിരുന്നു..

നിര്‍ത്തിയിട്ട തീവണ്ടി വീണ്ടും ഓടിത്തുടങ്ങിയിരുന്നു അപ്പോഴേക്കും.. സെന്‍ട്രല്‍ സ്‌റ്റേഷനോട് അടുക്കാറാകുന്തോറും ദീപന് താന്‍ അനുനിമിഷം  വലിയൊരു കയത്തിലേക്ക് മറിഞ്ഞു വീഴുന്നതായി അനുഭവപ്പെട്ടിരുന്നു.. ആ പിടച്ചിലിനിടയിലും കഴിഞ്ഞുപോയ വെള്ളിയാഴ്ചയെയും അതിനു മുന്‍പുള്ള തന്റെ പിറന്നാള്‍ രാത്രിയെയും കുറിച്ച്  ഓര്‍ക്കാതിരിക്കാന്‍  കഴിഞ്ഞിരുന്നില്ല ദീപന്..ദീപന്റെ  പിറന്നാള്‍ രാത്രി അപ്രതീക്ഷിതമായി 'നളിനകാന്തി'യിലേക്ക് കടന്ന് വരികയായിരുന്നു പോള്‍ സാര്‍.. 'ആന്‍ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകള്‍' ദീപന്റെ കൈകളിലേക്ക് വെച്ചു കൊടുത്ത് ദീപനെ ഒരു പുതപ്പ് പോലേ പുണര്‍ന്ന് പോള്‍ സാര്‍ പറഞ്ഞുമെനി മോര്‍ ഹാപ്പി റിട്ടേണ്‍സ് ഓഫ് ദി ഡേ ' എന്ന്.. അതിന് മറുപടിയായി താങ്ക്യൂ സാര്‍ എന്ന് പറഞ്ഞ ദീപന്റെ ചെവിയില്‍ ഒരു പൂ വിരിയുമ്പോലെ മൃദുവായി പോള്‍ സാര്‍ ചോദിച്ചു 'വിരോധമില്ലെങ്കില്‍ പപ്പാ എന്ന് വിളിക്കാമോ ദീപു?  'എന്ന്.. ഒരു നിമിഷം ശ്വാസം നിലച്ചത് പോലേ നിന്ന ദീപന്റെ കണ്‍കോണുകളില്‍ ഒരിടത്ത് നിന്ന്   തൊട്ടടുത്ത നിമിഷം എന്തിനെന്നറിയാതെ ഒരു പുഴ ഒഴുകാന്‍ തുടങ്ങിയിരുന്നു.. അതൊരു കടലായി പോള്‍ സാറിന്റെ ഖദര്‍ ഷര്‍ട്ടിന്റെ ചുമലുകളില്‍ അടയാളങ്ങള്‍ തീര്‍ത്തപ്പോഴാണ് ദീപന്‍ അറിഞ്ഞത് 'ഒരിക്കലും കരയുവാന്‍ കഴിയുകയില്ലെന്ന് കരുതിയ താന്‍ ഇതാ കരഞ്ഞിരിക്കുന്നു എന്ന്... ' പോള്‍ സാറിനെ അവസാനമായി കാണാനുള്ള യാത്രക്കിടയിലും കഴിഞ്ഞുപോയ ആ പിറന്നാള്‍ രാത്രിയെ കുറിച്ചോര്‍ത്തപ്പോള്‍ ദീപന്റെ കണ്ണുകളില്‍ നിന്ന് അനുസ്യൂതം സങ്കടമൊഴുകുന്നുണ്ടായിരുന്നു.. അന്ന്, ചോദിച്ച ചോദ്യത്തിന് താന്‍ മറുപടി പറയും മുന്‍പേ പുറത്തെ ഇരുട്ടിലേക്കിറങ്ങി നടന്ന് പതുക്കെ പതുക്കെ അലിഞ്ഞില്ലാതായ പോള്‍ സാറിനെയും  പിന്നെ ഇരുട്ട് മാത്രം അവശേഷിച്ച ആ നിമിഷത്തെയും ഓര്‍ക്കുമ്പോള്‍ വലിയൊരു നഷ്ടബോധം ദീപനെ വരിഞ്ഞു മുറുക്കാന്‍ തുടങ്ങിയിരുന്നു.. 'പപ്പാ' എന്ന് എത്ര തവണ ഉള്ളില്‍ വിളിച്ചിരുന്നു താന്‍ എന്നോര്‍ത്ത് ദീപന്‍ ജീവിതത്തിലെ വലിയൊരു സത്യം കൂടി കണ്ടെടുത്തിരുന്നു അപ്പോള്‍  നല്‍കാനുള്ളതെല്ലാം നാളേക്ക് എടുത്ത് വെക്കരുതെന്ന്, സ്വീകരിക്കാന്‍ അര്‍ഹതയുള്ളവര്‍ക്ക് അത് ജീവിച്ചിരിക്കെ തന്നെ നല്‍കണമെന്ന് ..

 അവസാനത്തെ വെള്ളിയാഴ്ചയും റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് തനിക്ക് നേരെ കൈ ഉയര്‍ത്തി വീശിക്കാണിച്ച പോള്‍ സാറിന്റെ മുഖം ഓര്‍മ്മയില്‍ ഒരു സ്ക്രീനില്‍ എന്നപോലെ നിറഞ്ഞു നില്‍ക്കവേ തീവണ്ടി സെന്‍ട്രല്‍ സ്‌റ്റേഷനില്‍ എത്തിയിരുന്നു... നേരം വെളുത്തിരുന്നു.. പ്ലാറ്റ്‌ഫോമിലൂടെ പടികള്‍ കയറിയും ഇറങ്ങിയും നടന്ന് ദീപന്‍ ഒരു പ്രീപെയ്ഡ് ടാക്‌സിയില്‍ കയറി 'നളിനകാന്തി'യിലേക്ക് പുറപ്പെടുകയായിരുന്നുനിര്‍വചനാതീതമായ ഒരുള്‍ക്കിടിലത്തോടെ... ടാക്‌സിയില്‍ നിന്നിറങ്ങുമ്പോള്‍ ദീപന്‍ കാണുകയായി എതിര്‍വശത്തെ വീടിനുമുന്പില്‍  ഒരാള്‍ക്കൂട്ടം.. മുന്നോട്ട് വെക്കുംതോറും പിറകോട്ട് വലിക്കുന്ന ചുവടുകള്‍... ആള്‍ക്കൂട്ടത്തിനിടയില്‍ ഹരിയേട്ടന്‍.. അയാള്‍ ദീപന്റെ കൈകളില്‍ പിടിച്ചു പറഞ്ഞു അവിടെ വെച്ചായിരുന്നു.. പുസ്തകങ്ങളുടെ നടുക്ക്..' എന്ന്.. അനുനിമിഷം സാന്ദ്രതയേറി വന്ന ഒരു മൗനത്തോടെ കഴിഞ്ഞ രാത്രിയിലെ കെട്ടുപോയ ആഘോഷങ്ങള്‍ ബാക്കിവെച്ച ക്രിസ്തുമസ് ട്രീയാലും  നക്ഷത്രങ്ങളാലും അലങ്കരിക്കപ്പെട്ട വരാന്തയിലൂടെ  അകത്തേക്ക് കയറി ദീപന്‍ ശീതീകരിച്ച പെട്ടിയില്‍ പൂര്‍ണ്ണചന്ദ്രനെപ്പോലെ ചിരിച്ചു കിടക്കുന്ന പോള്‍ സാറിന്റെ മുഖം നോക്കി നിന്നു.. ഏറെ നേരം.. നിസ്സംഗനായി..പിന്നെ ആ മുഖത്തെ നിലാവ് ഉറങ്ങാന്‍ തുടങ്ങുകയോ എന്ന് തോന്നിയ നിമിഷം അവിടെ നിന്നിറങ്ങി ആള്‍ക്കൂട്ടത്തെ വകഞ്ഞു മാറ്റി ദീപന്‍ ദൂരെ ഒരിടത്ത് ഒരു കസേരയില്‍ ചെന്നിരുന്നു .. അവിടെയിരുന്നു ദീപനോര്‍ത്തു ആരായിരുന്നു  തനിക്ക് പോള്‍ സാര്‍ എന്ന്.. അപ്പോള്‍ ഉത്തരം പറഞ്ഞത് ദീപന്റെ ആത്മാവ് തന്നെയായിരുന്നു നീയദ്ദേഹത്തിന് മകനായിരുന്നു എന്ന്.. ഉത്തരം കേട്ടിട്ടെന്നപോലെ അയാള്‍ അപ്പോള്‍  അയാളോട് തന്നെ ചോദിക്കുകയുണ്ടായി എനിക്കതിനു കഴിഞ്ഞിരുന്നുവോ?

പുസ്തകങ്ങള്‍ വായിച്ചു കൊണ്ടിരുന്ന രാത്രികളില്‍ ഒന്നില്‍ പോള്‍ സാര്‍ ദീപനോട് ചോദിച്ചിരുന്നു ഇത്രയും ദിവസങ്ങള്‍ ഞാന്‍ വായിച്ചു തന്നില്ലേ, ഇനിയെനിക്ക് കേള്‍ക്കാനാണ് മോഹം.. ദീപന്‍ വായിക്കൂ ഞാന്‍ കേള്‍ക്കാം എന്ന്.. അന്ന് ദീപന്റെ കൈകളില്‍ തടഞ്ഞത് ഒരു മലയാളപുസ്തകമായിരുന്നു. 'സന്തോഷ് ഏച്ചിക്കാനത്തിന്റെ' പ്രിയപ്പെട്ട കഥകളുടെ സമാഹാരം.. അതിലെ 'ഗ്രന്ഥലോകമെന്ന' കഥ.. ദീപന്‍ വായിച്ചുകൊടുക്കുന്നത് കേട്ടുകൊണ്ട് കണ്ണുകളടച്ചിരുന്നു പോള്‍ സാര്‍.. 'ഗ്രന്ഥലോകം' വായിച്ചു തീര്‍ത്തപ്പോള്‍  വായനാ ജീവിതത്തില്‍ ആദ്യമായി ദീപന്റെ  ശരീരത്തിലെ രോമങ്ങള്‍ എഴുന്നേറ്റു നിന്നു ദീര്‍ഘശ്വാസമെടുത്തു.
'ഒരു മഞ്ഞ് കാറ്റില്‍ എബ്രഹാം മരിച്ചു പോവുകയായിരുന്നല്ലോ. വെറും നിലത്ത് കിടന്ന അയാളുടെ മൃതദേഹത്തിന് മേല്‍ മേശപ്പുറത്തു നിന്നും അടര്‍ന്നു വീണ ഒരടുക്ക് പുസ്തകങ്ങള്‍.. ഏറ്റവും ആത്മബന്ധമുള്ള ഒരാളുടെ മരണം നേരില്‍ കാണേണ്ടി വന്നതിനാല്‍ പുസ്തകങ്ങള്‍ എബ്രഹാമിന്റെ ശരീരത്തിലേക്ക് വേരുകള്‍ പടര്‍ത്തി തങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നു..ഒടുവില്‍ ലോകം കണ്ട ഏറ്റവും മഹാനായ വായനക്കാരന്റെ  മൃതദേഹം ഏറ്റുവാങ്ങാന്‍ മുട്ടുകവിഞ്ഞ രോമക്കോട്ട് ധരിച്ച താടി വെച്ച ദീര്‍ഘകായനായ ഒരാള്‍ വന്നു ഫിയാഡോര്‍ മിഖലോവിച് ദോസ് തെയെവസ്കി..' എന്ന വരികള്‍ ദീപന്‍ വായിച്ചു നിര്‍ത്തിയപ്പോള്‍ കണ്ണുകള്‍ തുറന്ന് പോള്‍ സാര്‍ ചോദിച്ചു

"ഞാന്‍ മരിച്ചു കഴിഞ്ഞാല്‍ എന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ഏതെഴുത്തുകാരനായിരിക്കും കുതിരവണ്ടിയില്‍ വരിക?? " എന്ന്..
ദീപന്‍ തുടര്‍ന്നു വായിച്ചു.. അതില്‍ ഇങ്ങനെ എഴുതിയിരുന്നു
"ജീവിതത്തിലെ ഭാരിച്ച ഉത്തരവാദിത്തങ്ങളെല്ലാം കൃത്യനിഷ്ഠയോടെ പൂര്‍ത്തിയാക്കിയതിനു ശേഷം കുറച്ചുകാലം നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ജീവിക്കണം ഒരു വായനക്കാരന്റെ വേഷത്തില്‍.. അനുഭവങ്ങളില്‍ നിന്ന് വിട്ടുപോയ ഭാഗങ്ങള്‍ പൂരിപ്പിക്കാന്‍ പുസ്തകങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.."
വായിച്ചു തീര്‍ത്ത് പുസ്തകം മടക്കി വെച്ചപ്പോള്‍ ദീപന്‍ പോള്‍ സാറിനെ നോക്കി നിന്നു ആ മുഖത്ത് അയാള്‍ കണ്ടത്, 'ഗ്രന്ഥലോകത്ത്' ഒരു വായനക്കാരന്റെ വേഷത്തില്‍ ജീവിച്ചു തീര്‍ത്ത മനുഷ്യന്റെ ചാരിതാര്‍ഥ്യമായിരുന്നു.. ഒന്നും പറയാതെ നിറഞ്ഞു നിന്ന ചിരിയോടെ മുറിയില്‍ നിന്നിറങ്ങി പോവുകയായിരുന്നു പോള്‍ സാര്‍..

ഓര്‍മ്മകളില്‍ നിന്ന് പിടിഞ്ഞെഴുന്നേറ്റ ദീപന്‍ ചുറ്റും നോക്കി..ദീപന്‍ തിരയുകയായിരുന്നു ആള്‍ക്കൂട്ടത്തിനിടക്ക്  ആരാണ് വന്നിരിക്കുന്നത്.. കെ ആര്‍ പോളെന്ന വായനക്കാരന്റെ ദേഹം ഏറ്റുവാങ്ങുവാന്‍ ആരാണ് വന്നിരിക്കുന്നത്..? പക്ഷേ ആരെയും കണ്ടെത്താന്‍ ദീപന് കഴിഞ്ഞില്ല..
മരിച്ചുപോകുന്ന വായനക്കാരനെ തങ്ങളുടെയിടത്തേക്ക് കൂട്ടി കൊണ്ട് പോകുവാന്‍ വേണ്ടി കഥാകൃത്ത് തന്നെ വരത്തക്ക രീതിയില്‍  എബ്രഹാമിനെ പോലെ  വായന സാധ്യമാക്കുവാന്‍, അക്ഷരങ്ങളെ ഉപാസിക്കുവാന്‍  പോള്‍ സാറിന് കഴിഞ്ഞിരുന്നില്ല എന്ന് ദീപനപ്പോള്‍ മനസ്സിലാക്കുകയായിരുന്നു.. ഒപ്പം, വായനയുടെ സമുദ്രം എത്ര വിസ്തൃതമാണെന്നും. . ഒരു മോഹം കൂടി ദീപന്റെ മനസ്സില്‍ ആ നിമിഷം നാമ്പിട്ടു 'ശേഷിച്ച ജീവിതം തനിക്ക് ഏബ്രഹാമിനെപ്പോലെ ജീവിക്കണം. സന്തോഷ് ഏച്ചിക്കാനത്തിന്റെ ഗ്രന്ഥലോകത്തിലെ ഏബ്രഹാമിനെപ്പോലെ ' എന്ന്..

ഏറെ വൈകാതെ കെ ആര്‍ പോളിനെയും വഹിച്ചൊരു വിലാപയാത്ര പള്ളിയിലേക്ക് പുറപ്പെടുകയുണ്ടായി.. ആ യാത്രയുടെ അവസാനത്തെ കണ്ണിയായി തുടരവേ ദീപന്‍ ഓര്‍ക്കുകയായിരുന്നു ഈ യാത്ര ഇനിയൊരിക്കലും മടങ്ങി വരേണ്ടതില്ലാത്തതാണല്ലോ എന്ന്... ഉമിനീര്‍ വറ്റിപോയൊരു കണ് ീവുമായി ആ യാത്രയെ ഏറെ നേരം പിന്തുടരാനാകാതെ 'നളിനകാന്തി'യിലേക്ക് കയറിയ ചെന്ന  ദീപന്‍ ലൈബ്രറി മുറിയിലേക്ക് കടന്നു   ..  അവിടെ കഴിഞ്ഞ ദിവസം പോള്‍ സാര്‍ അവസാനമായി ഇരുന്ന കസേരയുണ്ടായിരുന്നു, കാലപ്പഴക്കത്താല്‍ നിറം മങ്ങി പോയൊരു കസേര..പക്ഷേ എതിര്‍വശത്ത് ദീപന് വേണ്ടി വാങ്ങിയിട്ട പുതിയ കസേരയെക്കാള്‍ തീര്‍ച്ചയായും ബലമുണ്ടായിരുന്നു  അതിന്.. മേശപ്പുറത്ത് ഒരു പുസ്തകമുണ്ടായിരുന്നു. . തൊണ്ണൂറ്റി രണ്ടു പേജുകള്‍ ഉള്ള ആ പുസ്തകം ആന്റണ്‍ ചെക്കോവിന്റെതായിരുന്നു... തുറന്ന് വെച്ച പുസ്തകം തന്നെ അതിന്റെ ഹൃദയത്തിലേക്ക് ഇരുകൈകളും നീട്ടി വിളിക്കുന്നതായി അനുഭവപ്പെട്ടു ദീപനപ്പോള്‍.. അയാള്‍ ആര്‍ക്കോ വേണ്ടി കാത്തിരിക്കുന്നു എന്ന് തോന്നിപ്പിക്കും വിധം ശൂന്യമായി കിടന്ന പോള്‍ സാറിന്റെ ഗന്ധമുള്ള  കസേരയില്‍ ഇരുന്ന് ആ പുസ്തകം കൈകളില്‍ എടുത്ത് വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു ഡൂ യു സീ ദാറ്റ് ട്രീ.. ഇറ്റ് ഈസ് ഡെഡ്.. ബട്ട് ഇറ്റ് സ്റ്റില്‍ സ്വെയ്‌സ് ഇന്‍ ദി വിന്‍ഡ് വിത്ത് ദി അതേര്‍സ്. ഐ തിങ്ക്, ഇറ്റ് വുഡ് ബി ലൈക് ദാറ്റ് വിത്ത് മി.. ദാറ്റ് ഇഫ് ഐ ഡൈഡ് ഐ വുഡ് സ്റ്റില്‍ ബി പാര്‍ട്ട് ഓഫ് ലൈഫ് ഇന്‍ വണ്‍ വെ ഓര്‍ അനദര്‍.. '

ദീപന്‍ ആ വരികളിലേക്ക് മുഖം പൂഴ്ത്തിയിരുന്നു.. പെട്ടെന്ന് 'ഹലോ മൈ ഡിയര്‍ ജന്റില്‍ മാന്‍' എന്ന് പോള്‍ സാര്‍  വിളിച്ചത്  ദീപന്റെ തണുത്തുറഞ്ഞു പോയ ആത്മാവ് മാത്രം കേട്ടു.. അല്ല.. അത് കെ ആര്‍ പോളിന്റെ ശബ്ദമായിരുന്നില്ല..  തുറന്ന് പിടിച്ച ആ പുസ്തകത്തിന്റെ ശബ്ദമായിരുന്നു... അതേ.. പുസ്തകങ്ങള്‍ സംസാരിക്കുന്നുണ്ടായിരുന്നു..



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക